Image

ആദിവാസി സമൂഹത്തില്‍പ്പെട്ട 74 പേര്‍ കേരള പൊലിസിന്റെ ഭാഗമാവുന്നു

Published on 15 May, 2019
ആദിവാസി സമൂഹത്തില്‍പ്പെട്ട 74 പേര്‍ കേരള പൊലിസിന്റെ ഭാഗമാവുന്നു


തൃശൂര്‍:  ആദിവാസി സമൂഹത്തെ മുഖ്യ ധാരയിലേക്ക്‌ എത്തിക്കാനുള്ള സര്‍ക്കാരിന്റെപദ്ധതി യാഥാര്‍ഥ്യമാകുന്നു. ആദിവാസി സമൂഹത്തില്‍പ്പെട്ട 74 പേര്‍ കേരള പൊലീസ്‌ സേനയുടെ ഭാഗമാവുകയാണ്‌. നാട്‌ കാക്കാന്‍ കാടിന്റെ മക്കളും കാക്കിയണിഞ്ഞു. ഇതില്‍ 24 പേര്‍ വനിതകള്‍ ആണെന്നതും ശ്രദ്ധേയമാണ്‌.

ചരിത്രത്തിലാദ്യമായാണ്‌ ആദിവാസി വിഭാഗങ്ങളില്‍ നിന്ന്‌ യുവതീ യുവാക്കള്‍ കേരള പൊലീസിന്റെ ഭാഗമാവുന്നത്‌. പ്രത്യേക നിയമനംവഴിയാണ്‌ 74 കോണ്‍സ്റ്റബിള്‍മാരെ തെരഞ്ഞെടുത്തത്‌. ഇവര്‍ പരിശീലനം പൂര്‍ത്തിയാക്കി ബുധനാഴ്‌ച കര്‍മരംഗത്തേക്കിറങ്ങുകയാണ്‌. സര്‍ക്കാരിന്റെ ധീരമായ നിലപാടാണ്‌ കാടിന്റെ മക്കളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരുന്നത്‌.

മലപ്പുറം, വയനാട്‌, പാലക്കാട്‌ ജില്ലകളിലെ വനമേഖലയില്‍നിന്നുള്ള അഭ്യസ്‌തവിദ്യരായ ചെറുപ്പക്കാരെയാണ്‌ പ്രത്യേക റിക്രൂട്ട്‌മെന്റ്‌ വഴി പൊലീസില്‍ നിയമിച്ചത്‌.ഈ മേഖലകളില്‍ വനം കേന്ദ്രീകരിച്ച്‌ നക്‌സലേറ്റ്‌ മാവോയിസ്റ്റ്‌ പ്രവര്‍ത്തനം സ്ഥിരീകരിച്ചിട്ടുണ്ട്‌. ഈ അവസരത്തില്‍ പുതിയ നിയമനത്തിലൂടെ വനമേഖലയില്‍ പൊലീസിന്‌ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവും. പരിശീലനം പൂര്‍ത്തിയാക്കിയ 74 പേരില്‍ രണ്ടുപേര്‍ ബിരുദാനന്തര ബിരുദം നേടിയവരാണ്‌.

രണ്ടുപേര്‍ ബിരുദവും ബിഎഡുമുള്ളവരാണ്‌. ഏഴുപേര്‍ ബിരുദവും ഒരാള്‍ ഡിപ്ലോമയും നേടി. 30 പേര്‍ പ്ലസ്‌ ടു യോഗ്യതയുള്ളവരാണ്‌. 31 പേര്‍ എസ്‌എസ്‌എല്‍സി യോഗ്യതയുള്ളവരാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക