Image

എന്താണ് ബാങ്ക് മാനേജര്‍ ചെയ്ത പാതകം...?

Sajeev Ala-FB Published on 15 May, 2019
എന്താണ് ബാങ്ക് മാനേജര്‍ ചെയ്ത പാതകം...?
അവനെ കല്ലെറിഞ്ഞു കൊല്ലുക

അവനാണ് ആ അമ്മയെയും മകളേയും ആത്മഹത്യയിലേക്ക് തള്ളിവിട്ടത്.

നെയ്യാറ്റിന്‍കര കാനറാ ബാങ്ക് മാനേജരുടെ രക്തത്തിനായി ആള്‍ക്കൂട്ടം അലറി വിളിക്കുന്നു.

എന്താണ് ബാങ്ക് മാനേജര്‍ ചെയ്ത പാതകം...?

കാനറാ ബാങ്കില്‍ നിന്ന് ഒരാള്‍ക്ക് പതിനഞ്ച് കൊല്ലം മുമ്പ് 5 ലക്ഷം രൂപാ ഹൗസിംഗ് ലോണ്‍ കൊടുക്കുന്നു.

(അന്ന് നമ്മുടെ കൊലപാതകി മാനേജര്‍ ഒരു പക്ഷെ ജോലിക്ക് കയറിയിട്ട് പോലുമുണ്ടാവില്ല)

വായ്പ എടുത്തയാള്‍ കൃത്യമായി തിരിച്ചടക്കാതെ ലോണ്‍ കുടിശ്ശികയാവുന്നു.

തുടര്‍ച്ചയായി മൂന്ന് തവണകള്‍ മുടങ്ങിയാല്‍ ബാങ്ക് നിയമപ്രകാരം ലോണ്‍ NPA ആയിമാറുന്നു.

വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് മാറിമാറി വരുന്ന മാനേജര്‍മാര്‍ കുടിശ്ശിക കക്ഷിയെ നിരന്തരം ഫോണ്‍ വഴി ബന്ധപ്പെടുന്നു. നേരിട്ട് വീട്ടില്‍ ചെന്ന് അഭ്യര്‍ത്ഥിക്കുന്നു

ഒരു രക്ഷയുമില്ല

ഹൗസിംഗ് ലോണെടുത്ത് നിര്‍മ്മിച്ച വീടും വീട് നില്ക്കുന്ന സ്ഥലവും ബാങ്കിന്റെ പേരില്‍ hypthecated ആയതിനാല്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷം ബാങ്ക് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നു.

ലോണ്‍ സെറ്റില്‍ ചെയ്യുന്നതിന് കക്ഷിയെ പ്രേരിപ്പിക്കുന്നതിനുള്ള സമ്മര്‍ദ്ദതന്ത്രമായാണ് മിക്ക ബാങ്കുകളും കേസ് ഫയല്‍ ചെയ്യുന്നത്.

ഒരു കോടതിയും ചാടിക്കയറി ജപ്തി ഉത്തരവ് നല്കില്ല. നെഗോഷിയേഷനൊക്കെ നടത്തി ലോണ്‍ സെറ്റില്‍ ചെയ്യിച്ച് തീര്‍പ്പാക്കാന്‍ കോടതിയും ശ്രമിക്കും. എല്ലാ വഴികളും അടയുമ്പോഴാണ് ജപ്തി ഉത്തരവ് പുറപ്പെടുവിക്കുന്നത്.

ലോണ്‍ നല്കുക എന്നത് മാത്രമല്ല ബാങ്കിന്റെ ജോലി. കൊടുത്ത വായ്പ തിരിച്ചുപിടിക്കുക എന്നതും അവരുടെ ഉത്തരവാദിത്വമാണ്. എങ്കില്‍ മാത്രമേ ബാങ്ക് എന്ന സ്ഥാപനം നിലനില്ക്കുകയുള്ളു.

വട്ടിപ്പലിശക്കാരന്‍ 100ന് 5 രൂപയ്ക്കാണ് പൈസ കടം കൊടുക്കുന്നത്. അതായത് വര്‍ഷം 60% പലിശ.

ആ സ്ഥാനത്ത് എട്ടോ ഒമ്പതോ ശതമാനം പലിശയ്ക്കാണ് പൊതുമേഖലാ ബാങ്കുകള്‍ ഭവനവായ്പ നല്കുന്നത്.

കേരളത്തില്‍ നിന്ന് മാത്രം പിരിഞ്ഞു കിട്ടാനുള്ള വിദ്യാഭ്യാസ വായ്പ 10,000 കോടിക്ക് മുകളിലാണ്. മോഡറേഷനില്‍ തപ്പിത്തടഞ്ഞ് കടന്നുകൂടിയവര്‍ക്കും ആറും ഏഴും ലക്ഷം Education loan കൊടുത്തിരിക്കണം.

ഇല്ലെങ്കില്‍ മാനേജരെ ഉപരോധിക്കും മുറിയിലിട്ട് പൂട്ടും. ചാനല്‍ മേലാളന്മാരെ വിളിച്ചു വരുത്തും. നാണം കെടുത്തും.

മിക്ക കുടിശ്ശികക്കാരും പല ബാങ്കുകളില്‍ നിന്നും വായ്പ എടുത്തവരായിരിക്കും. തിരിച്ചടച്ചില്ലെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്യും എന്ന് വെല്ലുവിളിച്ചാണ് അവര്‍ നടക്കുന്നത്.

പിന്നെ വിജയ് മല്യയെ എന്ത് ചെയ്തുവെന്നുള്ള പുച്ഛം കലര്‍ന്ന പതിവ് ചോദ്യവും എടുത്തിടും.

9000 കോടി വായ്പയെടുത്ത മല്യ നാടുവിട്ടെങ്കിലും അയാളുടെ 13,000 കോടിയുടെ ആസ്തി ബാങ്ക് കണ്‍സോര്‍ഷ്യം ജപ്തി ചെയ്തു കഴിഞ്ഞു.

തിരിച്ചടവ് മുടക്കി പൊളിഞ്ഞ ജെറ്റ് എയര്‍വെയ്‌സ് ഇപ്പോള്‍ എസ്ബിഐയുടെ കയ്യിലാണ്. അവരാണ് വിമാനകമ്പനിയെ ലേലത്തിന് വച്ചിരിക്കുന്നത്

ബാങ്കില്‍ നിന്ന് വായ്പ എടുത്ത് കൃത്യമായി തിരിച്ചടയ്ക്കുന്നവരെ കൈക്കൂലി മേടിക്കാത്ത സര്‍ക്കാര്‍ ജീവനക്കാരെ പോലെയുള്ള തിരുമണ്ടന്മാരുടെ ഗണത്തിലാണ് സമൂഹം പെടുത്തിയിരിക്കുന്നത്.

ലോണെടുക്കുമ്പോള്‍ അവനവനെ കൊണ്ട് താങ്ങാവുന്ന തുക മാത്രം എടുക്കുക. മാസം തിരിച്ചടവ് വരുമാനത്തിന്റെ 40%ത്തില്‍ കവിയാതെ ശ്രദ്ധിക്കുക.

ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

സാമ്പത്തിക അച്ചടക്കം അത് കുടുംബത്തിന്റെ കാര്യമായാലും രാജ്യത്തിന്റെ കാര്യമായാലും വളരെ പ്രധാനമാണ്.

കണക്കപ്പിള്ളയുടെ വീട്ടിലെന്നും
വറക്കലും പൊരിക്കലും
കണക്ക് നോക്കുമ്പോള്‍
കരച്ചിലും പിഴിച്ചിലും.

നമ്മുടെ പൂര്‍വികര്‍ പറഞ്ഞത് കിറുകൃത്യമാണ്.

കടം കൊടുത്ത 500രൂപാ തിരിച്ചു കിട്ടിയില്ലെങ്കില്‍ ഉറ്റ സുഹൃത്തിനെതിരെ കോടാലി എടുക്കുന്നവരാണ് നമ്മളില്‍ മഹാഭൂരിപക്ഷവും.

പക്ഷെ ലക്ഷങ്ങള്‍ വായ്പ കൊടുത്ത ബാങ്കുകള്‍ തിരിച്ചു ചോദിക്കാതെ അനങ്ങാതെ മിണ്ടാതെ മര്യാദയ്ക്ക് മൂലയില്‍ ഇരുന്നുകൊള്ളണം.

ജപ്തി ചെയ്യുന്നത് സ്വത്ത് വകകള്‍ മാത്രമല്ല ഒരു കുടുംബത്തിന്റെ മാനവും അഭിമാനവും കൂടിയാണ്.

അതുകൊണ്ടുതന്നെ എല്ലാ വഴികളും അടയുമ്പോള്‍ മാത്രമാണ് പൊതുമേഖലാ ബാങ്കുകള്‍ പോലെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ജപ്തിയുടെ വഴി തേടുകയുള്ളു.

കിടപ്പാടം നഷ്ടപ്പെടുമെന്ന് കണ്ടപ്പോഴാണ് ആ അമ്മയും മകളും മണ്ണെണ്ണയില്‍ അഭയം തേടിയത്.

ഒരു സിനിമയില്‍ കേട്ടപോലെ ഒരു വലിയ D ഉള്ളിലുണ്ടായാല്‍ മാത്രമേ ജീവിതം വലിയ കുഴപ്പമില്ലാതെ മുന്നോട്ട് പോകുകയുള്ളു.

D എന്നാല്‍ Discipline.

സ്വന്തം കുടുംബക്കാരുടെ ഉത്തരവാദിത്വമില്ലായ്മയുടെ പാപം ഏറ്റെടുത്ത് സ്വയം നുറുങ്ങി കത്തിച്ചാമ്പലായ ആ അമ്മയ്ക്കും മകള്‍ക്കും ആദരാഞ്ജലികള്‍..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക