Image

വോട്ട്‌ ചെയ്യാന്‍ എത്തുന്നവര്‍ മുഖാവരണം മാറ്റണമെന്ന്‌ എം വി ജയരാജന്‍

Published on 18 May, 2019
 വോട്ട്‌ ചെയ്യാന്‍ എത്തുന്നവര്‍ മുഖാവരണം മാറ്റണമെന്ന്‌  എം വി ജയരാജന്‍


കണ്ണൂര്‍: റീ പോളിംഗ്‌ നടക്കുന്ന പാമ്പുരുത്തി ബൂത്തില്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി പി കെ ശ്രീമതി ടീച്ചര്‍ വീടുകയറി വോട്ടര്‍മാരോട്‌ വോട്ടഭ്യര്‍ത്ഥിക്കുന്ന വേളയില്‍ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്‌തവര്‍ക്കെതിരെ കര്‍ശന  നടപടി സ്വീകരിക്കണമെന്ന്‌ സി പിഎം ജില്ല സെക്രട്ടറി എം വി ജയരാജന്‍. ഇത്തരമൊരു പരിതസ്ഥിതിയില്‍ റീപോളിംഗ്‌ നീതിപൂര്‍വ്വവും നിഷ്‌പപക്ഷവുമായി നടത്താന്‍ ആവശ്യമായ നടപടികള്‍ ഇലക്ഷന്‍ അധികൃതര്‍ സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്‌താവനയില്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥി തന്നെ പരസ്യമായി കള്ളവോട്ടിന്‌ ആഹ്വാനം ചെയ്യുമ്പോള്‍ അണികള്‍ തങ്ങള്‍ക്ക്‌ സ്വാധീനമുള്ള പ്രദേശങ്ങളില്‍ അത്‌ പരമാവധി പ്രാവര്‍ത്തികമാക്കുകയാണ്‌ ചെയ്യുന്നത്‌. പാമ്പുരുത്തിയിലും പുതിയങ്ങാടിയിലും ഇതാണ്‌ കണ്ടത്‌. ഏപ്രില്‍ 23ന്‌ നൂറുകണക്കിന്‌ കള്ളവോട്ട്‌ യുഡിഎഫ്‌ ചെയ്‌തതായി ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ ബോധ്യമായതും 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തതാണ്‌.

കള്ളവോട്ട്‌ ചെയ്‌തതിന്റെ പേരില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്യപ്പെടേണ്ടവര്‍ ഇനിയുമുണ്ട്‌. ഇവിടങ്ങളില്‍ യുഡിഎഫ്‌ കള്ളവോട്ട്‌ ചെയ്യുന്ന രീതി ഏവരെയും ഞെട്ടിപ്പിക്കുന്നതാണ്‌. യുഡിഎഫിന്റെ ഭൂരിപക്ഷ പ്രദേശമായതിനാല്‍ ക്രിമിനലുകളെ ഉപയോഗിച്ച്‌ ബൂത്തുകള്‍ പിടിച്ചെടുത്തുകൊണ്ട്‌ കള്ളവോട്ട്‌ ചെയ്യുന്നതാണ്‌ ഒരു രീതി. വോട്ടറെ കൃത്യമായി തിരിച്ചറിയണമെന്ന്‌ പോളിംഗ്‌ ഉദ്യോഗസ്ഥന്മാര്‍ ആവശ്യപ്പെട്ടാല്‍ അവരെ ഭീഷണിപ്പെടുത്തുകയും എല്‍ഡിഎഫ്‌ പോളിംഗ്‌ ഏജന്റുമാര്‍ ചലഞ്ച്‌ ചെയ്‌താല്‍ അവരെ മര്‍ദ്ദിച്ചുകൊണ്ട്‌ കള്ളവോട്ട്‌ ചെയ്യുകയുമാണ്‌ മറ്റൊരു രീതി.

ഇതാണ്‌ ഏപ്രില്‍ 23ന്‌ കണ്ടത്‌. ഒരാള്‍ തന്നെ അഞ്ചുകള്ളവോട്ടുകള്‍ വരെ ചെയ്യുന്നത്‌ തെളിഞ്ഞതാണ്‌. കള്ളവോട്ട്‌ ചെയ്യാന്‍ ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക്‌ സ്ലിപ്‌ കൊണ്ടുപോയി കൊടുക്കുന്നത്‌ മുന്നേ തയ്യാറാക്കിയ സംഘാംഗങ്ങളാണ്‌. കള്ളവോട്ട്‌ ചെയ്യുന്നവര്‍ ക്യൂവില്‍ നിന്ന്‌ മാറുന്നതേയില്ല. ഒരു വോട്ട്‌ ചെയ്‌തതിനുശേഷം വീണ്ടും വോട്ട്‌ചെയ്യാന്‍ ക്യൂവില്‍ കയറുകയാണ്‌ ചെയ്‌തത്‌. അതുകൊണ്ടുതന്നെ പോളിംഗ്‌ സ്‌റ്റേഷനകത്ത്‌ വെച്ച്‌ വോട്ടറെ തിരിച്ചറിയാന്‍ സംവിധാനമൊരുക്കിയാല്‍ മാത്രം പോര, ക്യൂവില്‍ നില്‍ക്കുന്ന വോട്ടര്‍മാരെ തിരിച്ചറിയാനും സംവിധാനമുണ്ടാക്കണം.

ഈ ബൂത്തുകളില്‍ അകത്തും പുറത്തും ക്യാമറയുണ്ടാവണം. പര്‍ദ്ദ ധരിച്ച്‌ വോട്ട്‌ ചെയ്യാന്‍ എത്തിച്ചേരുന്നവരുടെ കാര്യത്തില്‍ മുഖാവരണം മാറ്റിയാല്‍ മാത്രമേ വോട്ടറെ തിരിച്ചറിയാന്‍ കഴിയൂ എന്നതിനാല്‍ അത്‌ കര്‍ശനമായി നടപ്പിലാക്കണം. ഏപ്രില്‍ 23ന്‌ തെരഞ്ഞെടുപ്പ്‌ നടന്നപ്പോള്‍ പര്‍ദ്ദധരിച്ചെത്തിയ 50ലേറെ പേര്‍ പാമ്പുരുത്തിയിലും നൂറോളം പേര്‍ പുതിയങ്ങാടിയിലും മുഖാവരണം മാറ്റാത്തതുകൊണ്ടുതന്നെ തിരിച്ചറിയാന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ സാധിച്ചില്ല.

മുഖാവരണം മാറ്റാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോള്‍ അത്‌ ചെയ്‌തുമില്ല. ആവശ്യത്തിന്‌ പോലീസ്‌ ഉണ്ടാകാതിരുന്നതുകൊണ്ട്‌ ഇത്തരം നിയമവിരുദ്ധ നടപടികള്‍ തടയാനും കഴിഞ്ഞില്ല. അതുകൊണ്ട്‌ തന്നെ ആവശ്യമായ പോലീസ്‌ സുരക്ഷാ സംവിധാനം ഉണ്ടാക്കണം.ഇത്‌ സംബന്ധിച്ച്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസര്‍ക്കും, ജില്ലാ കലക്ടര്‍ക്കും, ജില്ലാ പോലീസ്‌ ചീഫിനും പരാതി നല്‍കിയിട്ടുണ്ടെന്നും എം.വി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക