Image

തൃശൂരില്‍ തിരിച്ചടിയുണ്ടാകുമെന്ന വാര്‍ത്ത തള്ളി പ്രതാപന്‍

Published on 15 May, 2019
   തൃശൂരില്‍ തിരിച്ചടിയുണ്ടാകുമെന്ന വാര്‍ത്ത തള്ളി പ്രതാപന്‍



തിരുവനന്തപുരം: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്‌ ഫലത്തില്‍ താന്‍ ആശങ്ക പ്രകടിപ്പിച്ചെന്ന വാര്‍ത്ത നിഷേധിച്ച്‌ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്‍.

തൃശൂരില്‍ പ്രതീക്ഷിക്കാത്ത അടിയൊഴുക്കുകള്‍ ഉണ്ടായേക്കാമെന്നും സുരേഷ്‌ ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം തിരിച്ചടി ആയെന്നുമുള്ള പ്രസ്‌താവനയാണ്‌ പ്രതാപന്‍ നിഷേധിച്ചത്‌.

തെരഞ്ഞെടുപ്പില്‍ 25000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകുമെന്നാണ്‌ പ്രതാപന്‍ പറയുന്നത്‌. വിജയത്തില്‍ ആശങ്ക പ്രകടിപ്പിച്ചെന്ന വാര്‍ത്തകള്‍ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും പ്രതാപന്‍ പറഞ്ഞു.

ഹിന്ദു, ക്രൈസ്‌തവ, ഇസ്ലാം വിഭാഗങ്ങളുടെ വോട്ടുകള്‍ യു.ഡി.എഫിന്‌ ലഭിച്ചിട്ടുണ്ട്‌. മറിച്ചു പറഞ്ഞതായ വാര്‍ത്തകള്‍ ശരിയല്ല. ഹിന്ദു വോട്ടുകള്‍ കുറഞ്ഞ തോതില്‍ ബി.ജെ.പിക്ക്‌ പോയിട്ടുണ്ടെന്നത്‌ വസ്‌തുതയാണെന്നും പ്രതാപന്‍ പറഞ്ഞു.

തുടക്കത്തില്‍ വന്‍ മുന്നേറ്റം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി സുരേഷ്‌ ഗോപി വന്നതോടെ അതില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടായി. എന്നാല്‍ യു.ഡി.എഫിന്‌ തിരിച്ചടിയില്ല. ഒരു സര്‍വേ ഏജന്‍സിയും പ്രവചിക്കാത്ത ഭൂരിപക്ഷ കിട്ടാനുള്ള സാധ്യതയുണ്ട്‌. പ്രതാപന്‍ പറഞ്ഞു.

തിരുവനന്തപുരത്ത്‌ നടന്ന കെ.പി.സി.സി നേതൃ യോഗത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ സംബന്ധിച്ച ആശങ്ക ടി.എന്‍ പ്രതാപന്‍ പങ്കുവെച്ചത്‌. സുരേഷ്‌ ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം തിരിച്ചടി ആയെന്നും ടി.എന്‍ പ്രതാപന്‍ യോഗത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

തൃശൂരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ചില അടിയൊഴുക്കുകള്‍ ഉണ്ടായേക്കാമെന്നും നെഗറ്റീവ്‌ വാര്‍ത്തയും പ്രതീക്ഷിക്കാമെന്നും ടി എന്‍ പ്രതാപന്‍ യോഗത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക