Image

ഉയരെ' മലയാള സിനിമയുടെ പുത്തന്‍ ഉണര്‍വ് (ജോസ് കാടാപുറം)

Published on 05 May, 2019
ഉയരെ' മലയാള സിനിമയുടെ പുത്തന്‍ ഉണര്‍വ് (ജോസ് കാടാപുറം)
ഉയരെ സിനിമയെ കുറിച്ച എഴുതിയതെല്ലാം വായിച്ചു ഏറെ പ്രതീക്ഷയോടെയാണു ഞങ്ങള്‍ ന്യൂയോര്‍ക്കിലെ മാവേലിമലയാളീ മൂവി തീയറ്ററില്‍ എത്തിയത്. എന്നാല്‍ പ്രതീക്ഷിച്ചതിലും മികച്ചത് ആയിരുന്നു എന്ന് പറയാതിരിക്കാന്‍ കഴിയില്ല.

കുടുംബം കുഞ്ഞുങ്ങള്‍ പ്രത്യേകിച്ച പെണ്‍കുട്ടികള്‍ അവരെ വളര്‍ത്തി വലുതാക്കുന്നവര്‍ക് ആല്മവിശ്വാസം ചില്ലറയല്ല ഈ സിനിമയില്‍ നിന്നും കിട്ടുന്നത്. അതുകൊണ്ടു മാത്രമല്ല നല്ലൊരു സിനിമ, അഭിനയത്തിലും, തിരക്കഥയിലും, സംവിധാനത്തിലും കാണിക്കുന്ന മികവ് നമ്മളെ നല്ലൊരു അനുഭവത്തിലേക്ക് കൊണ്ടുപോകും .

ആസിഡ് ആക്രമണം നേരിട്ട ഒരു പെണ്‍കുട്ടിയുടെ അതിജീവന ശ്രമങ്ങള്‍ എന്ന രീതിയില്‍ നില്‍ക്കുമ്പോഴും അതിനപ്പുറം പല്ലവി (പാര്‍വതി ) എന്ന പെണ്‍കുട്ടിയുടെ സ്വകാര്യ ജീവിതത്തിലേക്കും അവള്‍ക്കു ചുറ്റും ഉള്ളവരിലേക്കും ഒക്കെ സ്വാഭാവികമായി കടന്നു ചെന്ന്പുതിയ അനുഭവം തരുന്നുണ്ട് പലപ്പോഴും ഉയരെ.

പാര്‍വതി എന്ന നടിയുടെ ഒറ്റയ്ക്കുള്ള പ്രകടനത്തില്‍ അല്ല, സിനിമയില്‍ വന്നും പോയും ഇരിക്കുന്ന, അവള്‍ക്കു ചുറ്റുമുള്ളവര്‍ക്കും അവള്‍ക്കും ഇടയിലെ കൊടുക്കല്‍ വാങ്ങലുകളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ആസിഡ് ആക്രമണത്തിന്റെ സര്‍വൈവര്‍ പല്ലവി എന്നതിനപ്പുറം പല്ലവി എന്ന മകളുടെയും കാമുകിയുടെയും സുഹൃത്തിന്റെയും ഒക്കെ കഥയാക്കാന്‍ ശ്രമിച്ചിട്ടുണ്ട് ഉയരെ. പല്ലവി എന്ന കോളേജ് വിദ്യാര്‍ത്ഥിനിയുടെ, പൈലറ്റ് ട്രെയിനിയുടെ, തെറ്റായ തെരഞ്ഞെടുപ്പിന്റെ ഭാരം പേറുന്ന ഒരു സ്ത്രീയുടെ, അപ്രതീക്ഷിത ദുരന്തം നേരിടുന്നവളുടെ, അതിജീവിക്കാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്നവളുടെ ഒക്കെ കഥയാണ് ഉയരെ.

ഓരോ കുഞ്ഞു കാര്യത്തിനും കാമുകനോട് വിധേയത്വത്തോടെ, ഭയത്തോടെ അനുവാദം ചോദിച്ചിരുന്ന പല്ലവി, ഓരോന്നും ചോദിച്ചു ചെയ്യുന്നതിലെ സുഖം തന്റെ കൂട്ടുകാരിയോട് നാണത്തോടെ പറഞ്ഞിരുന്ന പല്ലവി, ഏറ്റവും അവസാനത്തെ കച്ചിത്തുരുമ്പായ തൊഴിലിടത്തില്‍ പോലും തന്റെ നിലപാടില്‍ വിട്ടുവീഴ്ച ഇല്ലാത്തവളായി വളരുന്നു. ഇതാണ് ഏറിയും കുറഞ്ഞും ഒക്കെ നമ്മള്‍ കേട്ട ഇത്തരം സര്‍വൈവേഴ്സിന്റെയും കഥ. എന്നാല്‍ ഉയരെ ഉണര്‍ത്തുന്ന വെല്ലുവിളി മലയാളിയുടെ പുരുഷ മേധാവിത്തത്തിനു കിട്ടിയ അടി മാത്രമല്ലമലയാള സിനിമയില്‍ഒരു സ്ത്രീ (പാര്‍വതി ) മെഗാ സ്റ്റാര്‍ ആകുന്ന കാലമാണ് സൂചിപ്പിക്കുന്നത് .

സമാന്തരമായി ഇതിലെ കഥാപാതര്‍ങ്ങള്‍ ഒരോന്നും വലിയ പ്രതീക്ഷ നല്‍കുന്നു എന്നത്ഉയരെയുടെ മൂല്യം കൂട്ടുന്നു. കൂടാതെടൊവീനോ തോമസ്, ആസിഫ് അലി, സിദ്ധിഖ് എന്നിവരുടെ മികച്ച കഥപാത്രങ്ങള്‍.ടോവിനോയുടെ വിശാല്‍ എന്ന കഥാപാത്രം നമ്മുടെ മനസ്സില്‍ നിന്ന് പോകില്ല.ടൊവിനോ ചെയ്ത വിശാല്‍ രാജശേഖരന്‍ സംസാരിക്കുന്നത് സൗന്ദര്യത്തിന്റെ ഒരു നിര്‍വചനത്തെ കുറിച്ചാണ്. ബുദ്ധിയുണ്ട്, ഹൃദയമുണ്ട്, സൗന്ദര്യത്തെ നമുക്ക് മറ്റൊരു രീതിയില്‍ നിര്‍വചിച്ചു കൂടെയെന്നാണയാള്‍ ചോദിക്കുന്നത്. വളരെ പ്രസക്തമായി ഞങ്ങള്‍ക്കും തോന്നിയ കാര്യമാണത്. ഒരാളെ നമ്മള്‍ അളക്കുന്നത് അയാളുടെ മുഖസൗന്ദര്യം നോക്കിയാണ്.

മുഖത്തെ സൗന്ദര്യമാണ് ഒരു സ്ത്രീയെ സുന്ദരിയെന്നു വിളിക്കാന്‍ നാം അടിസ്ഥാനമാക്കുന്നത്. ശരാശരി മുഖസൗന്ദര്യമുള്ളൊരു സ്ത്രീ നല്ലൊരു വ്യക്തിയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ സുന്ദരിയാണ്. നോക്കുന്നൊരാളുടെ കണ്ണിലാണ് മറ്റൊരാളുടെ സൗന്ദര്യമെന്നു നൂറ്റാണ്ടുകള്‍ക്കു മുന്നെ ഇവിടെ ഉണ്ടായിട്ടുള്ള ചിന്തയാണെങ്കിലും ഇന്നും നമ്മുടെ സമൂഹത്തില്‍ മുഖസൗന്ദര്യമാണ് അവസാന വാക്ക്. ആസിഡ് ആക്രമണം നേരിട്ട ഒരു സ്ത്രീപല്ലവി ഹൃദയത്തില്‍ നന്മയുള്ളവളാണെങ്കില്‍ സുന്ദരി തന്നെയാണെന്നു വിശാല്‍ പറയുന്നത്, ഇത്തരം സാമൂഹ്യബോധത്തെ തിരുത്താനാണ്.

ആസിഫ് അലിയുടെ കാമുകനായുള്ള റോളില്‍ തിളങ്ങിപുരുഷ മേധാവിത്വമുള്ള സമൂഹത്തില്‍, കാമുകനായാലും ഭര്‍ത്താവായാലും അവര്‍ പറയുന്ന ചട്ടക്കൂടില്‍ സ്ത്രീ ജീവിക്കണമെന്നാണ് നിര്‍ബന്ധം. അതിനെയാണ് പല്ലവി തകര്‍ക്കുന്നത്. ഓവര്‍ പൊസസ്സീവ് ആയിട്ടുള്ള കാമുകന്‍, അവന്‍ അറിയാതെ അവള്‍ ഒന്നും ചെയ്യരുത്. അവന്‍ പറയും പോലെ മാത്രം ജീവിക്കാന്‍ പറ്റില്ലെന്നായപ്പോഴാണ് ഇനിയെനിക്ക് ഇങ്ങനെ ജീവിക്കാന്‍ സാധിക്കില്ല എന്ന തീരുമാനം പല്ലവി എടുക്കുന്നത്. അവിടെയാണവള്‍ പറയുന്നത്, 'എനിക്ക് ഇഷ്ടമുള്ള പോലെ ജീവിക്കണം, നിനക്ക് ഇഷ്ടമുള്ള ഞാനല്ല, എനിക്ക് ഇഷ്ടമുള്ള ഞാനായിട്ട് എന്ന്'.

ഇന്നത്തെസ്ത്രീസമൂഹംഅങ്ങനെയൊരു ചിന്താഗതി പേറുന്നവരാണ്. അങ്ങനെ അവര്‍ അടിച്ച അമര്‍ത്തുന്നതില്‍ നിന്ന് ഉയിര്‍ത്തെഴുനെല്‍കണം അതിന്റെ കഥയാണ് ഈ സിനിമ. നിങ്ങള്‍ കണ്ട പുലിമുരുകനോ, ലൂസിഫെറോ, ഒന്നും ഉയരേയുടെമുമ്പില്‍ ഒന്നുമല്ല. പാര്‍വതിയുടെ അഭിനയത്തിന്റെ മുമ്പില്‍ ഒന്നുമല്ല എന്ന് പറയുന്നത് ഉത്തമ ബോധ്യത്തോടെ തന്നെയാണ്

ഇതിന്റെ തിരക്കഥാകൃത്താക്കളായ സഞ്ജയ്, ബോബി സഹോദരന്മാര്‍, സംവിധയകന്‍ മനു അശോകന്‍ എന്നിവര്‍ അഭിനന്ദനം അര്‍ഹിക്കുന്നുഇതിനു എല്ലാം പുറമെ പാര്‍വതി തിരുവോത്തിനെകുറിച്ച് പറയാതിരിക്കാന്‍ വയ്യ.അവര്‍ മലയാളീ പെണ്‍കുട്ടികള്‍ക്ക് അഭിമാനം തന്നെയാണ്. അവര്‍ ഫെമിനിച്ചിയോ കുലസ്ത്രീയോ ആരുമാകട്ടെ പക്ഷെ എന്തുകൊണ്ട് പാര്‍വ്വതി എന്ന ചോദ്യത്തിന് മറുപടികള്‍ പിന്നെയും നിരവധിയാണ്, തന്നെ സര്‍ക്കസ് കൂടാരത്തിലെ കുരങ്ങിനോട് ഉപമിച്ച ജൂഡ് ആന്റണിയോട് ഓട് മലരേ കണ്ടം വഴി (ഛങ്ങഗഢ) എന്ന് സോഷ്യല്‍ മീഡിയയിലൂടെ പാര്‍വതി നല്‍കിയ മറുപടി മലയാളിക്ക് അടുത്ത കാലത്തൊന്നും മറക്കാന്‍ കഴിയില്ല.

കാരണം പാര്‍വ്വതി മറുപടി നല്‍കിയത് ജൂഡ് ആന്റണിക്കാണെങ്കിലും അത് കൃത്യമായി ചെന്നു തറച്ചത് ഇതേ സമൂഹത്തില്‍/കുടുംബത്തില്‍/ എല്ലാ ഇടത്തും പെണ്ണിനെ സര്‍ക്കസ് കൂടാരത്തിലെ കുരങ്ങിനോട് സാദൃശ്യപ്പെടുത്തി ജീവിക്കുന്ന, അതുവഴി ലഭിക്കുന്ന പ്രിവിലേജില്‍ കഴിഞ്ഞു കൂടുന്ന മുഴുവന്‍ പാട്രിയാര്‍ക്കി ബൊധത്തിനും മേലാണ്, അതാണ് ഈ സമൂഹത്തിലെ സകല പാട്രിയാര്‍ക്കി മലരുകളും ആ നാളുകളില്‍ ഉറഞ്ഞു തുള്ളുന്നത് കണ്ടത്.

ഫെമിനിച്ചി, അഴിഞ്ഞാട്ടക്കാരി, തന്റേടി, കൂത്തിച്ചി, വെടി, എന്നു തുടങ്ങി സ്വന്തം ശബ്ദം/നിലപാട് ഉയര്‍ത്താന്‍ ശേഷിയുള്ള ഒരു പെണ്ണിനെ ഒതുക്കാനായി ഉപയോഗിച്ച് വരുന്ന എല്ലാ അടവുകളും പയറ്റി നോക്കി മേല്‍പ്പറഞ്ഞ കൂട്ടര്‍. ശബരിമല വിഷയത്തില്‍ തന്റേതായ നിലപാടുകള്‍ തുറന്നു പറഞ്ഞ, ജനാധിപത്യം അപകടാവ്സ്ഥയിലാണെന്ന കാര്യം താന്‍ മനസിലാക്കുന്നു, അതുകൊണ്ടാണ് തിരക്ക് മാറ്റിവെച്ച് വോട്ട് ചെയ്യുന്നത് എന്ന് പറയുന്ന ജീവിക്കുന്ന സമൂഹത്തെ കുറിച്ച് വ്യക്തമായ രാഷ്ട്രീയ ബോധവും, നിലപാടുകളും, തന്നിലും, താന്‍ ഇടപെടുന്ന മേഖലയിലും മാറേണ്ടേ കാഴ്ചപ്പാടുകളെ കുറിച്ച് കൃത്യമായ ധാരയുള്ള, ഉറച്ച നിശ്ചയദാര്‍ഢ്യം ഉള്ള ഒരു സ്ത്രീയാണ് പാര്‍വതി.

ഏതാണ്ട് സമാനമായ ധാരണകള്‍ വച്ചുപുലര്‍ത്തുന്ന ധാരാളം വനിതകളുണ്ട് നമ്മുടെ കേരളത്തില്‍ എന്നുള്ളതു മലയാളിക്കും മലയാള സിനിമക്കും ഒക്കെ അഭിമാനം തരുന്നതാണ് .ഏറെ പ്രിയപ്പെട്ട അമേരിക്കന്‍ മലയാളീ സുഹൃത്തുക്കള്‍ ഈ സിനിമ കാണണമെന്നു ആഗ്രഹിക്കുന്നു . 
ഉയരെ' മലയാള സിനിമയുടെ പുത്തന്‍ ഉണര്‍വ് (ജോസ് കാടാപുറം)ഉയരെ' മലയാള സിനിമയുടെ പുത്തന്‍ ഉണര്‍വ് (ജോസ് കാടാപുറം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക