Image

ഇന്ത്യയുടെ ആയുധങ്ങള്‍ക്ക്‌ നിലവാരമില്ലെന്ന്‌ കരസേന

Published on 15 May, 2019
ഇന്ത്യയുടെ ആയുധങ്ങള്‍ക്ക്‌ നിലവാരമില്ലെന്ന്‌ കരസേന

ന്യൂഡല്‍ഹി : പൊതുമേഖലാ ആയുധനിര്‍മാണസ്ഥാപനമായ ഓര്‍ഡനന്‍സ്‌ ഫാക്ടറി ബോര്‍ഡ്‌ (ഒ.എഫ്‌.ബി.) നല്‌കുന്ന വെടിക്കോപ്പുകള്‍ക്ക്‌ നിലവാരമില്ലെന്നും വിഷയത്തില്‍ പ്രതിരോധമന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും കരസേന. ഇതുസംബന്ധിച്ച്‌ പ്രതിരോധ നിര്‍മാണവിഭാഗം സെക്രട്ടറി അജയ്‌ കുമാറിന്‌ സേനാധികൃതര്‍ കത്തു നല്‌കി.

ഏതാനുംവര്‍ഷങ്ങളായി വെടിക്കോപ്പുകള്‍ കാരണം ടാങ്കുകള്‍, പീരങ്കികള്‍ തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ അപകടമുണ്ടാവുന്നതു പതിവാണെന്ന്‌ കത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍ ഉണ്ടായ അപകടങ്ങള്‍ മന്ത്രാലയത്തിനു നല്‍കിയ റിപ്പോര്‍ട്ടില്‍ സേന വ്യക്തമാക്കിയിട്ടുണ്ട്‌.

അര്‍ജുന്‍ ടാങ്ക്‌, വിവിധതരം പീരങ്കികള്‍, വ്യോമ പ്രതിരോധ തോക്കുകള്‍ തുടങ്ങിയവയ്‌ക്കു നാശനഷ്ടമുണ്ടായെന്നും സൈനികര്‍ക്കു പരിക്കേറ്റെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷയം പരിശോധിച്ച മന്ത്രാലയം വെടിക്കോപ്പുകളുടെ നിലവാരം ഒ.എഫ്‌.ബി. ഉയര്‍ത്തുന്നില്ലെന്നു കണ്ടെത്തിയെന്നാണ്‌ വിവരം.

അതേസമയം, കരസേനയുടെ ആരോപണം ഒ.എഫ്‌.ബി. തള്ളി. വെടിക്കോപ്പുകള്‍ സമഗ്രമായി പരിശോധിച്ചശേഷമാണ്‌ സേനയ്‌ക്കു കൈമാറുന്നതെന്ന്‌ അവര്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക