Image

പച്ച കുത്താന്‍ ഉപയോഗിക്കുന്ന മഷിക്കെതിരെ അധികൃതരുടെ മുന്നറിയിപ്പ്

പി. പി. ചെറിയാന്‍ Published on 18 May, 2019
പച്ച കുത്താന്‍ ഉപയോഗിക്കുന്ന മഷിക്കെതിരെ അധികൃതരുടെ മുന്നറിയിപ്പ്
വാഷിങ്ടന്‍ ഡിസി :ശരീരത്തില്‍ പച്ച കുത്താന്‍ ഉപയോഗിക്കുന്ന മഷിയിലുള്ള മൈക്രോ ഓര്‍ഗാനിസം ഇന്‍ഫെക്ഷനും ആഴത്തിലുള്ള മുറിവിനും ഇടയാക്കുമെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ മുന്നറിയിപ്പ് നല്‍കി. മേയ് 1 ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് ഉപഭോക്താക്കള്‍ക്ക് നല്‍കിയത്. ആറു തരം മഷിയിലാണ് ബാക്ടീരിയയെ കണ്ടെത്തിയിരിക്കുന്നത്.

ഈ മഷി ഉപയോഗിച്ചവരുടെ ശരീരത്തില്‍ തടിപ്പും ചൊറിച്ചിലും അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണു മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തിയത്. ഇത്തരം മഷിഉല്‍പാദക കമ്പനികളോടും ചില്ലറ വ്യാപാരികളോടും ഇവ പിന്‍വലിക്കുന്നതിന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റീ കോള്‍ ചെയ്ത മഷികളെ കുറിച്ചുള്ള വിശദവിവരങ്ങള്‍ എഫ്ഡിഎയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ശരീരത്തില്‍ പച്ച കുത്തുന്നത് തൊലിയുടെ സാധാരണ പ്രവര്‍ത്തനങ്ങളെ ഹാനികരമായി ബാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.  ത്വക്ക് കാന്‍സറിനുവരെ ഇതു കാരണമാകും.
സ്‌ക്കാല്‍ഫ് എസ്‌തെറ്റിക്‌സ്, ഡൈനാമിക് കളര്‍ തുടങ്ങിയ കമ്പനികളുടെ മഷിയും നിരോധിച്ചവയില്‍ ഉള്‍പ്പെടും. പച്ച കുത്തല്‍ ഒരു ഫാഷനായി മാറിയിട്ടുള്ളതിനാല്‍ ഇതിന്റെ ദോഷ ഫലം അനുഭവിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

പച്ച കുത്താന്‍ ഉപയോഗിക്കുന്ന മഷിക്കെതിരെ അധികൃതരുടെ മുന്നറിയിപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക