Image

കാശി കാത്തു വെച്ച പാഠങ്ങള്‍ (ഗംഗയെ അറിയാന്‍ 11: മിനി വിശ്വനാഥന്‍)

Published on 04 May, 2019
കാശി കാത്തു വെച്ച പാഠങ്ങള്‍ (ഗംഗയെ അറിയാന്‍ 11: മിനി വിശ്വനാഥന്‍)
ഗംഗാ സ്‌നാനം കഴിഞ്ഞ് ദശാശ്വമേധ്ഘട്ടിലെത്തിയ ഞങ്ങള്‍ ഘാട്ടുകളിലെ പടവുകളിലൂടെ വെറുതെ കാഴ്ചകള്‍ കണ്ടു നടന്നു. ആദ്യമായി ഉത്സവം കാണുന്ന കുട്ടിയെ പോലെയായിരുന്നു ഞാന്‍.  ഓരോ കാഴ്ചകളും വീണ്ടും വീണ്ടും  മനസ്സിലുറപ്പിച്ചു. നാഗസന്യാസിമാരുടെ ടെന്റുകള്‍ക്കരികിലൂടെ ഒരു തവണ കൂടി നടന്നു. അജിത്ത് അഘോര സന്യാസിമാരുമായുണ്ടായ കൂടിക്കാഴ്ചയുടെ  അപൂര്‍വ്വാനുഭവങ്ങള്‍ വിവരിച്ചു. ഗംഗയില്‍ നിന്ന് വരുന്ന ഇളം കാറ്റിന്റെ സുഖത്തില്‍ അവിടെയങ്ങിനെ ചുറ്റി നടന്ന് കൊതി മാറുന്നുണ്ടായിരുന്നില്ല..

ശാന്തരായി അലഞ്ഞ് നടക്കുന്ന നായ്ക്കളെ  ഏറെക്കണ്ടു അവിടെ. കഴിഞ്ഞ ദിവസത്തെ വിശ്വനാഥ ദര്‍ശനത്തിന്റെ ക്യുവിനിടയില്‍ പോലും കാര്‍പ്പറ്റില്‍ സുഖമായ് ഉറങ്ങുന്ന ചില വീരന്‍മാരുണ്ടായിരുന്നു. ചവിട്ടിപ്പോയാല്‍ കണ്ണുകള്‍ കൊണ്ട് ഇങ്ങോട്ട് മാപ്പ് പറഞ്ഞ് തൊട്ടടുത്ത സ്ഥലത്ത് ചുരുളുന്ന മടിയന്‍മാര്‍.

പറഞ്ഞേര്‍പ്പാടാക്കിയിരുന്ന രാത്രിയിലത്തെ  ദര്‍ശനത്തിന്റെ വിവരങ്ങള്‍ അറിയാനും, കാശി യാത്രയുടെ ഓര്‍മ്മസൂക്ഷിപ്പുകള്‍ വാങ്ങാനുമായി സൗരഭിന്റെ ഷോപ്പിലെത്തി.(കോട്ടയം അയ്യപ്പാസിന്റെ പരസ്യം അനുയോജ്യമായ ഒരു കട യായിരുന്നു അത്.) ഒറിജിനല്‍ രുദ്രാക്ഷത്തിന്റെ ഏജന്റുമാത്രമായിരുന്നില്ല സ്വൗരഭ്. പിച്ചള വിഗ്രഹങ്ങളുടെ നല്ല ഒരു ശേഖരവും ഉണ്ടായിരുന്നു ആ കൊച്ചു കടയില്‍.  സീല് ചെയ്ത ഗംഗാജലവും  അന്നപൂര്‍ണ്ണയുടെ ഒരു ചെറിയ ഒരു രൂപവും ഞാനും സ്വന്തമാക്കി.

അവിടെ നിന്നിറങ്ങി വീണ്ടും ഞങ്ങള്‍ തിരക്ക് പിടിച്ച തെരുവുകളിലേക്ക് ചേര്‍ന്നൊഴുകി. തുണിത്തരങ്ങളും, കൗതുകവസ്തുക്കളും കളിപ്പാട്ടങ്ങളും, ചെരിപ്പുകടകളും  നിറഞ്ഞു കിടക്കുന്ന വര്‍ണ്ണശബളമായ തെരുവുകളിലൂടെ പ്രസിദ്ധമായ മണികര്‍ണ്ണികാ ഘട്ടിലേക്കുള്ള വഴിയില്‍ എത്തി.

കാശിയിലെത്തിയാല്‍ അറിയേണ്ടതും, അനുഭവിക്കേണ്ടതുമായ കാര്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു അവിടത്തെ "ബ്ലൂലസ്സി "  ഷോപ്പിലെ തണുത്ത ലസ്സി എന്ന അനുഭവം. അതിനായി തിരഞ്ഞു നടക്കാന്‍ സമയമില്ലാത്തത് കൊണ്ട് പ്രതീക്ഷയോടെ ഒരോ കടയിലേക്കും എത്തി നോക്കി ഇതാണോ അത് എന്ന് ആഗ്രഹത്തോടെ പരിശോധിച്ചു കൊണ്ടിരുന്നു ഞാന്‍. വഴിതിരിയുന്നതിനിടെ അപ്രതീക്ഷിതമായാണ് ഞങ്ങളുടെ മുന്നില്‍ "ബ്ലൂലസ്സി" എന്ന പേര് തെളിഞ്ഞു വന്നത്. ആലോചിക്കാനൊന്നുമുണ്ടായില്ല. ബ്ലൂ ലസ്സിയെ കണ്ടു പിടിച്ച സന്തോഷത്തില്‍ അവിടെക്ക് ഓടിക്കയറി. നാട്ടിലെ കണാരേട്ടന്റെ ചായക്കടപോലെ കുറെ ബെഞ്ചുകള്‍ നിരത്തിയിരിക്കുന്ന പുരാതനമായ ഒരു കടയായിരുന്നു അത്. തെരുവിനെ അഭിമുഖീകരിച്ച് പടിഞ്ഞിരുന്ന് ഒരു ചെറുപ്പക്കാരന്‍ പാരമ്പര്യരീതിയില്‍  തൈരും പാലും ആനുപാതികമായി ചേര്‍ത്ത് കടകോലുകൊണ്ട് പാകപ്പെടുത്തി ലസ്സി തയ്യാറാക്കുന്നുണ്ടായിരുന്നു. പഴവര്‍ഗ്ഗങ്ങളും, മറ്റ് അനുസാരികളും ചേര്‍ത്ത് ലസ്സിയുടെ രുചി ഭേദങ്ങള്‍ അവന്‍ ഉണ്ടാക്കിക്കൊണ്ടേയിരുന്നു.

യാതൊരു പ്രത്യേകതയുമില്ലാത്ത , ജീര്‍ണ്ണിച്ചതായി തോന്നുന്ന ആ കടയുടെ ചുവര് നിറയെ വിവിധ രാജ്യക്കാരുടെ ഫോട്ടോകളും ഓട്ടോഗ്രാഫുകളും കൊണ്ട് നിറഞ്ഞിരുന്നു. മലയാളിയുടെ വൃത്തിബോധത്തിന്റെ ഏഴയലത്ത് പോലും എത്താത്ത ഈ കടയില്‍ വിദേശികളായ സഞ്ചാരികള്‍ കൂട്ടം കൂടിയിരിക്കുന്നുണ്ട്.. ഫാര്‍ ഈസ്റ്റ് രാജ്യക്കാര്‍ക്ക് വളര പ്രിയമാണീ ബ്ലുലസ്സി രുചി. അവരാണ് ഇതിന്റെ പ്രശസ്തി ലോകം മുഴുവന്‍ പരത്തിയത്.

ഞങ്ങളുടെ ബെഞ്ച് ഷെയര്‍ ചെയ്തത് കേസര്‍ലസ്സി രുചിച്ചു കൊണ്ടിരിക്കുന്നത് ഒരു കനേഡിയന്‍ പൗരനാണ്.  യാത്രകള്‍ക്ക് വേണ്ടി ജീവിക്കുന്ന, സമ്പാദിക്കുന്ന ഒരു ടൂറിസ്റ്റായിരുന്നു അയാളും. കേരളത്തില്‍ നിന്നാണ് അയാള്‍ വാരണാസിയില്‍ എത്തിയത്. കേരളത്തോട് പ്രത്യേക ഇഷ്ടമുണ്ട് അദ്ദേഹത്തിന്.  പല തവണ ഇന്ത്യ സന്ദര്‍ശിച്ചുണ്ട്. കൂട്ടത്തില്‍ വാരണാസിയും. ഓരോ തവണ യാത്ര പറയുമ്പോഴും തിരിച്ചു വിളിക്കുന്ന നഗരമാണിത് അയാള്‍ക്ക്. അസൗകര്യങ്ങള്‍ സൗകര്യങ്ങളാക്കി മാറ്റാന്‍ പഠിക്കണമെന്നാണ് യാത്ര പ്രിയര്‍ക്ക് അയാള്‍ നല്‍കുന്ന പൊടിക്കൈ.അയാള്‍ തന്റെ രണ്ടാമത്തെ പാത്രം ലസിക്കു വേണ്ടി കാത്തിരിക്കുകയാണ്;
ഞങ്ങളും ആ കാത്തിരിപ്പിന് കൂട്ടു ചേര്‍ന്നു. ഇരു നാടുകളുടെയും വിശേഷങ്ങള്‍ പങ്കുവെച്ച് കൊണ്ട്.

ഞാന്‍  കടയുടെ  ചുറ്റുപാടും വീക്ഷിക്കുന്നതിനിടയിലാണ് "ഹര ഹര" എന്ന നാമജപത്തോടും, തുടികൊട്ടലിന്റെ അകമ്പടിയോടും കൂടി ചുവന്ന പുതപ്പ് കൊണ്ട് മൂടിപ്പുതച്ച ഒരു ശവശരീരവുമായി ഒരാള്‍ക്കൂട്ടം നടന്ന് നീങ്ങിയത്. അലമുറകളോ വിലാപങ്ങളോ, നെടുവീര്‍പ്പുകളോ കൂടെയില്ലാത്ത ഒരു അന്ത്യയാത്ര. ലസ്സി കഴിക്കുന്നവരോ   ഉണ്ടാക്കുന്നവരോ ഈ കാഴ്ചക്ക് നേരെ  ഒന്ന് തലയുയര്‍ത്തി നോക്കിയത് പോലുമില്ല ..
ലസ്സിയുണ്ടാക്കുന്ന ചെറുപ്പക്കാരന്‍ ഒരു നുള്ള് കേസര്‍  ലസ്സിയുടെ മുകളില്‍ തൂവി അടുത്ത മണ്‍പാത്രം കൈയിലെടുത്തു ..

ഒട്ടും പരിചിതമല്ലാത്ത ഈ കാഴ്ചയില്‍  മനസ്സ് ഒന്നു നൊന്തു. ഞാനറിയാതെ നെഞ്ചിലൊരു പാറക്കല്ല് വീണു. അഞ്ച് മിനിട്ടുള്ളില്‍ വീണ്ടും ഇതുപോലെ ചുവന്ന വര്‍ണ്ണപ്പുതപ്പിനുള്ളില്‍ നിതാന്തശയനത്തിലമര്‍ന്ന് ഒരു ശരീരം കൂടി ....കൊട്ടും പാട്ടുമായി ആഘോഷത്തോടെ ശരീരം അരങ്ങൊഴിയുകയാണ്. മണി കര്‍ണ്ണികാ ഘട്ടിലേക്കുള്ള പടവുകളിലേക്കുള്ള വഴിയാണ് ഇത്. അവിടെ കത്തിയൊടുങ്ങിയാല്‍ മോക്ഷപ്രാപ്തി നിശ്ചയം. പുകപിടിച്ച ഗോപുരങ്ങളും ഉണക്ക് വിറകുകള്‍ അട്ടിയട്ടിയായി അടുക്കി വെച്ച പടവുകളും പൂമാലകളും ഒരു വശത്ത് കൂടിക്കിടക്കുന്ന ചുവന്ന തുണികളും ജീവിതത്തിന്റെ മറ്റൊരു വശം വ്യക്തമാക്കി. എല്ലാവരും തിരക്കിലാണ്.. സമാധാനത്തിലാണ്. ദേഹിയുടെ പരമമായ മോക്ഷത്തിന് തങ്ങളും കാരണക്കാരാവുന്നുവെന്ന സന്തോഷത്തിലാണ്.

തിരിച്ചറിവിന്റെ നിമിഷം ആശ്വാസത്തിന്റെതായിരുന്നു. ചുറ്റുപാടുകളെ മറ്റൊരു ഭാവത്തോടെ മനസ്സ് സ്വീകരിച്ചു. കാത്തിരിപ്പിനവസാനം ഫ്രൂട്ട്‌ലസ്സി കൈയിലെത്തി. ലസ്സിയുടെ വിവിധ രുചികള്‍ ആസ്വദിക്കുന്ന വിദേശ സഞ്ചാരികള്‍ ഫോട്ടോ എടുക്കുന്നു. ഷെയര്‍ ചെയ്യുന്നു. ഒരു കൊറിയന്‍ ചാനല്‍ വലിയ മൈക്കുമായി വന്ന്  ഹിന്ദിയില്‍ ഇന്റര്‍വ്യു എടുക്കുന്നു . മുഖമൊന്ന്  തുടക്കാന്‍ പോലും മിനക്കെടാതെ ഹിന്ദിയില്‍ മറുപടി പറയുകയും ഫോട്ടോയ്ക് പോസ് ചെയ്യുകയും ചെയ്തു അവന്‍. അവനിത് പുതുമയല്ല.

ഈ തിരക്കുകള്‍ക്കിടയില്‍  ആഘോഷമായി കൊട്ടിപ്പാടലിന്റെ അകമ്പടിയോടെ ഓരോ ശരീരങ്ങള്‍ മോക്ഷമാര്‍ഗ്ഗം തേടി യാത്രയാവുന്നു.

രുചിയില്‍ കേമനായിരുന്നു ആത്മാവിലേക്ക് തണുപ്പും മധുരവും അലിയിച്ചിറക്കുന്ന ഫ്രൂട്ട്‌ലസ്സി... വിശ്വേട്ടന്‍ കുങ്കുമപ്പൂവിന്റെ മഞ്ഞ മധുരത്തില്‍ ലയിച്ചു. കൂട്ടത്തില്‍ ഉണക്ക് മുന്തിരിയും പിസ്തയും ബദാമും ചേര്‍ന്നിരുന്നു രുചി കൂട്ടാന്‍. ആ കടയില്‍ ഫ്രിഡ്ജ് ഇല്ലാതിരുന്നിട്ട് പോലും മണ്‍പാത്രത്തില്‍ വിളമ്പിയ ലസ്സിക്ക് നല്ല തണുപ്പ് .

പാരമ്പര്യത്തിന്റെ തണുപ്പും രുചിയും കാത്തു സൂക്ഷിക്കുന്ന ആ കടക്ക് തൊണ്ണൂറ് കൊല്ലത്തിലധികം പഴക്കമുണ്ട്.  എം ബി എ കഴിഞ്ഞ പേരക്കുട്ടിയെ പോലെ പടിഞ്ഞിരുന്ന് ലസ്സി പാകമാക്കുന്ന പ്രപിതാമഹന്‍മാരുടെ ചിത്രങ്ങളും ആ കൂട്ടത്തില്‍ ചില്ലിട്ടു വെച്ചിട്ടുണ്ടായിരുന്നു. മണി കര്‍ണ്ണികാ തീരത്ത് ആത്മാക്കളുടെ കാവല്‍ക്കാരനായി സഞ്ചാരികള്‍ക്ക് മധുരമൂട്ടുന്നത് അവരുടെ നിയോഗമായിരിക്കാം.

ഓരോ അഞ്ച് മിനുട്ടിനിടക്കും  ദേഹിയൊഴിഞ്ഞ ദേഹങ്ങള്‍ കടന്നു പോയിക്കൊണ്ടിരുന്നു. അവസാനത്തെ ശരീരത്തെ നിര്‍വ്വികാരയായി യാത്രയയക്കാന്‍ എന്റെ മനസ്സും പാകപ്പെട്ടിരുന്നു. അത് നോക്കി നിര്‍വ്വികാരമായി ലസ്സിനുണയാനും...
ജീവിതത്തിലെ പാഠപുസ്തകത്തിലൊരു പേജ് ഹൃദിസ്ഥമായി അന്ന്. അനുഭവത്തിലൂടെ.
കാശി കാത്തു വെച്ച പാഠങ്ങള്‍ ഇതുമായിരിക്കാം.

യാത്ര തുടരുകയാണ്, അവിസ്മരണീയ ദര്‍ശനത്തിന്...
ശിവപാര്‍വ്വതിമാരുടെ മംഗല്യത്തിന് സാക്ഷിയാവാന്‍ ...
വൈകീട്ട് വീണ്ടും ദര്‍ശനപുണ്യത്തിലേക്ക്..

കാശി കാത്തു വെച്ച പാഠങ്ങള്‍ (ഗംഗയെ അറിയാന്‍ 11: മിനി വിശ്വനാഥന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക