Image

ചവിട്ടുമെത്തയിലും ടോയ്‌ലറ്റ്‌ സീറ്റിലും ഹിന്ദു ദേവന്മാരുടെ ചിത്രങ്ങള്‍; ആമസോണിനെതിരെ കേസ്‌

Published on 18 May, 2019
ചവിട്ടുമെത്തയിലും ടോയ്‌ലറ്റ്‌ സീറ്റിലും ഹിന്ദു ദേവന്മാരുടെ ചിത്രങ്ങള്‍; ആമസോണിനെതിരെ കേസ്‌


നോയിഡ: ചവിട്ടുമെത്തയിലും ടോയ്‌ലറ്റിന്‍റെ സീറ്റ്‌ കവറിലും ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച്‌ ഇ-കൊമേഴ്‌സ്‌ ഭീമന്‍ ആമസോണിനെതിരെ പൊലീസ്‌ കേസെടുത്തു. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ പതിച്ച ചവിട്ടുമെത്തയും ടോയ്‌ലറ്റ്‌ സീറ്റ്‌ കവറും ആമസോണിന്‍റെ യുഎസ്‌ വെബ്‌സൈറ്റില്‍ വില്‍പ്പനയ്‌ക്ക്‌ വച്ചതിനെ തുടര്‍ന്നാണ്‌ കമ്പനിക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌.

ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നും മതങ്ങള്‍ തമ്മില്‍ ശത്രുത സൃഷ്ടിക്കുന്നതിന്‌ കാരണമായെന്നും ആരോപിച്ച്‌ നോയിഡയിലെ സെക്ടര്‍ 58 സ്റ്റേഷനിലാണ്‌ പരാതി ലഭിച്ചത്‌. വിദേശ കേന്ദ്രീകൃത കമ്പനിയായ ആമസോണ്‍ ഹിന്ദുമതത്തിന്‍റെ വികാരങ്ങളെ മാനിക്കാത്ത രീതിയില്‍ ഉല്‍പ്പന്നങ്ങള്‍ സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്നത്‌ രാജ്യത്ത്‌ വര്‍ഗീയതയ്‌ക്ക്‌ കാരണമാകുന്നു. ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്‌ക്ക്‌ വയ്‌ക്കുന്ന കമ്പനിക്കെതിരെ കര്‍ശനമായ നിയമനടപടി എടുക്കണമെന്നും ഹിന്ദുക്കള്‍ക്ക്‌ അവരുടെ ആത്മാഭിമാനവും അന്തസ്സും സമാധാനപരമായി കാത്തുസൂക്ഷിക്കണമെന്നും പരാതിക്കാരനായ വികാസ്‌ മിശ്ര പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന്‌ ആമസോണ്‍ ബഹിഷ്‌കരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യയില്‍ പ്രചാരമുള്ള പ്രധാന റീട്ടെയില്‍ വെബ്‌സൈറ്റായ ആമസോണ്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്‌തുള്ളക്യാംപയിന്‍ മണിക്കൂറുകള്‍ക്കകം ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി. തുടര്‍ന്ന്‌ വിവാദമായ ഉല്‍പ്പന്നങ്ങള്‍ സ്റ്റോറില്‍ നിന്നും നീക്കം ചെയ്‌തെന്ന്‌ ആമസോണ്‍ വക്താവ്‌ അറിയിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക