Image

മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Published on 25 April, 2012
മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതിയുടെ അന്തിമറിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവെച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേരളത്തിന്റെ സുരക്ഷാ ആശങ്കകള്‍ക്ക് റിപ്പോര്‍ട്ടില്‍ പരിഗണന നല്‍കിയിട്ടുണ്‌ടെന്നാണ് സൂചന. പ്രശ്‌ന പരിഹാരത്തിന് മുല്ലപ്പെരിയാറില്‍ പുതിയ ഡാം ആകാമെന്നും തമിഴ്‌നാടിന് നിലവിലെ അളവില്‍ വെള്ളം നല്‍കണമെന്നും സമിതി ശിപാര്‍ശ ചെയ്തിട്ടുണ്‌ടെന്നും സൂചനയുണ്ട്.

വെള്ളം കൊണ്ടു പോകാനായി തമിഴ്‌നാടിന് പുതിയ ടണലുകള്‍ നിര്‍മിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എട്ട് അധ്യായങ്ങളും 260 പേജുമുള്ള റിപ്പോര്‍ട്ടാണ് സമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച് തീരുമാനമെടുക്കുക. അടുത്തമാസം നാലിനാണ് സുപ്രീംകോടതി റിപ്പോര്‍ട്ട് പരിഗണിക്കുന്നത്.

ജസ്റ്റിസ് എ.എസ്. ആനന്ദ് അധ്യക്ഷനായ അഞ്ചംഗ ഉന്നതാധികാരസമിതിയാണ് എട്ട് അധ്യായങ്ങളിലായി 260 പേജുകളുള്ള അന്തിമ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. രണ്ടുതവണ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചും ഇരുപതിലേറെ തവണ യോഗം ചേര്‍ന്നും, അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച വിവിധ പരിശോധനാ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയുമാണ് ഉന്നതാധികാരസമിതി റിപ്പോര്‍ട്ട് തയാറാക്കിയത്. അപകടസ്ഥിതിയിലുള്ള നിലവിലെ അണക്കെട്ടിനു പകരം പുതിയതു നിര്‍മിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. തമിഴ്‌നാടിന് നിലവിലെ അളവില്‍ വെള്ളം കൊടുക്കാന്‍ തയാറാണെന്നും കേരളം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ നിലവിലെ അണക്കെട്ട് സുരക്ഷിതമാണെന്നും പുതിയ അണക്കെട്ടിന്റെ ആവശ്യമില്ലെന്നുമാണ് തമിഴ്‌നാടിന്റെ നിലപാട്. പുതിയ അണക്കെട്ട് നിര്‍മിച്ചാല്‍ ഉടമസ്ഥാവകാശം നഷ്ടമാകുമെന്ന ആശങ്കയും തമിഴ്‌നാടിനുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ അണക്കെട്ടിലെ ജലവിനിയോഗം കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്രസമിതിയെ ഏല്‍പിക്കാന്‍ തയാറാണെന്ന് കേരളം അറിയിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക