Image

ഗാന്ധിയും ജനാധിപത്യ ചിന്തകളും-1 (ജോസഫ് പടന്നമാക്കല്‍)

Published on 13 May, 2019
ഗാന്ധിയും ജനാധിപത്യ ചിന്തകളും-1 (ജോസഫ് പടന്നമാക്കല്‍)
ബ്രിട്ടീഷുകാര്‍ക്കെതിരെ ധര്‍മ്മയുദ്ധം നടത്തി സ്വാതന്ത്ര്യം നേടിയശേഷം സ്വന്തം മണ്ണില്‍ക്കൂടി ആത്മാഭിമാനത്തോടെ നടന്ന ഋഷിവര്യനായ മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മദിനം അനുസ്മരിക്കുന്ന വര്‍ഷമാണിത്. മഹാനായ ആ താപസവര്യന്റെ പവിത്രമായ ഈ ഓര്‍മ്മ നാളുകളില്‍ ഒരു നിമിഷം ഞാന്‍ എന്റെ ശിരസ്സ് നമിക്കട്ടെ. പ്രപഞ്ചത്തിന്റെ ഏകത്വം ദര്‍ശിച്ച ദാര്‍ശിനികനായിരുന്നു അദ്ദേഹം. അഹിംസയുടെ പ്രവാചകനും. ഈ സത്യ ദര്‍ശനത്തില്‍ക്കൂടിയാണ് അദ്ദേഹത്തിലെ 'മഹാത്മ' എന്ന വിശിഷ്ട വ്യക്തി വളര്‍ന്നത്.

ആത്മം തന്നിലെന്ന വേദാന്ത ചിന്ത ഗാന്ധിജിയെ നയിച്ചിരുന്നു. പ്രകൃതിയോടും മനുഷ്യരോടും ഒരുപോലെ സ്‌നേഹത്തോടെ പെരുമാറുന്ന ചിന്തകള്‍ ഗാന്ധിജി പുലര്‍ത്തിയിരുന്നു. ജനാധിപത്യത്തിലും അഹിംസയുടെ താത്ത്വക ചിന്തകള്‍ പതിപ്പിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അഹിംസ സിദ്ധാന്തത്തില്‍ ജനാധിപത്യം അടിയുറച്ചു വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് ജനങ്ങളില്‍ സ്വയം നിയന്ത്രണവും ആത്മബോധവും ഉളവാക്കുമെന്നു ഗാന്ധിജി വിശ്വസിച്ചിരുന്നു.

ക്രിസ്തുവിന്റെയും ബുദ്ധന്റെയും കൃഷ്ണന്റെയും ചൈതന്യമുള്‍ക്കൊണ്ട ഏഷ്യയുടെ യുഗപുരുഷനാണ് അദ്ദേഹം. അഹിംസാ സിദ്ധാന്തത്തില്‍ക്കൂടി ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിനെതിരെ പോരാടിയ മഹാത്മാവായി അദ്ദേഹത്തെ നാം സ്മരിക്കുന്നു. ജാതി വ്യവസ്ഥക്കെതിരെ പോരാടിയ കര്‍മ്മയോഗിയുമായിരുന്നു. രാജ്യത്തിനുള്ളിലെ വിഭാഗീയ ചിന്തകളെ ദൂരീകരിക്കാനുള്ള അദ്ദേഹത്തിന്റെ പ്രയത്‌നങ്ങളും അവിസ്മരണീയമാണ്. ആയുധ പോരാട്ടങ്ങളില്‍കൂടിയല്ല സമാധാനം കൈവരിക്കേണ്ടത് മറിച്ച് നിരായുധീകരണത്തില്‍ക്കൂടി സമാധാനം നേടണമെന്ന് അദ്ദേഹം വിശ്വസിച്ചു. സത്യവും ധര്‍മ്മവും നീതിയുമുള്‍ക്കൊണ്ട ഒരു ലോക സര്‍ക്കാരിനെ അദ്ദേഹം ഭാവനയില്‍ കണ്ടിരുന്നു.

ചരിത്രാതീത കാലം മുതല്‍ ഇന്ത്യയില്‍ ജനാധിപത്യം വേരൂന്നിയിരുന്നുവെന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നു. ഒരുപക്ഷെ ലോക ഭൂപടത്തില്‍ തന്നെ ഇന്ത്യയിലായിരിക്കാം ജനാധിപത്യത്തിന് ആദ്യം തുടക്കമിട്ടത്. പൗരാണികകാലത്ത് പരസ്പ്പര അഭിപ്രായ വ്യത്യാസങ്ങളും പ്രശ്‌നങ്ങളും ഒത്തൊരുമിച്ച് പറഞ്ഞു തീര്‍ത്തിരുന്നു. അല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ തീര്‍ത്തിരുന്നത് ഓരോ പ്രദേശങ്ങളിലെയും മൂപ്പരുടെ സാന്നിദ്ധ്യത്തിലായിരുന്നു. തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നത് തികച്ചും ജനകീയാടിസ്ഥാനത്തിലായിരുന്നു. അതുകൊണ്ടാണ് ഗാന്ധിജി ജനാധിപത്യത്തില്‍ പ്രതീക്ഷകള്‍ അര്‍പ്പിച്ചിരുന്നത്.

ഗാന്ധി പറഞ്ഞു, 'എന്റെ മതം എന്നെ പഠിപ്പിക്കുന്നത് സ്‌നേഹവും സത്യവും ജനാധിപത്യ മൂല്യങ്ങളില്‍ അധിഷ്ഠിതമായ സമത്വചിന്തകളും തുല്യ അവസരങ്ങളുമാണ്. രാഷ്ട്രപുരോഗതിക്ക് അജ്ഞതയെ തുടച്ചുമാറ്റണം. ജനാധിപത്യ സംവിധാനങ്ങള്‍ ഏതാനും വ്യക്തികളില്‍ മാത്രം അധിഷ്ഠിതമായിരിക്കരുത്. 'ജനാധിപത്യം' ശക്തിയുടെ ഭാഷയിലായിരിക്കരുത്. അത് ഒരിക്കലും പ്രായോഗികമല്ല. ജനാധിപത്യ ചൈതന്യം നമ്മില്‍ തന്നെ ഉണ്ടായിരിക്കണം. നമ്മില്‍ അത് ഉത്തേജിപ്പിക്കണം.'

ഗാന്ധിയന്‍ ജനാധിപത്യം ഗ്രാമങ്ങളില്‍നിന്നും ആവിര്‍ഭവിക്കുന്നു. അദ്ദേഹം പറയുന്നു, 'ഒരുവന്‍ ചുറ്റുമുള്ള സമൂഹത്തിനുവേണ്ടി നല്‍കുന്ന ആത്മാര്‍പ്പണമാണ് ജനാധിപത്യത്തിന്റെ ആദ്യപടി. പിന്നീട് സമൂഹങ്ങള്‍ അര്‍പ്പിത ചിന്തകളോടെ ഒന്നായി പ്രവര്‍ത്തിക്കണം. ഗ്രാമങ്ങളെ നിരവധി പ്രവര്‍ത്തന മണ്ഡലങ്ങളായി തിരിക്കണം. സമൂഹങ്ങളായുള്ള വാര്‍ഡുകളുടെ പ്രവര്‍ത്തനമണ്ഡലങ്ങള്‍ പ്രാദേശികമായി മറ്റുള്ള സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണം. പ്രാദേശിക പ്രവര്‍ത്തന മണ്ഡലങ്ങള്‍ രാഷ്ട്രത്തിന്റെ ക്ഷേമത്തിനായും നിലകൊള്ളണം. സമുദ്രത്തിലെ ഒരു ജലത്തുള്ളി പുറത്തെടുക്കുമ്പോള്‍ യാതൊരു നന്മയും പ്രദാനം ചെയ്യാതെ അവിടെത്തന്നെ ഇല്ലാതാവുന്നു. എന്നാല്‍ അത് സമുദ്ര ജലത്തില്‍ അലിഞ്ഞിരിക്കുമ്പോള്‍ ഭീമാകാരമായ കപ്പലുകളെവരെ താങ്ങി നിര്‍ത്തി സമൂഹങ്ങള്‍ ഒന്നാകെ നന്മകള്‍ പരത്തുന്നു. നാളത്തെ ലോകം അഹിംസാ സിദ്ധാന്തങ്ങള്‍ ഉള്‍ക്കൊണ്ട സമൂഹമായി ഒന്നിച്ച് നീങ്ങണം. അതാണ് ജനാധിപത്യത്തിന്റെ അനുഗ്രഹീതമായ ആദ്യത്തെ നിയമം. ഇത് പ്രായോഗികമല്ലാത്ത ഗാന്ധിജിയുടെ സ്വപ്നമായി തോന്നാം. വിദൂരമായ ലക്ഷ്യബോധത്തോടെയുള്ള ചിന്താഗതികളുമായി അനുഭവപ്പെടാം. ആത്മനിയന്ത്രണമുള്ള ജനാധിപത്യം ലോകത്തെ പ്രകാശിപ്പിക്കാനുതകും. സങ്കുചിതവും, അജ്ഞതയും, അന്ധവിശ്വാസങ്ങളും ജനാധിപത്യത്തെ താറുമാറാക്കും. അത് സ്വയം നശിക്കുന്നതിനും കാരണമാകും.

1920-ല്‍ യങ്ങ് ഇന്‍ഡ്യയില്‍ ഗാന്ധിജി എഴുതി, 'ജനാധിപത്യത്തിന്റെ സത്തയ്ക്ക് മനുഷ്യ ഹൃദയങ്ങളുടെ പരിവര്‍ത്തനമാവശ്യമാണ്. സാഹോദര്യത്തിന്റെ അനുശാസനങ്ങളിലും അടിയുറച്ചു വിശ്വസിക്കണം. സാമ്പത്തികതയും ആത്മീയതയും പൊതു നന്മയ്ക്ക് വേണ്ടി പ്രയോജനപ്പെടുകയും വേണം. നമ്മില്‍ തന്നെ സ്വയം നിയന്ത്രണവും വിനയ ഭാവവും അടക്ക ഒതുക്കവുമുണ്ടായിരിക്കണം. അനിയന്ത്രിതമായി, സ്വാതന്ത്ര്യത്തെ ദുരുപയോഗപ്പെടുത്തല്‍ നമ്മുടെ നാശത്തിനും വഴി തെളിയിക്കും. നാട് മുഴുവന്‍ അരാജകത്വം സൃഷ്ടിക്കുകയും ചെയ്യും.'

ഗാന്ധിജി പറഞ്ഞു, 'ഇന്നുള്ള വ്യവസ്ഥിതിക്കെതിരെ യഥാര്‍ത്ഥമായ വിപ്ലവം എങ്ങനെ തുടങ്ങണമെന്നും എനിക്കറിയില്ല. എങ്കിലും പാവങ്ങള്‍ക്കുള്ള സഹായവും ധര്‍മ്മസ്ഥാപനങ്ങള്‍ക്കുള്ള സഹായവും സ്വന്തം ഭവനത്തില്‍ നിന്നും തുടക്കമിടണം. സമൂഹത്തിന്റെ തീരുമാനങ്ങള്‍ നടപ്പാക്കേണ്ടത് ജനാധിപത്യത്തില്‍ കൂടി വന്ന ഭരണകൂടമായിരിക്കും. ഓരോ വ്യക്തിയും നിയമം കൈകളില്‍ എടുത്താല്‍ അവിടെ പിന്നീട് സര്‍ക്കാര്‍ കാണില്ല. അവിടെ അരാജകത്വവും ക്രമസമാധാനവും ഭവിക്കുന്നതിന് കാരണമാകും. സാമൂഹിക നിയമത്തിന്റെ അഭാവത്തില്‍ സ്വാതന്ത്ര്യം നഷ്ടമാകും. ശരിയായ ഒരു ജനാധിപത്യത്തെ അളക്കുന്നത് ഒരാളിന്റെ വാസനയും കഴിവും പ്രകടിപ്പിക്കാനുള്ള അവസരം ഒരുക്കുക കൂടിയാണ്. മറ്റുള്ളവരുടെ ജീവനോ സ്വത്തുക്കള്‍ക്കോ അപകടമാകരുത്. തെരുവുതെമ്മാടി രാഷ്ട്രീയം നീതിയും ധര്‍മ്മവും നടപ്പാക്കാന്‍ ഉപകരിക്കില്ല.

ഗാന്ധിയെ സംബന്ധിച്ചടത്തോളം അദ്ദേഹത്തിന്റെ ചിന്തകളിലുണ്ടായിരുന്നത് ഒരു രാജ്യമോ ജനാധിപത്യമോ അവസാന മാതൃകയല്ലെന്നുള്ളതായിരുന്നു. അത്തരം പ്രസ്ഥാനങ്ങളെ രാഷ്ട്രീയ തിമിരം ബാധിച്ചവരും അധികാരം മത്തു പിടിച്ചവരുമായിരിക്കാം നിയന്ത്രിക്കുന്നത്. രാഷ്ട്രീയക്കാര്‍ക്ക് അവരുടെ ജീവിത നിലവാരം മെച്ചമാക്കാന്‍ ഒരു മാര്‍ഗമായിരിക്കാം. അദ്ദേഹം 1931-ല്‍ യങ്ങ് ഇന്ത്യയില്‍ എഴുതി 'എന്നെ സംബന്ധിച്ച് രാഷ്ട്രീയമായ അധികാരം ഒന്നിനും ഒരു പരിഹാരമല്ല. എന്നാല്‍ ജനങ്ങളുടെ നന്മയ്ക്ക് ഉതകുന്ന പല മാര്‍ഗങ്ങളില്‍ ഒന്നാകാം. രാഷ്ട്രീയ അധികാരമെന്തെന്നാല്‍ ദേശീയ ജീവിതം തിരഞ്ഞെടുക്കപ്പെട്ടവരാല്‍ നിയന്ത്രിക്കുക എന്നതാണ്.' 'ദേശീയ ജീവിതം പൂര്‍ണ്ണമാവണമെങ്കില്‍ ഓരോരുത്തരും സ്വയം നിയന്ത്രണമുള്ളവരായിരിക്കണം. അവിടെ ഒരു ജനപ്രതിനിധിയുടെ ആവശ്യമില്ല. രാജ്യം അരാജകത്വത്തിലോ ക്രമാസമാധാനക്കേടിലോ ആയിരിക്കില്ല. അങ്ങനെയുള്ള ഒരു രാജ്യത്ത് ഓരോരുത്തരും സ്വയം മാസ്റ്റര്‍മാരായിരിക്കും. അവിടെ കാര്യനിര്‍വഹണത്തോടെ സര്‍ക്കാരിനും ഭരിക്കാന്‍ സാധിക്കും.

വൈവിധ്യങ്ങളായിരുന്ന ഇന്ത്യപോലുള്ള ഒരു രാജ്യത്ത് ചരിത്രാതീത കാലം മുതല്‍ പരസ്പ്പര ധാരണയും ഐക്യവുമുണ്ടായിരുന്നു. എല്ലാവിധ ആശയങ്ങളും ഭാരതീയ ദര്‍ശനങ്ങളില്‍ സ്വീകരിച്ചിട്ടുണ്ട്. വിദേശികളുടെ കാഴ്ചപ്പാടുകളെയും നാം ആദരിച്ചിട്ടുണ്ട്. ധാര്‍മ്മിക ചിന്തകളും സഹിഷ്ണതകളുമാണ് നമ്മെ നയിച്ചിരുന്നത്. അതാണ് പരസ്പര മത്സരത്തില്‍ക്കൂടി സഞ്ചരിക്കുന്ന ഒരു ലോകത്തെ നേരായി നിയന്ത്രിക്കാനുള്ള വഴികളും. 'ദൈനം ദിന ജീവിതത്തില്‍ ഉടലെടുക്കുന്ന പരസ്പര മത്സരങ്ങളും കലഹങ്ങളും ഒഴിവാക്കാന്‍ അതുമൂലം ജനാധിപത്യം വിജയകരമാക്കാന്‍ നമുക്ക് ആത്മനിയന്ത്രണവും അഹിംസാ വാദവും അനിവാര്യമാണെന്നും' ഗാന്ധിജി പറഞ്ഞു.

മഹാത്മ ഗാന്ധിജി പറഞ്ഞത് 'ജനാധിപത്യത്തിന്റെ ആത്മാവ് വെറും യാന്ത്രികമല്ല. ഹൃദയത്തില്‍നിന്നുള്ള മാനസിക പരിവര്‍ത്തനം ആവശ്യമാണ്. പ്രത്യേകിച്ച് ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് സാമൂഹികമായ നീതിയെ വിലയിടിച്ച് കാണിക്കാന്‍ പാടില്ല. സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുകൊണ്ടാണ് സാമൂഹികമായ നീതിനിര്‍വഹണം ഇന്ത്യയില്‍ നടപ്പാക്കാന്‍ സാധിക്കാതെ പോകുന്നതും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതും.' നൂറായിരം ജനങ്ങള്‍ ഇന്ന് നീതിക്കായി ദാഹിക്കുന്നു. അവര്‍, രാഷ്ട്രീയ സാമ്പത്തിക ബൗദ്ധിക നിലവാരങ്ങളിലും കഷ്ടപ്പെടുന്നു. അതുകൊണ്ട് മഹാത്മാ ഗാന്ധി അധികാര വികേന്ദ്രകരണം (decentralization) വിഭാവന ചെയ്തു. അതുമൂലം ഓരോരുത്തര്‍ക്കും രാഷ്ട്രീയവും സാമ്പത്തികവുമായ വിഷയങ്ങളില്‍ തീരുമാനങ്ങളെടുക്കാന്‍ സാധിക്കുന്നു. സാധാരണക്കാര്‍ക്കും മെച്ചമായ ഒരു ജീവിത നിലവാരം പുലര്‍ത്തുകയും ചെയ്യാം. സമൂഹത്തില്‍ സമത്വം സൃഷ്ടിക്കാനും കഴിയുന്നു.

ഗാന്ധിജി എഴുതി 'സര്‍വ ജനങ്ങള്‍ക്കും ജാതികള്‍ക്കും തുല്യമായി അധികാര വികേന്ദ്രികരണം വരെ ജനാധിപത്യം അസാധ്യമാണ്. പറയനും തൊഴിലാളിക്കും മുതലാളിയെപ്പോലെ തുല്യമായി ജീവിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാക്കണം. സ്വയം ഭരണാവകാശത്തില്‍ക്കൂടി അവര്‍ക്കും അതിനുള്ള പങ്ക് നല്‍കണം. അതാണ് 'സ്വരാജ്യ' അല്ലെങ്കില്‍ ഡെമോക്രസി എന്ന് പറയുന്നത്.' സാമൂഹിക നീതി നടപ്പാക്കാന്‍ ഒരു കാര്യ നിര്‍വാഹക സംഘടനയുടെ (Trusteeship) ആവശ്യകതയും ഗാന്ധി ചൂണ്ടി കാണിക്കുന്നുണ്ട്. മുതലാളിയും തൊഴിലാളിയും തമ്മിലുള്ള ആരോഗ്യപരമായ ഒരു ബന്ധവും എടുത്ത് പറയുന്നുണ്ട്. എല്ലാവരും ഒരുപോലെ സ്വയം പര്യാപ്തമാകാന്‍ സ്വത്തും വസ്തുക്കളും ധനവും ഒരു കാര്യ പ്രസക്തമായ സംഘടനയുടെ (Trustiship) നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ അദ്ദേഹം നിര്‍ദേശിക്കുന്നു. അതുവഴി മനുഷ്യന് ആവശ്യമുള്ള അത്യാവശ്യ സാധനങ്ങളും ലഭിക്കാന്‍ ആഗ്രഹിക്കുന്നു. ഇക്കാര്യത്തിനായി അദ്ദേഹം രാജ്യാന്തര അതിര്‍ത്തിയും കടന്ന് ചിന്തിക്കുന്നു.

ഗാന്ധിജിയുടെ ജനാധിപത്യ വീക്ഷണത്തിലുള്ള നീതിയും സ്വാതന്ത്ര്യവും കൂടാതെ ഒരുവനുള്ള മൗലിക അവകാശങ്ങളെപ്പറ്റിയും ഗാന്ധിജി ഹരിജനില്‍ എഴുതിയിട്ടുണ്ട്. സന്മാര്‍ഗികതയും ധാര്‍മ്മികതയും ഗാന്ധിജി എക്കാലവും സംസാരിച്ചിരുന്ന വിഷയങ്ങളായിരുന്നു. അഹിംസയുടെ പ്രാധാന്യത്തോടൊപ്പം ഓരോരുത്തരുടെയും കര്‍ത്തവ്യങ്ങളെപ്പറ്റിയും സംസാരിക്കുമായിരുന്നു. അദ്ദേഹം പറഞ്ഞു, 'അഹിംസാസിദ്ധാന്തങ്ങളില്‍ അര്‍പ്പിക്കപ്പെട്ട അടിസ്ഥാനമായ ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ എന്തെല്ലാമുണ്ടെന്ന് അറിയേണ്ട ആവശ്യമില്ല. എന്നാല്‍ അവരുടെ കര്‍മ്മങ്ങള്‍ ശരിയായി മനസിലാക്കുകയും അറിയുകയും വേണം.'

മറ്റൊരു അവസരത്തില്‍ അദ്ദേഹം എഴുതി, 'കര്‍ത്തവ്യ നിരതനായ ഒരുവനില്‍ അവകാശങ്ങള്‍ സ്വയമേവ വന്നെത്തുന്നു. കര്‍മ്മത്തില്‍ ജീവിക്കുന്നവന്റെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമായിരിക്കും.' ഗാന്ധിജി മരണപ്പെടുന്നതിനു മുമ്പ് പറഞ്ഞു, 'ഇന്ന് മുതലാളിമാരും സെമീന്താര്‍മാരും അവരുടെ അവകാശങ്ങളെപ്പറ്റി മാത്രം സംസാരിക്കുന്നു. അതേ സമയം പാവപ്പെട്ട തൊഴിലാളികള്‍ അവരുടെ രാജാവിന്റെ ഭരിക്കാനുള്ള ദൈവിക അവകാശങ്ങളെപ്പറ്റിയും സംസാരിക്കുന്നു. ഒരുവന്റെ അവകാശങ്ങള്‍ മാത്രം ഉരുവിട്ടുകൊണ്ട് കര്‍മ്മങ്ങള്‍ ത്യജിച്ചുകൊണ്ടു ജീവിച്ചാല്‍, അസമത്വവും അലങ്കോലവും വിഭ്രാന്തിയും അരാജകത്വവും സംഭവിക്കാം.'

വീണ്ടും അദ്ദേഹം പറഞ്ഞു, ' രാജാക്കന്മാര്‍ക്ക് ദൈവികമായ യാതൊരു അവകാശങ്ങളും നല്‍കിയിട്ടില്ല. അതുപോലെ വിനയത്തോടെ തന്റെ യജമാനനെ അനുസരിക്കണമെന്നുള്ള അവകാശങ്ങളും ആര്‍ക്കും കൊടുത്തിട്ടില്ല.' 1947 ജൂലൈയില്‍ ഗാന്ധിജി ഹരിജനില്‍ എഴുതിയതാണ് ഇത്. ഗാന്ധിജി ഒരുവന്റെ കര്‍മ്മങ്ങളും മൗലിക അവകാശങ്ങളും തമ്മില്‍ വേര്‍തിരിച്ചിരിക്കുന്നു. അതില്‍ കര്‍മ്മത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്നു. മനുഷ്യരുടെ അവകാശങ്ങളുടെ കാര്യത്തില്‍ വ്യത്യസ്തമായി സംസാരിക്കുന്നു.

എങ്കിലും ഒരു പൗരന്റെ അവകാശങ്ങളെപ്പറ്റി പറഞ്ഞതായ അഭിപ്രായങ്ങള്‍ അദ്ദേഹം ഗൗരവപൂര്‍വം പറഞ്ഞതായിരിക്കാന്‍ സാധ്യതയില്ല. സ്വന്തം ജീവിതത്തില്‍ അവകാശങ്ങള്‍ക്കും തുല്യസ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതിയ മഹാനാണദ്ദേഹം. മരണംവരെ സാമൂഹിക, മത, യുക്തിപര. രാഷ്ട്രീയ സാമ്പത്തിക സ്വതന്ത്ര്യത്തിനായുള്ള അവകാശങ്ങള്‍ക്കുവേണ്ടി വിശ്രമമില്ലാതെ നിലകൊള്ളുകയും ചെയ്തു. കൂടാതെ ഗാന്ധിജി, രാജാക്കന്മാരുടെ ഭരിക്കാനുള്ള ദൈവദത്തമെന്നു കരുതിയിരുന്ന അവകാശങ്ങളെയും നിഷേധിച്ചിരുന്നു. യജമാനന്മാരെപ്പോലെ അവരെ തലകുമ്പിട്ടുകൊണ്ട് അനുസരിക്കരുതെന്നും ഉപദേശിച്ചിരുന്നു. അങ്ങനെയെങ്കില്‍ ജനങ്ങളുടെ അവകാശങ്ങളെ നിഷേധിക്കണമെന്ന് ഗാന്ധിജിക്ക് എങ്ങനെ പറയാന്‍ സാധിക്കും? രാജ്യത്തിന്റെ മുഴുവന്‍ അവകാശങ്ങള്‍ക്കായും നീതിക്കുവേണ്ടിയും പൊരുതാന്‍ കൂടെക്കൂടെ സര്‍വ്വ ജനങ്ങളെയും ആഹ്വാനം ചെയ്തുകൊണ്ടിരുന്നു. അധികാര വികേന്ദ്രകരണത്തെപ്പറ്റിയും ട്രസ്റ്റിഷിപ്പിനെപ്പറ്റിയും സംസാരിച്ചിരുന്നു. സ്വാതന്ത്ര്യത്തോടൊപ്പം എല്ലാവര്‍ക്കും തുല്യ അവകാശങ്ങള്‍ ഗാന്ധിജി ആഗ്രഹിച്ചിരുന്നു. സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജി പൗരാവകാശങ്ങള്‍ക്ക് അമിത പ്രാധാന്യം കല്പിച്ചിരുന്നു. അക്രമരഹിതമായ എല്ലാ സമരങ്ങള്‍ക്കും ജനകീയ അവകാശങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി. സൗത്ത് ആഫ്രിക്കയിലും പൊരുതിയത് ഇന്ത്യക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടിയായിരുന്നു. ഗാന്ധിജി മനുഷ്യാവകാശങ്ങള്‍ക്ക് എതിരാണെന്ന് വിശ്വസിക്കുന്നതും അല്ലെങ്കില്‍ കര്‍മ്മത്തില്‍ മാത്രം അദ്ദേഹം വിശ്വസിച്ചിരുന്നുവെന്നതും ശരിയല്ല. വാസ്തവത്തില്‍ ഗാന്ധിജിക്ക് ഉല്‍കൃഷ്ടമായ ഒരു കാഴ്ചപ്പാട് മനുഷ്യാവകാശങ്ങളെ സംബന്ധിച്ചുണ്ടായിരുന്നു.

ഗാന്ധിജിയുടെ പൗരാവകാശങ്ങള്‍ സന്മാര്‍ഗീകതയില്‍ അടിസ്ഥാനമാക്കിയുള്ളതാണ്. സന്മാര്‍ഗതയില്ലെങ്കില്‍ ഗാന്ധിജിയുടെ ഭാവനയില്‍ ജനാധിപത്യമില്ല. കൂടാതെ, സന്മാര്‍ഗീകത വികസിക്കുന്നത് പരസ്പ്പര ബഹുമാനത്തോടെയും പരസ്പ്പരം അവകാശങ്ങളെ ബഹുമാനിച്ചുകൊണ്ടുമാണ്. ജനാധിപത്യത്തില്‍ പൗരാവകാശത്തെ ബഹുമാനിക്കാതെയും ജനങ്ങള്‍ക്ക് സുരക്ഷിതത്വം പ്രദാനം ചെയ്യാതെയുമുള്ള കാര്യങ്ങള്‍ നാം നിത്യേന കാണുന്നതാണ്. സ്വന്തം അവകാശങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും മറ്റുള്ളവരുടെ അവകാശങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നതും മനുഷ്യ സഹജമായി തീര്‍ന്നിരിക്കുന്നു. അതിന്റെ ഫലമായി മനുഷ്യാവകാശ ലംഘനങ്ങള്‍ കൂടെക്കൂടെയുണ്ടാവുന്നു. ജനാധിപത്യം തകരാറിലാകുന്നു. അതുകൊണ്ട്, ഗാന്ധിജിയുടെ മനുഷാവകാശ കാഴ്ച്ചപ്പാടുകള്‍ കര്‍മ്മത്തിലും അടിസ്ഥാനമെന്നുള്ളത് വില കുറച്ചു കാണാന്‍ സാധിക്കില്ല. മറിച്ച് അദ്ദേഹത്തിന്റെ ആശയങ്ങള്‍ വളരെയേറെ
പ്രാധാന്യമുള്ളതും ജനാധിപത്യത്തിന് മുതല്‍കൂട്ടുമാണ്.

സനാതന സത്യത്തെ അദ്ദേഹം ബ്രഹ്മമായി കണ്ടു. നാവില്‍നിന്ന് ഉതിരുന്നതും പ്രവര്‍ത്തനങ്ങളും ഒന്നാകുമ്പോള്‍ അത് ബ്രഹ്മ സാഷാത്ക്കരമായും ദര്‍ശിച്ചിരുന്നു. സര്‍വ്വ ജീവജാലങ്ങളെയും ഹിംസിക്കാതിരിക്കുക വഴി സത്യവും സ്‌നേഹവും തമ്മില്‍ തിരിച്ചറിയാനുള്ള പന്ഥാവും അദ്ദേഹം തുറന്നു വിട്ടു. കൊല്ലരുതേയെന്നുള്ള താത്ത്വിക ദര്‍ശനത്തില്‍ക്കൂടി മാത്രമേ ഒരുവന് പൂര്‍ണ്ണമായ ഒരു അഹിംസാ വാദിയാകാന്‍ സാധിക്കുള്ളൂ. രക്തഭൂമികളിലെ നനവില്‍ക്കൂടിയാണ് ഇന്നു ലോകരാജ്യങ്ങള്‍ ജൈത്രയാത്ര നടത്തുന്നത്. ജാതി ഭേദങ്ങള്‍, മതവികാരങ്ങളെ ഇളക്കിക്കൊണ്ടും നെഞ്ചോട് നെഞ്ചുകള്‍ ചേര്‍ന്ന് കത്തികള്‍കൊണ്ട് പിളര്‍ത്തിയും വെടിയുണ്ടകള്‍കൊണ്ട് തുളപ്പിച്ചും മനുഷ്യ ജീവിതങ്ങളെ കവര്‍ന്നെടുക്കുന്ന ഒരു കിരാത യുഗത്തില്‍ക്കൂടിയാണ് നാമിന്ന് കടന്നുപോവുന്നത്. മനുഷ്യര്‍ തമ്മില്‍ ഏകതാ ചിന്തകളും സാമൂഹിക ബോധവും സാഹോദര്യ ബന്ധങ്ങളും വളര്‍ത്താന്‍ സാധിക്കാത്ത ഒരു സ്ഥിതിവിശേഷവും ലോകത്ത് വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.

തുടരും.
Join WhatsApp News
M.V. 2019-05-13 08:45:36

  Gandhi -  we all would have to wait for the hereafter , about the mysteries and meanings of the lives of each of us , all of it to be revealed at the Last Judgement , in front of all ..

      The  Church in India had fallen under the  heretical Church of The  East , that , at one time  was present  from China to India ...it is said that even the trade winds worked , in favor of the finding by Vasco De Gama , the Portugese explorer , to bring him and later the missionaries who brought the unity into The Church , to help same to overcome the errors , to be strengthened to  withstand the enemy assualts to come , our Lord always  seeing all in the 
 'now ' of eternity .
    .Britain meanwhile , having had to leave the American colonies and the source of cotton  for her  mills , turned to India ...as a tool in uniting the land ..also as a tool of bringing divisions against The Church too may be , which had already divided itself away .
     Gandhi ..was there deep wounds of the racial hatred he felt in his days in the West that was the underlying motive of most of his actions ..a wound  that he never knew to  hand  over to The Lord , in the Immaculate Heart ..unsure if his own struggles with own wife also played a part in same .. 
   he could not see the sense in our Lord taking on the wounds in us all , from the fallen spirits that come in from wrong  choices ..and we see how those spirits were unleashed in the riots and slaughter and ongoing divisions and spending on arms , to this day ..
 would there have been a more peaceful transition, if there was  guidance under the authority of  a Mother , like that happened with the Consecration , by St.John Paul 11 ..


   the need for the ongoing spiritual battles , its oneness in the wounds , in The Lord - may Gandhi and those who desire to follow his example also   be blessed to see the fuller truth of these realms ...


Sakav thomman 2019-05-13 15:10:11
Modi and BJP spent crores of Rupees for Patel Statue. Mahathma is being assassinated systematically with Praises, articles.or seminars. Harijan is raped, Modi gang divourcing women, corruption is rampant. Gandhi s vision of Ramarajya a mere delusion . Mayavati, come on.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക