Image

പ്രേക്ഷക ഹൃദയം കവരും ഇഷ്‌ക്

Published on 17 May, 2019
 പ്രേക്ഷക ഹൃദയം കവരും ഇഷ്‌ക്
ഇഷ്‌ക് എന്ന പേരു കേള്‍ക്കുമ്പോള്‍ ഒരു പക്കാ പ്രണയകഥ എന്നു തോന്നുമെങ്കിലും തികച്ചും സാമൂഹ്യപ്രസക്തിയുള്ള ഒരു വിഷയം കൈകാര്യം ചെയ്യുന്ന സിനിമയാണ് നവാഗതനായ അനുരാജ് മനോഹര്‍ തന്റെ ആദ്യ ചിത്രത്തിലൂടെ പറയുന്നത്.

'ഇഷ്‌ക്-ഈസ് നോട്ട് എ ലവ് സ്റ്റോറി' എന്ന ടാഗ് ലൈനുമായി എത്തുന്ന ചിത്രം പ്രണയം മാത്രമല്ല, പ്രണയത്തിന്റെ മനോഹരമായ നിറമണിഞ്ഞ് ചില കയ്പ്പുള്ള സത്യങ്ങള്‍ തന്നെയാണ് ചര്‍ച്ച ചെയ്യുന്നത്. അസാധാരണത്വം അല്‍പം പോലുമില്ലാതെ തികഞ്ഞ സ്വാഭാവികതയോടെ ഇതിലെ ഓരോ രംഗവും പ്രേക്ഷകന് മുമ്പില്‍ അവതരിപ്പിക്കുകയാണ് സംവിധായകന്‍.

തമാശയും സ്‌നേഹവും കുറുമ്പുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന കുടുംബപശ്ചാത്തലത്തിലാണ് കഥ തുടങ്ങുന്നത്. സച്ചി എന്ന സച്ചിതാനന്ദനും വസു എന്നു വിളിക്കുന്ന വസുധയും പ്രണയത്തിലാണ്. സച്ചിക്ക് ഇന്‍ഫോപാര്‍ക്കിലാണ് ജോലി. വസുധ എം.എ വിദ്യാര്‍ത്ഥിനിയാണ്. ഇരുവരും പ്രണയത്തിലാണ്. സച്ചിയുടെ പിറന്നാള്‍ ദിവസം ഇരുവരും രാത്രി ഒരു യാത്ര പോകുന്നു. എന്നാല്‍ ആ യാത്രയില്‍ അവര്‍ ഒട്ടും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങള്‍ നേരിടേണ്ടി വരുന്നു. തുടര്‍ന്ന് #ആ രാത്രിയിലെ സംഭവവികാസങ്ങള്‍ ഇരുവരുടെയും ജീവിതത്തെ എപ്രകാരം സ്വധീനിക്കുന്നു എന്നാണ് ചിത്രം പറയുന്നത്.

ഇഷ്‌ക് എന്നു കേള്‍ക്കുമ്പോള്‍ പ്രണയം മാത്രമുള്ള ഒരു പതിവ് ക്‌ളീഷേ സിനിമ എന്നു ചിന്തിക്കുന്നവരെ അമ്പരപ്പെടുത്തുന്ന തരത്തിലണ് ഈ ചിത്രം സംവിധായകന്‍ ഒരുക്കിയിട്ടുള്ളത്. കരളുറപ്പില്ലാത്ത കാമുകന്‍ എന്ന ഷെയ്ന്‍ നിഗത്തിന്റെ പതിവ് ഇമേജ് ഇവിടെ തിരുത്തിയെഴുതപ്പെടുന്നു. ഈ ചിത്രത്തില്‍ തന്നെ ആദ്യപകുതിയില്‍ പല്ലില്‍ കമ്പിയൊക്കെയിട്ട് ഒരു പ്രത്യേക ലുക്കിലാണ് എത്തുന്നത്. ശരിക്കും നമ്മള്‍ക്ക് വളരെ പരിചയമുള്ള ഒരു ചെറുപ്പക്കാരന്റെ ലുക്കാണ് സച്ചിക്ക് നല്‍കിയിരിക്കുന്നത്. സച്ചിയുടെയും വസുധയുടെയും കഥ പറയുന്ന ചിത്രം അധികം വൈകാതെ അടുത്ത കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സാമൂഹ്യവിഷയം കൈകാര്യം ചെയ്യുന്നിടത്താണ് ഇഷ്‌ക്കിന്റെ പ്രസക്തി.

ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചു നില്‍ക്കുന്നു. അവര്‍ അനുഭവിക്കുന്ന വികാരങ്ങള്‍ എന്തു തന്നെ ആയിരുന്നാലും അത് പ്രേക്ഷകനെയും അനുഭവിപ്പിക്കാന്‍ കഥാപാത്രങ്ങള്‍ക്ക് സാധിക്കുന്നു. പ്രണയം, സന്തോഷം, ഭയം, ഉത്ക്കണ്ഠ, മാനസിക സമ്മര്‍ദ്ദം അങ്ങനെയെന്തും അവര്‍ പ്രേക്ഷകരിലേക്കും പകരുന്നു. അതികഠിനമായ മാനസിക സമ്മര്‍ദ്ദത്തിലൂടെ നായികയും നായകനും കടന്നു പോകുന്ന അവസരമുണ്ട് ചിത്രത്തില്‍. ആ അവസരത്തിലും കഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിച്ച് അവരുടെ വ്യഥകള്‍ തങ്ങളുടേതു കൂടിയാക്കി മാറ്റുകയാണ് പ്രേക്ഷകര്‍. ഒരു നിമിഷം പോലും സ്‌ക്രീനില്‍ നിന്നു കണ്ണെടുക്കാതെയും കൂടെ പോകം.

രണ്ടാം പകുതി പ്രേക്ഷകനെ അല്‍പം അമ്പരപ്പിക്കുകയും ചില സമയത്തെങ്കിലും ചില സമയത്തെങ്കിലും നായകന്‍ എന്തിനാണ് ഇങ്ങനെയെല്ലാം ചെയ്യുന്നത് എന്നോര്‍ത്തു പോവുകയും ചെയ്യും. എന്നാല്‍ കഥ മുന്നേറുന്നതോടെ അത്തരത്തിലുള്ള അമ്പരപ്പുകളും ചിന്തകളും മാറുകയും കഥയില്‍ ചില ട്വിസ്‌ര്‌റുകള്‍ ഉണ്ടാവുന്നതോടെ വീണ്ടും സജീവമാവുകയും ചെയ്യും. ക്‌ളൈമാക്‌സില്‍ ശരിക്കും നായികക്കും നായകനുമൊപ്പം പ്രേക്ഷകരും ആശ്വാസത്തിന്റെ നെടുവീര്‍പ്പിടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക