Image

ആനപ്രേമത്തിലും രാഷ്ട്രീയം; ജനത്തിന്‍റെ ജീവന്‍ വെച്ചും രാഷ്ട്രീയം കളിക്കുന്നതിന്‍റെ പുതിയ സാക്ഷ്യമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

കല Published on 10 May, 2019
ആനപ്രേമത്തിലും രാഷ്ട്രീയം; ജനത്തിന്‍റെ ജീവന്‍ വെച്ചും രാഷ്ട്രീയം കളിക്കുന്നതിന്‍റെ പുതിയ സാക്ഷ്യമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

ആനകളെയും ഉത്സവത്തിന് എഴുന്നെള്ളിച്ച് നിര്‍ത്തുന്ന ആനകളെയും കാണാന്‍ മലയാളിക്ക് ഇഷ്ടമാണ്, താത്പര്യമാണ്. എന്നാല്‍ ഇഷ്ടത്തിനും താത്പര്യത്തിനും ഉപരിയായി പ്രേമവും ഭ്രാന്തുമൊക്കെ ആനയോട് തോന്നുന്നത് പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതാണോ എന്ന് വിലയിരുത്തപ്പെടേണ്ടതാണ്. ആനപ്രേമികളെന്ന് സ്വയം വിളിക്കുന്ന ആനഭ്രാന്തന്‍മാരോളം വിവരദോഷികളും ബാര്‍ബേറിയന്‍സും മറ്റാരുമുണ്ടെന്ന് തോന്നുന്നില്ല. 
കേരളത്തിലങ്ങളോം ഇങ്ങോളം പീഡിപ്പിക്കപ്പെടുന്ന ആനകളുടെ ദുരവസ്ഥ ഈ ബാര്‍ബേറിയന്‍മാരുടെ സൃഷ്ടിയാണ്. 
ഇപ്പോഴിതാ ആനഭ്രാന്തന്‍മാര്‍ വീണ്ടുമൊരു രാഷ്ട്രീയമുതലെടുപ്പിനും അവസരമൊരുക്കിയിരിക്കുന്നു. തൃശ്ശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന കൊമ്പനാന വേണോ വേണ്ടയോ എന്നതാണ് പ്രശ്നം. കേരളത്തിലെ ഗജരാജനാണ് മേല്‍പ്പറഞ്ഞ രാമചന്ദ്രന്‍. ഏഷ്യയില്‍ തന്നെ ഏറ്റവും തലയെടുപ്പുള്ള നാട്ടാനകളില്‍ രണ്ടാമന്‍. കേരളത്തിലെ പൂരങ്ങളായ പൂരങ്ങളിലെ മുഖ്യ ആകര്‍ഷണം. ദിവസം രണ്ടര ലക്ഷം വരെ എഴുന്നളിപ്പിന് പ്രതിഫലം വാങ്ങുന്ന കൊമ്പന്‍. 
എന്നാല്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍റെ ആരോഗ്യസ്ഥിതി ഇപ്പോള്‍ മോശമാണ്. മുമ്പ് പാപ്പാന്‍മാരുടെ ക്രൂരമായ പീഡനം കാരണം രാമചന്ദ്രന്‍റെ ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടതാണ്. ഇപ്പോള്‍ രണ്ടാമത്തെ കണ്ണിന്‍റെ കാഴ്ചയും ഭാഗീകമായി നഷ്ടപ്പെട്ടിരിക്കുന്നു. കാഴ്ചയില്ലായ്മ രാമചന്ദ്രന്‍റെ സ്വഭാവത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. ഇതിനോടകം പതിനൊന്ന് പേരെ കൊലപ്പെടുത്തിയിട്ടുണ്ട് രാമചന്ദ്രന്‍. ശബ്ദ കോലാഹലങ്ങള്‍ പലപ്പോഴും രാമചന്ദ്രന്‍ വിളറി പിടിക്കുന്നതിന് കാരണമാകുന്നു. പതിനായിരങ്ങള്‍ തിങ്ങി നിറഞ്ഞ ഉത്സവ പറമ്പില്‍ ആന ഇടഞ്ഞാല്‍ സംഭവിക്കുക എന്തെന്ന് നേര്‍സാക്ഷ്യമുണ്ട് പലപ്പോഴും. 
വിളറിപിടിച്ച രാമചന്ദ്രന്‍റെ കാല്കീഴില്‍ മൂന്ന് സ്ത്രീകളാണ് ഒരിക്കല്‍ മരണപ്പെട്ടത്. എത്രയോ പേര്‍ക്ക് പരിക്കേറ്റു. അമ്പത് വയസ് പിന്നിട്ട ഈ ആനയെ ഒഴിവാക്കണം എന്നാണ് മൃഗസ്നേഹികളും മൃഗസംരക്ഷണ വകുപ്പും ജില്ലാ കളക്ടറും പറയുന്നത്. 
എന്നാല്‍ ആന പ്രേമികള്‍ വിടുമോ. അവര്‍ക്ക് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ തന്നെ പൂരത്തിന് വേണം. അവസാനമിപ്പോള്‍ തൃശൂര്‍പൂരത്തിന്‍റെ വിളംബര എഴുന്നെള്ളിപ്പിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാമെന്ന് ധാരണയായിരിക്കുന്നു. ആനപ്രേമികളുടെയും ആനപ്രേമത്തെ ഹിന്ദുത്വരാഷ്ട്രീയമായി മാറ്റാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ബിജെപിയുടെയും സമര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങുന്നുവെന്നതാണ് സത്യം. സുരക്ഷകളോടെ രാമചന്ദ്രനെ എഴുന്നെള്ളിപ്പിക്കാമെന്നതാണ് ഇപ്പോഴത്തെ തീരൂമാനം. 
തൃശ്ശൂരിനെ തട്ടിയെടുക്കാന്‍ വന്ന സുരേഷ് ഗോപി ആനപ്രശ്നത്തില്‍ ഇടപെട്ടു. തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ തന്നെ എഴുന്നെള്ളിപ്പിക്കണം. ്രാമചന്ദ്രന്‍ വരുന്നത് കണ്ടാല്‍ രാജാവ് വരുന്നത് പോലെയാണെന്നാണ് സുരേഷ് ഗോപിയുടെ പക്ഷം. മൂപ്പര്‍ക്കത് കണ്ടേ പറ്റുവത്രേ. രാമചന്ദ്രന്‍ ഇടഞ്ഞാല്‍ നമുക്ക് വേണമെങ്കില്‍ മയക്ക് വെടി വെക്കാമല്ലോ എന്നാണ് സുരേഷ് ഗോപിയുടെ വാദം. ഇവന്‍റെയൊക്കെ ഭാര്യയും കുട്ടികളും ആനയുടെ കാലിന്‍റെ അടിയില്‍ പോയാല്‍ അന്നേരവും ഇവനൊക്കെ ഇങ്ങനെ തന്നെ പറയുമോ എന്നതാണ് കാര്യം. ഈത്തരം മരയൂളകളെയാണല്ലോ ദൈവമേ, ഇന്ത്യന്‍ പാര്‍ലമെന്‍റ് ചുമക്കുന്നത് എന്നത് മറ്റൊരു കാര്യം. 
ശബരിമല വിഷയത്തില്‍ ആകെ കുത്തിത്തിരിപ്പ് ഉണ്ടാക്കിയതിന് ശേഷം കെ.സുരേന്ദ്രന്‍ സൂവര്‍ണ്ണാവസരം കണ്ടിരിക്കുന്നത് രാമചന്ദ്രനിലാണ്. രാമചന്ദ്രന്‍ വിരണ്ടോടിയതും ആളെ കൊന്നതുമൊന്നും പ്രശ്നമില്ല, എഴുന്നെള്ളിച്ചേ മതിയാകു എന്ന് സുരേന്ദ്രന്‍. രാമചന്ദ്രനെ ഒഴിവാക്കുന്നത് ക്ഷേത്രങ്ങളെ തകര്‍ക്കാന്‍ സിപിഎം ഗൂഡാലോചനയാണെന്നും സുരേന്ദ്രന്‍ ആഞ്ഞടിക്കുന്നു. എങ്ങനെയുണ്ട് പുതിയ സുരേന്ദ്രന്‍ പദ്ധതി. ആനയുടെ കാഴ്ച പോയതിനും, ആന വിരളുന്നതിനും, അപകടകരമായ സ്ഥിതിയിലുള്ള ആനയെ എഴുന്നെള്ളിക്കരുത് എന്ന് കളക്ടര്‍ ഉത്തരവിറക്കുന്നതിനും സിപിഎം എന്തു പിഴച്ചു എന്ന ന്യായമായ ചോദ്യം ആരും ചോദിക്കുമില്ല. 
പൂരങ്ങള്‍ ഒരു നാടിന്‍റെ സാംസ്കാരിക അഭിമാനം തന്നെയാണ് എന്നതില്‍ സംശയമില്ല. പ്രത്യേകിച്ചും തൃശ്ശൂര്‍ പൂരം. ഒരു സുപ്രഭാതത്തില്‍ ആനകളില്ലാതെ പുരം നടത്തണമെന്ന് ലേഖകന്‍ പറയുന്നുമില്ല. എന്നാല്‍ ആനകള്‍ക്ക് മൃഗസംരക്ഷ വകുപ്പ് അനുശാസിക്കുന്ന ചട്ടങ്ങള്‍ അനുസരിച്ച് സംരക്ഷണം നല്‍കുകയും ആരോഗ്യമുള്ള ആനകളെ പൂരത്തിന് ഉപയോഗിക്കുകയും ചെയ്യണം എന്ന് മാ്ത്രമേ പറയുന്നുള്ളു. ആനാരോഗ്യമുള്ള, പ്രത്യേകിച്ച് കാഴ്ച തകരാറിലായ ഒരു ആനയെ ജനക്കൂട്ടത്തിന് നടുവിലേക്ക് ഇറക്കിവിട്ട് ജനങ്ങളുടെ ജീവനെടുക്കണോ എന്നതാണ് ചോദ്യം. ആനഭ്രാന്തന്‍മാര്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ പന്താടുകയാണ് സത്യത്തില്‍ സുരേഷ് ഗോപിയും, കെ.സുരേന്ദ്രനും അവരുടെ പാര്‍ട്ടിയും. അതില്‍ ഭയക്കാതെ നടപടികള്‍ സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക