Image

അമ്മ അറിയാന്‍ (കവിത: ബിന്ദു ടിജി)

Published on 10 May, 2019
അമ്മ അറിയാന്‍ (കവിത: ബിന്ദു ടിജി)
ജീവിക്കുന്നവര്‍ക്ക് അമ്മയുണ്ട്
മരിച്ചവര്‍ക്കും
നീ ജീവിക്കുന്നവളുടെ അമ്മയാണ്
 
പ്രണയിക്കുന്നവര്‍ക്ക് അമ്മയുണ്ട്
നുണയന്മാര്‍ക്കും
നീ പ്രണയിക്കുന്നവളുടെ അമ്മയാണ്
 
അവിദ്യയും ജ്ഞാനവും അമ്മയെ തേടുന്നു
ജ്ഞാനം നിന്നെ അമ്മേ എന്ന് വിളിക്കും
 
നിന്നെ ഞാനും നീ എന്നെയും
തിരഞ്ഞെടുത്തതല്ല
ആദ്യം ഞാന്‍ നിന്നില്‍
ഇന്ന് നീ എന്നില്‍
ഒരു നുള്ളും ആര്‍ക്കും കൊടുക്കാതെ
ഉള്ളില്‍ നിറയെ

ഏറെ ആനന്ദവും ദുഃഖവും
എനിക്കൊരു കവിത നല്‍കും
ഇന്ന് അത് നീയാണ്
നിന്നെ കുറിച്ചെഴുതുമ്പോള്‍
വാക്കുകള്‍
കടലാസ്സില്‍ അര പുറമേ നിറയാവൂ
ബാക്കി ആഴമുള്ള മൗനമാണ്
ധ്യാനമാണ്
പിടി തരാത്ത രഹസ്യവും
 
നിന്നെ സ്‌നേഹിക്കുകയെന്നാല്‍
ഒരു പനിനീര്‍ ചെടിയെ സ്‌നേഹിക്കും പോലെയാണ്
പുണരുമ്പോള്‍ കോര്‍ത്ത് വലിക്കും
മുള്ളുകള്‍ കൊണ്ട് മുത്തമിടും
പൂക്കള്‍ കൊണ്ട് തലോടും
 
അമ്മേ നിന്നെ ഓര്‍ക്കാനായ്
എനിക്കൊരു ദിവസവും വേണ്ട
മറക്കാന്‍ ഒരു നിമിഷം തരൂ!


(ഒരു മാതൃ ദിനത്തില്‍ ഞങ്ങളെ പിരിഞ്ഞ അമ്മയ്ക്ക്
അമ്മസ്‌നേഹം  നെഞ്ചില്‍ കനലായി പിടയുന്ന മക്കള്‍ക്ക് )

Join WhatsApp News
P R Girish Nair 2019-05-11 00:00:49
അമ്മയുടെ ഓർമ്മകൾ വിളിച്ചോതുന്ന കവിത. 
Congrats Mrs.Bindu
Rajeev 2019-05-16 19:38:44
വാക്കുകളില്ല ബിന്ദു .... മനോഹരമായി..
അമ്മ അറിയാനുള്ള ഈ സ്നേഹക്കുറിപ്പ് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക