Image

പാകിസ്താനില്‍ ഹിന്ദുക്കള്‍ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡ്

Published on 24 April, 2012
പാകിസ്താനില്‍ ഹിന്ദുക്കള്‍ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡ്
ഇസ്‌ലാമാബാദ്: ഹിന്ദുക്കള്‍ക്കെല്ലാം കമ്പ്യൂട്ടര്‍വത്കൃത ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ നടപടിയെടുക്കുമെന്ന് പാകിസ്താന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉറപ്പുനല്‍കി. വിവാഹസര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ നിയമമില്ലാത്ത ഹിന്ദുസ്ത്രീകള്‍ക്കും കാര്‍ഡ് നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹിന്ദു വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ നിയമമില്ലാത്തിനാല്‍ പാകിസ്താനില്‍ ഹിന്ദു സ്ത്രീകള്‍ക്ക് വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല.

തിരിച്ചറിയല്‍ കാര്‍ഡും പാസ്‌പോര്‍ട്ടും ലഭിക്കുന്നതിന് ഇക്കാര്യം തടസ്സമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി പത്രങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കേസെടുത്ത് സര്‍ക്കാറിനോട് വിശദീകരണം തേടിയത്. സര്‍ക്കാറിന്റെ ഉറപ്പിനെ തുടര്‍ന്ന് പാകിസ്താന്‍ സുപ്രീംകോടതി വിഷയത്തില്‍ സ്വമേധയാ എടുത്ത കേസ് തീര്‍പ്പായതായി അറിയിച്ചു.

ഇന്ത്യയില്‍ തീര്‍ത്ഥാടനത്തിന് വരാന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച പ്രേം സാരി മായി എന്ന സ്ത്രീയെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ് സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. മാത്രമല്ല, അനധികൃതമായി ഒരു പുരുഷനോടൊത്ത് താമസിക്കുന്നുവെന്ന് ആക്ഷേപിക്കുകയും ചെയ്തു. ഒടുവില്‍ വന്‍തുക കൈക്കൂലി നല്‍കിയാണ് പ്രേം സാരി പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക