Image

മമത മാത്രമല്ല, എസ്പിയും ബിഎസ്പിയും പ്രതിപക്ഷ യോഗത്തിനില്ല; ആദ്യം ഫലം വരട്ടെ എന്ന്

Published on 14 May, 2019
മമത മാത്രമല്ല, എസ്പിയും ബിഎസ്പിയും പ്രതിപക്ഷ യോഗത്തിനില്ല; ആദ്യം ഫലം വരട്ടെ എന്ന്

ദില്ലി: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്ബ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എസ്പിയും ബിഎസ്പിയും എത്തിയേക്കില്ലെന്ന് വിവരം. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മുന്‍കൈയ്യെടുത്ത് വിളിച്ചിരിക്കുന്ന മെയ് 21ലെ ദില്ലി യോഗത്തില്‍ നിന്ന് ഇരുപാര്‍ട്ടിയുടെയും നേതാക്കള്‍ വിട്ടുനിന്നേക്കും.

നേരത്തെ ഈ യോഗത്തില്‍ പങ്കെടുക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഉണ്ടാകില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. മെയ് 19നാണ് അവസാനഘട്ട വോട്ടെടുപ്പ്. 23ന് വോട്ടെണ്ണും. ഇതിന് മുമ്ബ് പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യരൂപീകരണത്തില്‍ തീരുമാനത്തിലെത്തണമെന്നാണ് നായിഡുവിന്റെ അഭിപ്രായം. തുടര്‍ന്നാണ് അദ്ദേഹം രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയതും തിയ്യതി തീരുമാനിച്ചതും.

എല്ലാ പാര്‍ട്ടികളുടെയും സീറ്റുകളുടെ എണ്ണം സംബന്ധിച്ച്‌ കൃത്യമായ വിവരങ്ങള്‍ ലഭിച്ച ശേഷം മതി സഖ്യ ചര്‍ച്ച എന്നാണ് എസ്പിയുടെ തീരുമാനമെന്ന് പാര്‍ട്ടി നേതാവ് പറഞ്ഞു. ഫലം വരുന്നതിന് മുമ്ബ് യോഗം ചേരുന്നതില്‍ അര്‍ഥമില്ല എന്നാണ് ബിഎസ്പി അധ്യക്ഷ മായാവതിയുടെ നിലപാട് എന്ന് അവരുമായി അടുപ്പമുള്ളവര്‍ പറയുന്നു.

ചന്ദ്രബാബു നായിഡു കൃത്യമായ അജണ്ടയോടെയാണ് മുന്നോട്ട് പോകുന്നത്. ബിജെപിയെ എന്തുവില കൊടുത്തും അധികാരത്തില്‍ നിന്ന അകറ്റുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിക്കുകയാണ് ചെയ്യുക. ബിജെപി ഏറ്റവും വലിയ കക്ഷിയായാല്‍ അവര്‍ക്ക് ആദ്യ അവസരം ലഭിക്കും. ഇത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് നായിഡു നീങ്ങിയത്. കോണ്‍ഗ്രസും ഇതിന് പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ പ്രധാന കക്ഷികള്‍ വിട്ടുനില്‍ക്കുമെന്നാണ് പുതിയ വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക