Image

ചിരിവരം- (കവിത : മാര്‍ഗരറ്റ് ജോസഫ്)

മാര്‍ഗരറ്റ് ജോസഫ് Published on 08 May, 2019
ചിരിവരം-  (കവിത : മാര്‍ഗരറ്റ് ജോസഫ്)
ചിരിവരമാകുന്ന,
മാനവജന്മങ്ങള്‍,
മന്നിന്‍ മകുടങ്ങള്‍,
സൗന്ദര്യധാമങ്ങള്‍,
മനനം ചെയ്യുന്ന,
മനസ്സിന്നുടമകളായ്,
സൗഹൃദമധുചിന്നി,
നിര്‍വൃതിയേകുന്നോ?
വാഴ് വിന്‍ പൂവനിയില്‍,
വിടരും നന്മകളാല്‍,
ഹൃദയസമാധാനം,
തളിരണിയും നേരം;
ചെഞ്ചൊടിയിതളുകളില്‍,
പൂഞ്ചിരി നാളങ്ങള്‍,
നന്മുഖമുദ്രകളായ്,
എന്തൊരു പരിവേഷം!
കാര്‍മുകില്‍നിരയിടയില്‍,
വാര്‍മഴവില്‍ക്കൊടിപോല്‍;
വേനല്‍വിശാലതയില്‍,
തെന്നല്‍ വിശറികള്‍പോല്‍,
തരിശുനിലത്തൊഴുകും,
പുതുമഴമുത്തുകള്‍പോല്‍;
ഇരുള്‍വഴിയോരത്ത്്,
നിറദീപാവലിപോല്‍;
ധരയിലമാവാസി,
തിരയും പൗര്‍ണ്ണമിപോല്‍;
കണ്‍കരള്‍കവരുന്ന,
മൃദുമന്ദസ്‌മേരം,
നിര്‍മ്മലവദനത്തില്‍,
പൂത്തിരി കത്തുമ്പോള്‍,
തിന്മകള്‍ തിങ്ങുന്ന,
ഉള്ളൊരു ശാദ്വലമായ്,
അക്കുളിര്‍തീര്‍ത്ഥത്തില്‍,
മുങ്ങിപ്പൊങ്ങുകയായ്;
ആനന്ദത്തിരകള്‍,
പൊട്ടിച്ചിരിയാകാന്‍,
ആമയമേറുമ്പോള്‍,
പൊട്ടിക്കരയാനും,
പുത്തനുണര്‍വാര്‍ന്ന്,
സത്കര്‍മ്മം ചെയ്യാന്‍,
ചെറുപ്പം വലുതാകാന്‍,
നര്‍മ്മരസം പകരാന്‍,
്അനുഗ്രഹദായകമാം,
സൃഷ്ടിനിയോഗങ്ങള്‍,
ഓര്‍ക്കിന്‍ നരനെന്യേ,
മറ്റാര്‍ക്കീ ഭൂവില്‍?
ശാന്തിനികേതനമായ്,
ജീവിതമീ വഴിയില്‍,
പൂപ്പുഞ്ചിരിതൂകി,
സാന്ത്വനമേകട്ടെ.

ചിരിവരം-  (കവിത : മാര്‍ഗരറ്റ് ജോസഫ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക