Image

വ്യാജ മുദ്രപ്പത്രക്കേസ്: വക്കീല്‍ ഗുമസ്തന്‍ കുറ്റം സമ്മതിച്ചു

Published on 24 April, 2012
വ്യാജ മുദ്രപ്പത്രക്കേസ്: വക്കീല്‍ ഗുമസ്തന്‍ കുറ്റം സമ്മതിച്ചു
തിരുവനന്തപുരം: തലസ്ഥാനത്തെ വിവിധ കോടതികളില്‍നിന്നു വ്യാജ മുദ്രപ്പത്രങ്ങള്‍ കണെ്ടടുത്ത കേസില്‍ അറസ്റ്റിലായ വക്കീല്‍ ഗുമസ്തന്‍ പൗഡിക്കോണം സ്വദേശി വിജയകുമാര്‍ കുറ്റം സമ്മതിച്ചു. 2008 മുതല്‍ വ്യാജമുദ്രപ്പത്രം നിര്‍മിച്ചിരുന്നതായി പ്രതി പോലീസിനോടു സമ്മതിച്ചു. വീട്ടിലെ പ്രിന്ററിലാണ് വ്യാജ മുദ്രപ്പത്രങ്ങള്‍ നിര്‍മിച്ചിരുന്നതെന്നും പ്രതി പോലീസിനോടു വെളിപ്പെടുത്തി. വഞ്ചിയൂര്‍ കോടതിയിലെ പ്രമുഖ അഭിഭാഷകരുടെ ഗുമസ്തനാണ് വിജയകുമാര്‍.

ഇയാളെ ഇന്നലെ എറണാകുളത്തുനിന്നാണു സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വിജയകുമാര്‍ ഹൈക്കോടതി മുഖാന്തരം മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതായുള്ള രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കോടതികളില്‍നിന്നു വ്യാജ മുദ്രപ്പത്രങ്ങള്‍ കണെ്ടത്തിയ സംഭവത്തില്‍ മുതിര്‍ന്ന വെന്‍ഡറായ ശ്രീധരന്‍നായരെ പ്രതിയാക്കി വഞ്ചിയൂര്‍ പോലീസ് കേസെടുത്തിരുന്നു. ഇയാള്‍ ഒളിവിലാണ്.

ഒളിവിലിരിക്കേ ശ്രീധരന്‍ നായര്‍ താന്‍ നിരപരാധിയാണെന്നും വക്കീല്‍ ഗുമസ്തനായ വിജയകുമാര്‍ തന്റെ പേരില്‍ വ്യാജ മുദ്രപ്പത്രം തയാറാക്കി കോടതിയില്‍ സമര്‍പ്പിച്ചതാണെന്നും തന്റെ ഒപ്പ് വ്യാജമായി ഇട്ടതാണെന്നും കാണിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ക്കു കത്തയച്ചിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി അന്വേഷണ സംഘം വിജയകുമാറിനുവേണ്ടി തെരച്ചില്‍ നടത്തുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക