Image

കര്‍ണാടക ഡിജിപി നിയമനം: ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

Published on 24 April, 2012
കര്‍ണാടക ഡിജിപി നിയമനം: ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
ന്യൂഡല്‍ഹി: ഡിജിപിയായി ശങ്കര്‍ ബിദരിയെ നിയമിച്ച നടപടി റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.

സീനിയോറിറ്റി മറികടന്നതായി ആരോപിച്ച് മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ എ.ആര്‍. ഇന്‍ഫന്റ് നല്‍കിയ പരാതിയില്‍ ബിദരിയുടെ നിയമനം കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനെതിരേ ബിദരി നല്‍കിയ ഹര്‍ജിയിലാണ് ട്രിബ്യൂണല്‍ വിധി ഹൈക്കോടതി ശരിവെച്ചതും ബിദരിക്കെതിരേ കോടതി രൂക്ഷവിമര്‍ശനം നടത്തിയതും. വീരപ്പന്‍ വേട്ടയ്ക്കായി കര്‍ണാടകവും തമിഴ്‌നാടും സംയുക്തമായി രൂപീകരിച്ച പ്രത്യേക ദൗത്യസംഘത്തിന്റെ ഡെപ്യൂട്ടി കമാന്‍ഡറായിരുന്നു ശങ്കര്‍ ബിദരി. വീരപ്പന്‍ വേട്ടയ്ക്കിടെ ദൗത്യസംഘാംഗങ്ങള്‍ ആദിവാസി സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ചതായി ആരോപണമുയര്‍ന്നിരുന്നു. ഈ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു ബിദരിക്കെതിരേ കോടതിയുടെ വിമര്‍ശനം. 

എന്നാല്‍ ജസ്റ്റീസ് സദാശിവ കമ്മീഷന്റെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും കണ്‌ടെത്തലുകള്‍ ഹൈക്കോടതി പരിഗണിച്ചില്ലെന്നും ഈ റിപ്പോര്‍ട്ടുകളില്‍ തനിക്ക് ഇതില്‍ പങ്കില്ലെന്ന് വ്യക്തമാക്കുന്നുണ്‌ടെന്നുമായിരുന്നു സുപ്രീംകോടതിയില്‍ ശങ്കര്‍ ബിദരി വാദിച്ചത്. തുടര്‍ന്ന് കേസ് വീണ്ടും പരിഗണിക്കാനും മെയ് 31 നകം തീരുമാനമെടുക്കാനും സുപ്രീംകോടതി ഹൈക്കോടതിയോട് നിര്‍ദേശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക