Image

മെക്‌സിക്കന്‍ കുടിയേറ്റക്കാരില്‍ അഞ്ചില്‍ ഒരാള്‍ ബിരുദധാരി (ഏബ്രഹാം തോമസ്)

Published on 11 May, 2019
മെക്‌സിക്കന്‍ കുടിയേറ്റക്കാരില്‍ അഞ്ചില്‍ ഒരാള്‍ ബിരുദധാരി (ഏബ്രഹാം തോമസ്)
യുഎസില്‍ കുടിയേറുന്ന മെക്‌സിക്കര്‍ അഭ്യസ്ത വിദ്യരല്ല അവരെ കായിക ക്ഷമത ആവശ്യപ്പെടുന്ന ജോലിക്ക് മാത്രമേ പ്രയോജനപ്പെടുത്താനാവൂ എന്ന ഔദ്യോഗിക, അനൗദ്യോഗിക ധാരണ കഴിഞ്ഞ 17 വര്‍ഷങ്ങള്‍ തിരുത്തിക്കു റിച്ചു എന്ന് പുതിയ എംപിഎ റിപ്പോര്‍ട്ട് പറയുന്നു.

മുന്‍ തലമുറകളെ അപേക്ഷിച്ച് ഈ തലമുറ (2000-2017) മെക്‌സിക്കര്‍ക്ക് കൂടുതല്‍ കോളേജ് വിദ്യാഭ്യാസമുണ്ട്. എന്നാല്‍ ഇവരില്‍ ഒരു നല്ല ശതമാനം അമേരിക്കയില്‍ നിന്നല്ല വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടുള്ളത്. അതിനാല്‍ ബിരുദ സര്‍ട്ടിഫിക്കേറ്റുകള്‍ വിലയിരുത്തുമ്പോള്‍ ഈ വസ്തുത അനുബന്ധമായി രേഖപ്പെടുത്താറുണ്ട്. ഇതിനുപരി ഇവര്‍ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നത് മുഖ്യധാരയ്ക്ക് സ്വീകാര്യമായ രീതിയിലല്ല. അതിനാല്‍ ഇവര്‍ക്ക് യോഗ്യതകള്‍ക്ക് അനുയോജ്യമായ ജോലികള്‍ ലഭിക്കാറില്ല. പകരം റോഡ്, പാലം, കെട്ടിട നിര്‍മ്മാണം, ഹോട്ടല്‍ ജോലികള്‍ക്കാണ് ഇവരെ പരിഗണിക്കാറുള്ളത്.
2017 ലെ കണക്കനുസരിച്ച് അമേരിക്കയില്‍ കുടിയേറിയിട്ടുള്ള മെക്‌സിക്കരില്‍ അഞ്ചില്‍ ഒരാളിന് കോളേജ് ഡിഗ്രിയുണ്ട്. 2000 ല്‍ ഇത് 10 ല്‍ ഒരാളിനായിരുന്നു. കോളേജ് ഡിഗ്രിയുള്ള 6,78,000 മെക്‌സിക്കര്‍ യുഎസില്‍ ഉണ്ട്. ഇവരില്‍ 1,85,000 പേര്‍ ടെക്‌സസ് സംസ്ഥാനത്ത് വസിക്കുന്നു. അഞ്ച് നഗര സമൂഹങ്ങളിലാണ് ഇവര്‍ കഴിയുന്നത്. ഏറ്റവും കൂടുതല്‍ ഹൂസ്റ്റണ്‍ പ്രദേശത്താണ്. 39,000. ഡാലസ് മേഖലയില്‍ 33,000 , അല്‍പാസോ-24,000, മക്കെല്ലന്‍ -21,000. സാന്‍അന്റോണിയോ - 18,000 എന്നിങ്ങനെയാണ് മറ്റ് നഗരസമൂഹങ്ങളിലെ കണക്ക്.
ടെക്‌സസില്‍ കഴിയുന്ന 25 വയസെങ്കിലും പ്രായമുള്ള ബിരുദധാരികള്‍ 44% നാച്വറ ലൈസ്ഡ് സിറ്റിസണ്‍സാണ്. 27% നിയമ വിരുദ്ധമായി അമേരിക്കയിലെ ത്തിയവരും 23% ഗ്രീന്‍ കാര്‍ഡ് ഹോള്‍ഡര്‍മാരും 6% ടെമ്പററി വിസ ഉള്ളവരുമാണ്.
ഡാലസിലെ സതേണ്‍ മെതേഡിസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ മിഷന്‍ ഫുഡ്‌സ് ടെക്‌സസ് മെക്‌സിക്കോ സെന്റര്‍ ഡയറക്ടര്‍ ലൂയിസ ഡെല്‍ റോസലിന്റെ അഭിപ്രായത്തില്‍ ഈ അഭ്യസ്ഥ വിദ്യരുടെ വിദ്യാഭ്യാസവും കഴിവും അമേരിക്കയുടെ നിര്‍മ്മാണത്തില്‍ ക്രിയാത്മകമായി എങ്ങനെ പ്രയോജന പ്പെടുത്താം എന്ന് പരിശോധിക്കേണ്ടതാണ്.
ജോര്‍ജ് ഡബ്ല്യു ബുഷ് ഇന്‍സ്റ്റിട്യൂട്ട് എസ്എംയു എക്കണോമിക്ക് ഗ്രോത്ത് ഇനിഷിയേറ്റിവ് ഡയറക്ടര്‍ ലോറ കൊളിന്‍സ് എല്ലാ രാജ്യങ്ങളില്‍ നിന്നും കുടിയേറുന്നവര്‍ക്ക് ഉന്നത വിദ്യാഭ്യാസമുണ്ടെന്ന് പറഞ്ഞു. 2010 ന് ശേഷം കുടിയേറിയവരില്‍ ഏതാണ്ട് 45% ന് ബിരുദമുണ്ട്.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരണകൂടം വിദേശത്ത് നിന്നുള്ള 30,000 താല്‍ക്കാലിക, കാര്‍ഷികേതര ജോലിക്കാര്‍ക്ക് എച്ച് 2 ബി വിസ നല്‍കാന്‍ തീരുമാനിച്ചു. സാധാരണ ഒരു വര്‍ഷം ഇത്തരം 66,000 വിസകളാണ് നല്‍കുക. പകുതി ശൈത്യകാലത്തും മറ്റേ പകുതി വേനല്‍ക്കാലത്തും. കഴിഞ്ഞ രണ്ട് വര്‍ഷവും ഇത് 15,000 വീതം ഉയര്‍ത്തിയിരുന്നു. ഭരണകൂടത്തിന് ഈ വിസകള്‍ 1,35,000 വരെ ഉയര്‍ത്താന്‍ കഴിയും. ഇപ്പോള്‍ 30,000 കൂടി ഉയര്‍ത്തിയതോടെ താല്ക്കാലിക വിസകള്‍ 96,000 ആയി. 2008 നുശേഷം ഏറ്റവുമധികം എച്ച് 2 ബി വിസകള്‍ നല്‍കുന്നത് ഈ വര്‍ഷമാണ്.
ബൈ അമേരിക്കന്‍, ഹയര്‍ അമേരിക്കന്‍ എന്ന് 2017 ല്‍ ട്രംപ് പുറപ്പെടുവിച്ച എക്‌സിക്യുട്ടീവ് ഓര്‍ഡറിന് വിരുദ്ധമാണ് പുതിയ പ്രഖ്യാപനം എന്ന് വിമര്‍ശനം ഉയര്‍ന്നു.
അമേരിക്കയില്‍ ചില ജോലികള്‍ ചെയ്യാന്‍ ചിലര്‍ തയാറല്ല. ചില ജോലികള്‍ പുറത്ത് നിന്നു കൊണ്ട് വരുന്ന തൊഴിലാളികള്‍ ചെയ്താല്‍ മാത്രമേ പൂര്‍ണമാവൂ എന്ന ധാരണയാണ് എച്ച് 2 ബി സീസണല്‍ വിസകള്‍ വര്‍ധിപ്പിക്കുവാന്‍ കാരണം എന്ന് വ്യവസായ നിരീക്ഷകര്‍ പറയുന്നു. ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലുകളില്‍ പ്രത്യേകിച്ച് മാരേ ലാഗോയില്‍ ഒഴിവുകള്‍ നികത്താന്‍ 61 കുക്കുകളുടെയും സെര്‍വര്‍മാരുടെയും എച്ച് 2 ബി വിസ്യ്ക്ക് അനുമതിക്ക് അപേക്ഷിച്ചിരുന്നു എന്നൊരു വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ചില മാധ്യമ പ്രവര്‍ത്തകര്‍ ഉദ്ധരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക