Image

പാടുന്നു പാഴ്മുളം തണ്ടു പോലെ (അനുഭവക്കുറിപ്പുകള്‍ 5: ജയന്‍ വര്‍ഗീസ്)

Published on 09 May, 2019
പാടുന്നു പാഴ്മുളം തണ്ടു പോലെ (അനുഭവക്കുറിപ്പുകള്‍  5: ജയന്‍ വര്‍ഗീസ്)
അയല്‍ക്കാരനായ കച്ചവടക്കാരന്റെ  പലവ്യഞ്ജനപ്പീടിക അന്നും നല്ല നിലയില്‍ നടക്കുന്നുണ്ടായിരുന്നു. ഈ കച്ചവടം കൊണ്ട് അദ്ദേഹം ഒരു പണക്കാരനായിട്ടാണ് നാട്ടില്‍ അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്‍റെ ഭാര്യ, വീട്ടില്‍ വച്ച് അരിക്കച്ചവടവും നടത്തിയിരുന്നു. ധാരാളം വസ്തു വകകള്‍ അദ്ദേഹം വാങ്ങിക്കൂട്ടിയിരുന്നു. കുടുംബ വസ്തുവിന്റെ അവകാശത്തര്‍ക്കങ്ങളോട് ബന്ധപ്പെട്ട് സ്വന്തക്കാരോട് ചില അക്രമങ്ങള്‍ നടത്തിയിരുന്നതായും ആളുകള്‍ പറഞ്ഞിരുന്നു.

കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയിരുന്നത് ഞാനായിരുന്നു. എട്ടോ, ഒന്‍പതോ വയസുണ്ടാവും എനിക്ക്. അപ്പനും വല്യാമ്മയും പുകയില മുറുക്ക് ഒരു ശീലമാക്കിയിരുന്നതിനാല്‍ വെറ്റിലയും, പുകയിലയുമാണ് പ്രധാന പര്‍ച്ചേസിങ്. കടയില്‍ പോകുന്ന വഴിക്ക് ഒരു ചായക്കടയുണ്ട്. ഞങ്ങളുടെ ഒരകന്ന ബന്ധുവായ കൊല്ലംമാവുടി വറുഗീസ് ചേട്ടനാണ് കടയുടമ. ചായയടിക്കുന്നതില്‍ അദ്ദേഹം ഒരു വിദഗ്ദനായിരുന്നു.  പാലും, പഞ്ചസാരയും ഒക്കെ ചേര്‍ത്ത ചായ ഒരു കുഴപ്പാട്ടയില്‍  നിന്ന് മറ്റേ കുഴപ്പാട്ടയിലേക്കു വീഴ്ത്തുന്‌പോള്‍ ചായ വീഴുന്നത് അദ്ദേഹത്തിന്‍റെ തലയുടെ പിറകിലൂടെ ആയിരുന്നു. ഒരു പടപടപ്പന്‍ ശബ്ദത്തോടെ ഉയര്‍ന്നു വീഴുന്ന ഈ ചായയില്‍ നിന്ന് വല്ലാത്ത ഒരു രുചിമണം പടരുന്നത് എന്നും ഞാന്‍ മൂക്കില്‍ വലിച്ചു കയറ്റി ആസ്വദിച്ചിരുന്നു.

ചുവപ്പും, മഞ്ഞയും കൂടിച്ചേര്‍ന്ന നിറത്തില്‍ ഗ്ലാസ്സിന്റെ മുകള്‍ഭാഗത്ത് പതഞ്ഞു നില്‍ക്കുന്ന പാല്‍ചായ കുടിക്കണമെന്ന് എനിക്ക് കലശലായ ആഗ്രഹം ഉണ്ടായിരുന്നു. ഒരു നിവര്‍ത്തിയുമില്ല. പണമില്ലാത്തതാണ് ഒന്നാമത്തെ തടസം. ഇനി കശുവണ്ടി പെറുക്കിയോ, പഴുക്കാ പെറുക്കിയോ പണം കണ്ടെത്തിയാലും എന്നെപ്പോലെ ഒരു കുട്ടിക്ക് കടയില്‍ കയറി ഒരു ചായയൊക്കെ വാങ്ങിക്കുടിക്കാന്‍ കഴിയുമായിരുന്നില്ല. പേടിച്ചിട്ട് കടക്കാരന്‍ തരികയുമില്ല. വലിയ കൊന്പത്തെ കുടുംബപ്പേരുള്ള ഒരു വീട്ടിലെ കുട്ടി ചായക്കട നിരങ്ങി എന്നൊക്കെ കേട്ടാല്‍ കുടുംബത്തിന് മൊത്തം ചീത്തപ്പേരാണ്. അപ്പനറിഞ്ഞാല്‍ കൈയില്‍ പിടിച്ചു റോഡില്‍ തള്ളിയെന്നും വരാം.

തോറ്റു കൊടുക്കാന്‍ അന്നും തീരെ മനസുണ്ടായിരുന്നില്ല. ഒരു ചായ ഉണ്ടാക്കിക്കുടിക്കാന്‍ തന്നെ തീരുമാനിച്ചു. പാല്‍ച്ചായയുടെ നിറം മാത്രമേ കണ്ടു പരിചയമുള്ളൂ. കുടിച്ചു നോക്കിയിട്ടില്ല. വീടിന്റെ കുറച്ചു ഭാഗം വെട്ടുകല്ല് വച്ചാണ് പണിതിട്ടുള്ളത്. വെട്ടുകല്ലിന് ശരിക്കും ചായയുടെ നിറമാണ്. അടര്‍ത്തിയെടുത്ത കുറെ വെട്ടുകല്‍ പൊടി വെള്ളത്തില്‍ അലിയിച്ച്, പൊക്കിയടിച്ചു പതപ്പിച്ചെടുത്തപ്പോള്‍ തനി പാല്‍ചായ തന്നെ. ഒരു ചില്ലു ഗ്ലാസ്സില്‍ അത് പകര്‍ന്നു വച്ചപ്പോള്‍ ചായയുടെ നിറവും, പതയും, മൃദുവായ ഒരു മണവുമുണ്ട്. ശരിക്കും തൃപ്തിയായി. പിന്നെ ഒന്നും നോക്കിയില്ല. ഒറ്റ വലിക്ക് പകുതിയോളം കുടിച്ചു. തുറന്നു തന്നെ പറയട്ടെ, വെട്ടുകല്‍ ചായക്ക് സൗമ്യമായ ഒരു രുചിയുമുണ്ട്. അങ്കം ജയിച്ച ആത്മ സംതൃപ്തിയോടെ ഇരിക്കുകയായിരുന്നു ഞാന്‍. പെട്ടെന്നാണ് ഓക്കാനം വന്നത്. നീട്ടി ഒരു ഛര്‍ദ്ദില്‍. പിന്നെ തുടരെത്തുടരെ പല തവണ. കുടിച്ചത് മുഴുവന്‍ വെളിയില്‍ പോയി. ആരെയും അറിയിക്കാതെ ഗ്ലാസ്സും ഒക്കെ കഴുകി വച്ച് ആ പരീക്ഷണം അങ്ങനെ അവസ്സാനിപ്പിച്ചു

വള്ളി നിക്കറും, സാന്‍ഡോ ( സ്ലീവ്‌ലെസ് ) ബനിയനും അണിഞ്ഞാണ് ഞാന്‍ സ്കൂളില്‍ പൊയ്‌ക്കൊണ്ടിരുന്നത്. ഞങ്ങളുടെ ക്ലാസില്‍ ഷര്‍ട്ട് ഇല്ലാത്ത മറ്റൊരു കുട്ടിയായ ഔസേപ്പായിരുന്നു എന്റെ കൂട്ടുകാരന്‍. കൊച്ചപ്പന്റെ മകനായ ജോര്‍ജിന് പോലും അന്നൊരു ഷര്‍ട്ട് ഉണ്ടായിരുന്നു. കൊച്ചപ്പന് ചില്ലറ കച്ചവടം ഒക്കെ ഉണ്ടായിരുന്നത് കൊണ്ടാണ് ജോര്‍ജിന് ഒരു ഷര്‍ട്ട് വാങ്ങിക്കൊടുക്കാന്‍ കൊച്ചപ്പന് സാധിച്ചത്. എനിക്ക് ഷര്‍ട്ട് ഇല്ലാത്തതിനെക്കാള്‍ എന്നെ വേദനിപ്പിച്ചത് ജോര്‍ജിന് ഷര്‍ട്ട് ഉണ്ടായിരുന്നു എന്നുള്ളതില്‍ ആയിരുന്നു.

വിങ്ങിപ്പൊട്ടിയാണ് ഞാന്‍ വല്യാമ്മയോടു വിവരം പറഞ്ഞത്. വല്യാമ്മയുടെ മറ്റൊരു കൊച്ചു മകനായിരുന്നു ജോര്‍ജ് എങ്കിലും, വല്യാമ്മ ഞങ്ങളുടെ കൂടെ താമസിക്കുന്നതിനാലും, കൊച്ചു ചെറുപ്പത്തിലേ കഠിനമായ രോഗം പിടിപെട്ടു മരിക്കാന്‍ പോയ കുട്ടി എന്ന നിലയിലും എന്നോടായിരുന്നു വല്യാമ്മക്ക് കൂടുതല്‍ ഇഷ്ടം. ' അടുത്ത തവണത്തെ പാക്ക് വില്‍ക്കുന്‌പോള്‍ കൊച്ചിന് ഒരു ഉടുപ്പ് വാങ്ങിക്കൊടുത്തിട്ടു മതി മറ്റു കാര്യങ്ങള്‍ ' എന്ന് വല്യാമ്മ അപ്പനോട് കല്‍പ്പിച്ചു.

ഒരു മാസം കൂടി കഴിഞ്ഞപ്പോള്‍ പാക്ക്  വിറ്റു. കലൂര്‍ ചന്തയിലെ ഏതോ ഒരു കടയില്‍ നിന്ന്  ക്രീം നിറത്തില്‍ കറുത്ത വരകള്‍ നെടുകെയും, കുറുകെയുമുള്ള ഒരു ഉടുപ്പ് അപ്പന്‍ എനിക്ക് വാങ്ങിത്തന്നു. കടയില്‍ നിന്ന് തുണിയെടുത്ത് എന്റെ പ്രായം പറഞ്ഞു തയ്പ്പിച്ചെടുത്തതായിരുന്നു. ഷര്‍ട്ട് എന്ന് വിളിക്കാന്‍ യാതൊരു യോഗ്യതയില്ലാത്ത ആ ഉടുപ്പ് ഏതോ തയ്യല്‍ അറിയാത്ത തയ്യല്‍ക്കാരന്റെ വികൃതമായ കര വിരുതായിരുന്നു എന്നതിന് തെളിവായി യാതൊരു ഭംഗിയുമില്ലാത്ത ഒരു ഊളന്‍ കുപ്പായമായിരുന്നു അത്.

 ജോര്‍ജ് ഉള്‍പ്പടെയുള്ള മറ്റുള്ളവര്‍ ഭംഗിയുള്ള ഷര്‍ട്ട് അണിഞ്ഞു ക്ലാസില്‍ വരുന്‌പോള്‍ ഞാന്‍ ഈ ഊളന്‍ കുപ്പായവും അണിഞ്ഞു ജാള്യതയോടെയാണ് എന്നും ക്ലാസില്‍ എത്തിയിരുന്നത്. പെട്ടെന്ന് കീറാത്ത കട്ടിയുള്ള തുണിയെടുത്ത് തയ്പ്പിച്ചതിനാല്‍ മൂന്നു വര്‍ഷത്തോളം ഈ വികൃത വേഷവും ധരിച്ച് എനിക്ക് നടക്കേണ്ടി വന്നു. ഈ ഉടുപ്പ് വേണ്ടാ എന്ന് അപ്പനോട് പറയാനുള്ള ധൈര്യവും എനിക്കുണ്ടായിരുന്നില്ല എന്നതിനാല്‍, ഒരു നല്ല ഷര്‍ട്ട് അണിയാനുള്ള എന്റെ വലിയ മോഹവും അങ്ങനെ  പൊലിഞ്ഞു പോയി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക