Image

ഭീകരാക്രമണ ഭീഷണി: കനത്ത സുരക്ഷയില്‍ തൃശ്ശൂര്‍ പൂരത്തിന്‌ ഒരുങ്ങുന്നു; ആനയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ആരും വരേണ്ടെന്നു പൊലീസ്‌

Published on 11 May, 2019
 ഭീകരാക്രമണ ഭീഷണി: കനത്ത സുരക്ഷയില്‍ തൃശ്ശൂര്‍ പൂരത്തിന്‌ ഒരുങ്ങുന്നു; ആനയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ആരും വരേണ്ടെന്നു പൊലീസ്‌


ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷാ മുന്‍കരുതലുകളോടെ തൃശ്ശൂര്‍ പൂരത്തിനൊരുങ്ങുന്നു.കനത്ത സുരക്ഷയാണ്‌ കേരള പൊലീസ്‌ പൂരവുമായി ബന്ധപ്പെട്ട്‌ ഒരുക്കുന്നത്‌.

തണ്ടര്‍ബോള്‍ട്ട്‌ കമാന്‍ഡോകള്‍, ബോംബ്‌ ഡിറ്റക്‌ഷന്‍ ടീം, ക്രൈസിസ്‌ മാനേജ്‌മെന്റ്‌ ടീം തുടങ്ങി മൂവായിരത്തോളം പേരടങ്ങുന്ന വന്‍ പൊലീസ്‌ സന്നാഹമാണ്‌ പൂരത്തിന്‌ സുരക്ഷയൊരുക്കുന്നത്‌.

14ന്‌ പൂരം ഉപചാരം ചൊല്ലി പിരിയുന്നതു വരെ പൊലീസ്‌ കനത്ത സുരക്ഷ തുടരും. 24 മണിക്കൂറും നിരീക്ഷണം നടത്തുന്ന 80 സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്‌. സുരക്ഷയുടെ ഭാഗമായി വടക്കുംനാഥ ക്ഷേത്രത്തിലെത്തുന്നവര്‍ക്ക്‌ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള ദേഹപരിശോധന നടത്തും. സ്‌ഫോടകവസ്‌തു പരിശോധനയ്‌ക്കു ശേഷം മാത്രമായിരിക്കും ക്ഷേത്രത്തിലേക്ക്‌ പ്രവേശനം നല്‍കൂ.

മേളക്കാരും വാദ്യക്കാരും കാണികളുമുള്‍പ്പെടെ എല്ലാവരും പരിശോധനയ്‌ക്കു വിധേയരാകണം. രണ്ടു ദേവസ്വങ്ങളും നിശ്ചയിച്ചിട്ടുള്ള, ബാഡ്‌ജും ജാക്കറ്റും അണിഞ്ഞ വൊളന്റിയര്‍മാരൊഴികെ ആരെയും സുരക്ഷാമേഖലകളിലേക്കു കടത്തിവിടില്ല. വിഐപി ഗാലറിയും പരിശോധനയുണ്ടാകും.

നിലവിലെ സാഹചര്യം കൂടി കണക്കാക്കി ആനകളുടെ ഫിറ്റ്‌നസ്‌, സുരക്ഷാ പരിശോധന എന്നിവയും പൊലീസ്‌ പരിശോധനയും നിര്‍ബന്ധമാക്കി. ആനത്തൊഴിലാളികള്‍, ആനയുടമകള്‍, സഹായികള്‍, വെടിക്കെട്ട്‌ തൊഴിലാളികള്‍ എന്നിവരുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം സ്‌പെഷല്‍ ബ്രാഞ്ച്‌ ഇവര്‍ക്ക്‌ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയിട്ടുണ്ട്‌.

വാദ്യമേള ഉപകരണങ്ങള്‍ ഉള്‍പ്പെടെ സ്‌കാനിങ്ങിനു വിധേയമാക്കും. പൂരത്തിന്‌ എത്തുന്ന കലാകാരന്‍മാര്‍ക്കും ബാഡ്‌ജ്‌ നല്‍കിയിട്ടുണ്ട്‌. ആനപ്പാപ്പാന്മാര്‍, സഹായികള്‍ എന്നിവര്‍ മദ്യപിച്ചിട്ടില്ലെന്ന്‌ ഓരോ 2 മണിക്കൂറിലും ബ്രത്തലൈസര്‍ ഉപയോഗിച്ചു ഉറപ്പാക്കും. പ്രദേശത്തെ 5 സുരക്ഷാ മേഖലകളായി തിരിച്ചിട്ടുണ്ട്‌. 2 ഡിവൈഎസ്‌പിമാര്‍ സുരക്ഷാചുമതലകള്‍ക്ക്‌ മേല്‍നോട്ടം നല്‍കും.

കൂടാതെ നഗരത്തിലെ എല്ലാ ലോഡ്‌ജുകളിലും ഹോട്ടല്‍മുറികളിലും ക്രൈസിസ്‌ മാനേജ്‌മെന്റ്‌ സ്‌ക്വാഡ്‌ പരിശോധന തുടരുന്നു. അപരിചിതര്‍, മതിയായ രേഖകളില്ലാത്തവര്‍ എന്നിവര്‍ക്കു താമസ സൗകര്യം നല്‍കരുതെന്നു ലോഡ്‌ജ്‌ ഉടമകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. താമസക്കാരെ നിരീക്ഷിക്കാനും സംശയം തോന്നുന്നവരുടെ വിവരങ്ങള്‍ പൊലീസിനു നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്‌.

പൂരത്തിനെത്തുന്നവര്‍ ബാഗ്‌, പ്ലാസ്റ്റിക്‌ കുപ്പി തുടങ്ങിയവ കയ്യില്‍ കരുതാന്‍ പാടില്ല. ഗ്യാസ്‌ സിലിണ്ടര്‍ ഉപയോഗിച്ചുള്ള ബലൂണ്‍ വില്‍പന, ഭക്ഷണ സാമഗ്രികളുടെ കച്ചവടം എന്നിവയും അനുവദിക്കില്ല. കെട്ടിടങ്ങളുടെ മുകളില്‍ കയറി പൂരം കാണാനോ പടക്കം പോലുള്ള സാമഗ്രികള്‍ കയ്യില്‍ കരുതാനോ പാടില്ല.

ആനകളെ അലോസരപ്പെടുത്തുന്ന ഒരു പ്രവൃത്തിയും ചെയ്യാന്‍ പാടില്ല.സംശയം തോന്നുന്ന ആളുകളെ കണ്ടാലും ഉപേക്ഷിക്കപ്പെട്ട ബാഗുകള്‍, സംശയാസ്‌പദ വസ്‌തുക്കള്‍ എന്നിവ കണ്ടാലും വിവരം പൊലീസിനെ അറിയിക്കണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക