Image

ബൊഫോഴ്‌സ്: സത്യം പുറത്തുവന്നതില്‍ സന്തോഷമെന്ന് ബച്ചന്‍

Published on 25 April, 2012
ബൊഫോഴ്‌സ്: സത്യം പുറത്തുവന്നതില്‍ സന്തോഷമെന്ന് ബച്ചന്‍
ന്യൂഡല്‍ഹി: ബൊഫോഴ്‌സ് ആയുധ ഇടപാടില്‍ തനിക്കോ തന്റേ കുടുംബത്തിനോ പങ്കില്ലെന്ന സത്യം ഒടുവില്‍ പുറത്തുവന്നതില്‍ സന്തോഷമുണ്‌ടെന്ന് അമിതാഭ് ബച്ചന്‍. ആരോപണമുയര്‍ന്നപ്പോള്‍ താനും തന്റെ കുടുംബവും അനുഭവിച്ച വേദനയുടെ ആഴം ആരും മനസിലാക്കിയില്ലെന്നും ബച്ചന്‍ തന്റെ ബ്ലോഗിലെഴുതി.

തനിക്കെതിരെ ആരോപണം ഉന്നയിക്കുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തവര്‍ നൈമിഷിക വിജയം നേടിയങ്കിലും മുന്‍ സ്വീഡിഷ് പോലീസ് മേധാവിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തലോടെ ആത്യന്തികമായി വിജയം തനിക്കൊപ്പമാണെന്നും ബച്ചന്‍ പറഞ്ഞു. സത്യം ഒടുവില്‍ പുറത്തു വന്നു, ദൈവത്തിന് നന്ദി എന്നായിരുന്നു ഇതുസംബന്ധിച്ച് ജയാ ബച്ചന്റെ പ്രതികരണം.


ന്യൂദല്‍ഹി: ബൊഫോഴ്സ് ഇടപാടില്‍ ഇടനിലക്കാരനായ ഒക്ടോവിയ ക്വത്റോച്ചിയെ രാജീവ്ഗാന്ധി സംരക്ഷിച്ചതായി സ്വീഡിഷ് മുന്‍ പൊലീസ് മേധാവി സ്റ്റെന്‍ ലിങ്സ്റ്റോം. എന്നാല്‍ ഇടപാടില്‍ രാജീവ് ഗാന്ധിക്കും സ്വീഡന്‍ മുന്‍ പ്രധാനമന്ത്രി ഒളോഫ് പാമക്കും കോഴ ലഭിച്ചതായി അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആയുധ ഇടപാടില്‍ എന്താണ് നടന്നതെന്ന് ഇരുവര്‍ക്കും വ്യക്തമായി അറിയാമായിരുന്നുവെന്നും എന്നാല്‍ രാജീവ് ഗാന്ധി ഇതിനെതിരെ ഒന്നൂം ചെയ്തില്ലെന്നും ലിങ്ങ് സ്റ്റോം ചുണ്ടിക്കാട്ടി. കേസിലേക്ക് ബോളിവുഡ് താരം അമിതാഭ് ബച്ചനെ വലിച്ചിഴച്ചത് ഇന്ത്യന്‍ അന്വേഷണസംഘമാണെന്നും അദ്ദേഹം ആരോപിച്ചു.

ഏതാണ്ട് കാല്‍ നൂറ്റാണ്ടിന് ശേഷമാണ് ബൊഫോഴ്സ് കേസിലെ പുതിയ വെളിപെടുത്തലുണ്ടായിരിക്കുന്നത്. പ്രമുഖ ഇംഗ്ളീഷ് വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ലിങ്സ്റ്റോം ഇക്കാര്യം വെളിപെടുത്തിയത്. കോഴപ്പണം ക്വത്റോച്ചിയുടെ അക്കൗണ്ടിലെത്തിയതിനും തെളിവുകളുണ്ട്. സ്വീഡന്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കരാര്‍ നടന്നതെന്നും കേസില്‍ നിരപരാധികളാണ് ശിക്ഷിക്കപ്പെട്ടതെന്നും ലിങ്സ്റ്റോം കൂട്ടിച്ചേര്‍ത്തു.

നേരത്തെ കേസിലെ നിര്‍ണായക രേഖകള്‍ ഇന്ത്യന്‍ പത്ര പ്രവര്‍ത്തക ചിത്ര സുബ്രഹ്മണ്യത്തിന് കൈമാറിയത് ലിങ്ങ്സ്റ്റോമായിരുന്നു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1986ലാണ് ബോഫോഴ്സ് ആയുധ ഇടപാട് നടന്നത്. ഇടപാടിലുണ്ടയ ക്രമക്കേടുമായി ബന്ധപ്പെട്ട വെളിപെടുത്തല്‍ വിവാദമായിരുന്നു. തുടര്‍ന്ന് 1989ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു.1986 നടന്ന ബൊഫോഴ്സ് തോക്കിടപാടില്‍ ക്വത്റോച്ചിയും വിന്‍ഛദ്ദയും കൂടി 61 കോടിരൂപ കോഴ വാങ്ങിയെന്നാണ് കേസ്. വിന്‍ഛദ്ദക്കും ക്വത്റോച്ചിക്കും 41 കോടി രൂപ കോഴ ലഭിച്ചതായി ആദായ നികുതി ട്രൈബ്യൂണല്‍ വ്യക്തമാക്കുകയും ചെയ്തു. 1990 ജനുവരി 20നാണ് ക്വത്റോച്ചിക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. 2003ല്‍ മലേഷ്യയില്‍ നിന്നും 2007ല്‍ അര്‍ജന്റീനയില്‍ നിന്നും ക്വത്റോച്ചിയെ വിട്ടുകിട്ടാനുള്ള സി.ബി.ഐയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.

ഈ സാഹചര്യത്തില്‍ കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലന്നെും കേസ് അവസാനിപ്പിക്കണമെന്നും കാണിച്ച് സി.ബി.ഐ കോടതിയെ സമീപിച്ചു. തുടര്‍ന്ന് ബൊഫോഴ്സ് അഴിമതി കേസിലെ മുഖ്യപ്രതിയും ഇറ്റാലിയന്‍ വ്യവസായിയുമായ ഒക്ടാവിയോ ക്വത്റോച്ചിക്കെതിരായ കേസ് പിന്‍വലിക്കാന്‍ സി.ബി.ഐക്ക് ദല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ കോടതി അനുമതി നല്‍കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക