Image

H-നും 8- നും വിട; ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് പുതിയ പരിഷ്‌ക്കാരവുമായി മോട്ടോര്‍ വാഹനവകുപ്പ്

Published on 17 May, 2019
H-നും 8- നും വിട; ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് പുതിയ പരിഷ്‌ക്കാരവുമായി മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് മോട്ടോര്‍ വാഹനവകുപ്പ് പുതിയ പരിഷ്‍കാരങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നു. സാധാരണയായി നാലു ചക്രവാഹനങ്ങള്‍ക്ക് എച്ചും ബൈക്കുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും എട്ടും എന്ന രീതിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇനി ഇതുമാത്രം പോരാ. ധാരണയും നിരീക്ഷണ പാടവവും ഉള്‍പ്പെടെയുള്ളവ വിലയിരുത്തി മാത്രം ലൈസന്‍സ് നല്‍കുന്ന പുതിയ രീതിയിലേക്കു മാറാനാണ് മോട്ടര്‍ വാഹനവകുപ്പിന്‍റെ നീക്കം.

ഡ്രൈവറുടെ നിരീക്ഷണപാടവം പരിശോധിക്കാനായി കമന്ററി ഡ്രൈവിങ്ങ് ടെസ്‍റ്റ് രീതിയാണ് കൊണ്ടുവരുന്നത്. മുന്നില്‍ കാണുന്നതെല്ലാം പറഞ്ഞു കൊണ്ട് വാഹനം ഓടിക്കുന്ന രീതിയാണിത്. കണ്ണുകളുടെയും നിരീക്ഷണത്തിന്‍റെയും ക്ഷമത പരിശോധിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിനിടെ മുന്നോട്ട് ഓടിക്കുമ്ബോള്‍ വരുത്തുന്ന തെറ്റും ശരിയും വിലയിരുത്താന്‍ അധികൃതര്‍ക്ക് സാധിക്കും. നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ തെറ്റുകള്‍ വരുത്തുന്നവരെ പരാജയപ്പെടുത്തും. ഇതിനൊടൊപ്പം നിരവധി പരിഷ്‍കാരങ്ങളും നടപ്പിലാക്കുന്നുണ്ട്.

കണ്ണാടി നോക്കി വാഹനം ഓടിക്കാനുള്ള കഴിവും അളക്കും. വാഹനം നിര്‍ത്തുന്നതിനായി ക്ലച്ച്‌ ചവിട്ടിയ ശേഷം ബ്രേക്ക് ചെയ്യുന്ന രീതിയും മാറ്റും. പകരം പ്രോഗ്രസീവ് ബ്രേക്കിങ് സംവിധാനത്തിനു പ്രാധാന്യം നല്‍കും. വാഹനം നിര്‍ത്തുന്നതിനു മുമ്ബ് ആദ്യം ക്രമാനുഗതമായി ബ്രേക്കും തുടര്‍ന്നു ക്ലച്ചും അമര്‍ത്തുന്ന രീതിയാണിത്. വാഹനത്തിന്റെ നിലനില്‍പ്പിനും കാര്യക്ഷമതയ്ക്കും ഇതാണ് നല്ലതെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ രീതി പ്രോത്സാഹിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

പുത്തന്‍ പരിഷ്‍കാരങ്ങള്‍ക്കു മുന്നോടിയായി സംസ്ഥാനത്തെ 3500ഓളം ഡ്രൈവിങ് സ്‌കൂളുകളിലെ അധ്യാപകര്‍ക്കും എം വിഐമാര്‍ക്കും 5 ദിവസം വീതം നീളുന്ന ശാസ്ത്രീയ പരിശീലനം നല്‍കാനാണ് തീരുമാനം. കോഴ്സ് കഴിഞ്ഞവര്‍ക്ക് കടുംനീല ഓവര്‍കോട്ടും ബാഡ്‍ജും നല്‍കും. ഡ്രൈവിങ് പരിശീലിപ്പിക്കുമ്ബോള്‍ ഈ ഓവര്‍ക്കോട്ടും ബാഡ്‍ജും ധരിക്കണമെന്നാണ് നിര്‍ദേശം. 6000 രൂപയാണ് പരിശീലനത്തിനുള്ള ഫീസ്. ഇതില്‍ 3000 രൂപ റോഡ് സുരക്ഷാ നിധിയില്‍ നിന്നു നല്‍കാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക