Image

ഒരു വിശ്വാസത്തിന്റെ വശങ്ങള്‍ (ഭാഗം:2; ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 10 May, 2019
ഒരു വിശ്വാസത്തിന്റെ വശങ്ങള്‍ (ഭാഗം:2; ജോണ്‍ വേറ്റം)
സുറിയാനിസഭയുടെ അമേരിക്ക-ക്യാനഡാ ഭ്ദ്രാസനത്തിനുള്ളില്‍ ഒരു ഓര്‍ത്തഡോക്‌സ് പള്ളി പ്രവര്‍ത്തിക്കുന്നു എന്ന വാര്‍ത്ത ഉയര്‍ന്നുവന്നു. അത് കേരളത്തിലും എത്തി. അതിന്റെ ഭവിഷ്യത് ഫലം എന്ന പോലെ, മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ചിന്റെ പേര് മാറ്റണമെന്ന നിര്‍ദ്ദേശം ഭദ്രാസന മെത്രാപ്പോലീത്തയില്‍ നിന്നും ഉണ്ടായി. ആ കല്പനയെ നിഷേധിക്കുവാന്‍ പള്ളിയംഗങ്ങള്‍ക്ക് സാധിച്ചില്ല. 1976-മേയ് മാസത്തില്‍, മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് ഓഫ് ഇന്‍ഡ്യ എന്ന നാമം, സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്‍കോര്‍പ്പറേഷന്‍ ഭേദഗതി ചെയ്തുകൊണ്ട്, മാര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്(മലയാളം) എന്ന് മാറ്റി. അങ്ങനെ, സ്റ്റാറ്റന്‍ ഐലന്‍ഡില്‍ ആദ്യം സ്ഥാപിക്കപ്പെട്ട ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അമേരിക്ക-ക്യാനഡാ ഭദ്രാസനത്തിലെ പ്രഥമ മലങ്കര ദേവാലയവും, നോര്‍ത്തമേരിക്കയിലെ സുറിയാനി ഓര്‍ത്തഡോക്‌സ് സഭാ വിഭാഗത്തിലെ ഒന്നാമത്തെ മലയാളം ദേവാലയവുമായിത്തീര്‍ന്നു! അതിനാല്‍, ഒരു ജനമായി ഓര്‍ത്തഡോക്‌സ് പള്ളികളില്‍ ആരാധിച്ചവര്‍ രണ്ട് വിഭാഗങ്ങളായി പിരിഞ്ഞു. പുതിയ, സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളികള്‍ സ്ഥാപിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ അത്താനാസിയോസ് യേശു ശമൂവേല്‍ അതിന് വേണ്ടുന്ന സഹായം നല്‍കി.

1977-ല്‍, സ്റ്റാറ്റന്‍ ഐലന്‍ഡിലെ മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ച് 'ജോണ്‍ ജേക്കബ്' എന്ന പട്ടക്കാരനെ കേരളത്തില്‍ നിന്നും ഇമിഗ്രെന്റ് വിസയില്‍ വരുത്തി. ഭദ്രാസന മെത്രാപ്പോലീത്ത അദ്ദേഹത്തെ വികാരിയായി നിയമിച്ചു. ക്രമേണ, അമേരിക്കയിലും, ക്യാനഡായിലും സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളികളും വ്ിശ്വാസികളും വര്‍ദ്ധിച്ചു, മലങ്കരയിലുള്ള പട്ടക്കാര്‍ക്കും മേല്‍പ്പട്ടക്കാര്‍ക്കും നോര്‍ത്തമേരിക്കയില്‍ എത്താന്‍ അത് വഴികള്‍ തുറന്നു. അമേരിക്കയിലും ക്യാനഡായിലും വരുന്നതിനുവേണ്ടി സഭാ വ്യത്യാസം ചാടിക്കടന്നവരും ഉണ്ട്. ഭ്ദ്രാസന മെത്രാപ്പോലീത്തായുടെ അറിവും സമ്മതവും കൂടാതെ സന്ദര്‍ഭത്തിനെത്തിയ മെത്രാന്മാര്‍, വിശ്വാസികളുടെ ഭവനങ്ങളില്‍ ഉണ്ടും ഉറങ്ങിയും ദേവാലയങ്ങളില്‍ കര്‍മ്മങ്ങള്‍ നടത്തിയും, അല്‍മായരേയും വൈദികരംഗത്ത് എത്തിയവരില്‍ ഒരു ഭാഗത്തേയും സ്വാധീനിച്ചു. ക്രമേണ, അവര്‍ ഒരു സംഘടിതഭാഗമായി. മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ച് വികാരി അവര്‍ക്ക് പിന്തുണ നല്‍കി. ഭദ്രാസന മെത്രാപ്പോലീത്തായുടെ നിയന്ത്രണത്തില്‍ നിന്നും പള്ളികളെയും വിശ്വാസികളെയും അകറ്റാനുള്ള പരിശ്രമവും ആരംഭിച്ചു. എങ്കിലും, മാര്‍ അത്താനാസിയോസിനെ സ്‌നേഹിച്ചവര്‍ക്കായിരുന്നു ഭൂരിപക്ഷം.

1979-ല്‍ സ്റ്റാറ്റന്‍ ഐലന്‍ഡ് മാര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന് സ്വന്ത ദേവാലയം ഉണ്ടായി. തന്നാണ്ടില്‍ അന്നത്തെ ശ്രേഷ്ഠ കാതോലിക്ക പ്രശ്‌സത ചര്‍ച്ച് സന്ദര്‍ശിച്ചു. 1980 ജൂണ്‍മാസത്തില്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയന്‍ കാലം ചെയ്തു. പിറ്റേ മാസത്തില്‍, അദ്ദേഹത്തിന്റെ പിന്‍ഗാമി 'ഇഗ്്‌നാത്തിയോസ് സാഖാ ഇവാസ് ഒന്നാമന്‍' പാത്രിയര്‍ക്കീസ് അധികാരത്തില്‍ വന്നു. 1981 ഒക്ടോബര്‍ മാസത്തില്‍ അദ്ദേഹം സ്റ്റാറ്റന്‍ ഐലന്‍ഡ് മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ച് സന്ദര്‍ശിച്ചു. 1984 ആയപ്പോള്‍, ഫാ.ജോണ്‍ ജേക്കബും സംഘവും ഭദ്രാസന മെത്രാപ്പോലീത്തയ്ക്ക് എതിരേ ഉണ്ടായ നിഗൂഢ പ്രവര്‍ത്തനം ശക്തമാക്കി. അതേ വര്‍ഷം, നവംബര്‍ മാസത്തില്‍, മലങ്കരയില്‍നിന്നും ഗീവര്‍ഗ്ഗീസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ ഫാ.ജോണ്‍ ജേക്കബ് ക്ഷണിച്ചു വരുത്തി. മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ചിലെ ഒരു ശെമ്മാശന് കശീശ്ശാപട്ടം കൊടുപ്പിച്ചു. അതിനുശേഷം, മേല്‍പട്ടത്തിനുവേണ്ടി വികാരി സ്ഥാനം ഒഴിഞ്ഞു. മലങ്കരയിലേയ്ക്ക് മടങ്ങി. മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ചില്‍ പുതിയ പട്ടക്കാരന്‍ വികാരിയായി. ഫാ.ജോണ്‍ ജേക്കബ് 'യൂഹാനോന്‍ മാര്‍ പീലക്‌സിനോസ്' എന്ന പേരില്‍ അഭിഷിക്തനായി. സന്ദര്‍ശകനായി ന്യൂയോര്‍ക്കില്‍ മടങ്ങിയെത്തി. പ്രവര്‍ത്തനം ആരംഭിച്ചു. അതിന്റെ ഫലമായി മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ചിലെ പുതിയ വികാരി രാജിവെച്ചു പിരിഞ്ഞു. മാര്‍ പീലക്‌സിനോസിന്റെ പിന്തുണയോടെ, സ്റ്റാറ്റന്‍ ഐലന്‍ഡില്‍ ഒരു പള്ളി സ്ഥാപിച്ചു. മെത്രാപ്പോലീത്തയുടെ  അധികാരത്തില്‍ നിന്നും മലങ്കര ദേവാലയങ്ങളെ  അടര്‍ത്തിയെടുക്കാന്‍ സംഘടിതമായി പ്രവര്‍ത്തിച്ചു.

1986-ല്‍, മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയങ്ങള്‍ക്ക് പള്ളി പ്രതിപുരുഷയോഗവും, മലങ്കര ആര്‍ച്ച് ഡയസീസന്‍ കൗണ്‍സിലും, ഭരണഘടനയും, വാര്‍ഷിക പ്രസിദ്ധീകരണവും, വാര്‍ഷിക കണ്‍വെന്‍ഷനും ഉണ്ടായി. 1992 ആയപ്പോള്‍ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളികളുടെയും പട്ടക്കാരുടെയും എണ്ണം വര്‍ദ്ധിച്ചു. അപ്പോഴും, മലങ്കരയിലെ മെത്രാപ്പോലീത്തന്മാരുടെ
വര്‍ദ്ധിച്ചു. അപ്പോഴും, മലങ്കരയിലെ മെത്രാപ്പോലീത്തന്മാരുടെ അകലെനിന്നുള്ള നിയന്ത്രണത്താല്‍ കുറേ പട്ടക്കാരും ശെമ്മശ്ശന്മാരും വേര്‍പെട്ട് പ്രവര്‍ത്തിച്ചു. എന്നിട്ടും, അവരുടെ ആവശ്യങ്ങളെ മാനിക്കുവാന്‍ ഭദ്രാസന മെത്രാപ്പോലീത്ത സന്നദ്ധനായി. ആ ദീനദയ വിഘടിതവിഭാഗത്തെ മടങ്ങിയെത്താന്‍  സഹായിച്ചു. 1992- ജൂലൈ മാസത്തില്‍ കൂടിയ പള്ളി പ്രതിപുരുഷയോഗം ഒരു സഹായമെത്രാന്റെ ആവശ്യം ഉന്നയിച്ചു. മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളികളുടെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിനും, ഭദ്രാസന മെത്രാപ്പോലീത്തയെ സഹായിക്കുന്നതിനും വേണ്ടി, സഭയ്ക്കുള്ളിലുള്ള ഒരു പട്ടക്കാരനെ തിരഞ്ഞെടുക്കണമെന്നും തീരുമാനിച്ചു. മലങ്കരയിലുള്ള മെത്രാന്മാരെ നിയമിക്കരുതെന്നും, തിരഞ്ഞെടുക്കപ്പെടുന്ന പട്ടക്കാരന് മേല്‍പട്ടം നല്‍കി സഹായമെത്രാനായി വാഴിക്കണമെന്നുമായിരുന്നു തീരുമാനം. അക്കാരണത്താല്‍, നോര്‍ത്തമേരിക്കയില്‍ സഹായമെത്രാനാകാന്‍ കാത്തിരുന്ന ആത്മീയ പിതാക്കന്മാര്‍ നിരാശരായി.
(തുടരും...)

ഒരു വിശ്വാസത്തിന്റെ വശങ്ങള്‍ (ഭാഗം:2; ജോണ്‍ വേറ്റം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക