Image

സുകുമാരന്‍ നായര്‍ ഇരട്ടത്താപ്പ് കളിക്കുകയാണെന്ന് വെള്ളാപ്പള്ളി

Published on 24 April, 2012
സുകുമാരന്‍ നായര്‍ ഇരട്ടത്താപ്പ് കളിക്കുകയാണെന്ന്  വെള്ളാപ്പള്ളി

കൊച്ചി: എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഇരട്ടത്താപ്പ് കളിക്കുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രണ്ട് തട്ടിലെ കളി ശരിയല്ല. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന് ഇപ്പോള്‍ പറയുന്ന ആളുതന്നെയാണ് മുമ്പ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്തിന് യോഗ്യനാണെന്ന് പറഞ്ഞത്. കെ.പി.സി.സി പ്രസിഡന്റായ ചെന്നിത്തലയെ ഹിന്ദു വക്താവായി കാണേണ്ടതില്ല.

ഹിന്ദു എക്കണോമിക്സ് ഫോറം ഉദ്ഘാടനം ചെയ്യാന്‍ കൊച്ചിയിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. നെയ്യാറ്റിന്‍കരയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ വോട്ട് നേടും. ചീഫ് വിപ്പ് പി.സി. ജോര്‍ജ് നെയ്യാറ്റിന്‍കരയെക്കുറിച്ച് പറയുന്നത് അറിവില്ലായ്മ കൊണ്ടാണ്. പിറവം അല്ല നെയ്യാറ്റിന്‍കര. ഒരു ചക്ക വീഴുമ്പോള്‍ മുയല്‍ ചത്തെന്ന് കരുതി എല്ലായ്പോഴും അങ്ങനെ സംഭവിക്കില്ല. മണ്ഡലത്തിലെ എസ്.എന്‍.ഡി.പിയുടെ നിലപാട് പ്രാദേശിക ഘടകങ്ങളുമായി ആലോചിച്ച് പ്രഖ്യാപിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നെയ്യാറ്റിന്‍കരയില്‍ ആര്‍. ശെല്‍വരാജിനെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിക്കുന്നതിലും ഭേദം കോണ്‍ഗ്രസ് പാര്‍ട്ടി പിരിച്ചുവിടുന്നതാണ് നല്ലതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജിവെച്ച സ്ഥാനത്തിനു വേണ്ടി മറുകണ്ടം ചാടി വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ജനാധിപത്യത്തോടുള്ള അവഹേളനവും പൊതുജനത്തെ കഴുതയാക്കലുമാണ്. കഴുതകളല്ലെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളുടേതാണ്. ഇപ്പോള്‍ അദ്ദേഹം കാണിക്കുന്നത് രാഷ്ട്രീയ വിഡ്ഢിത്തമാണ്. വിവരവും വിദ്യാഭ്യാസവും ഉള്ള ആരും ഇക്കുറി അദ്ദേഹത്തെ അംഗീകരിക്കില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക