Image

ആരാണീ നേതാക്കന്മാര്‍- (കവിത: ബാബു പാറയ്ക്കല്‍)

ബാബു പാറയ്ക്കല്‍ Published on 18 May, 2019
ആരാണീ നേതാക്കന്മാര്‍- (കവിത: ബാബു പാറയ്ക്കല്‍)
ആരവമടങ്ങി ആരാണെന്നറിയില്ല
ആരെന്ന ചോദ്യത്തിനുത്തരമെവിടുണ്ട്
പെട്ടിയില്‍ മയങ്ങുന്നൊരുത്തരമറിയാനായ്
പെട്ടിതന്നുള്ളിലേക്കൂളിയിട്ടൊരു വിദ്വാന്‍

തമസിന്‍ മടിത്തട്ടിലുറങ്ങുമീ ബാലറ്റുകള്‍
തപ്പിത്തടഞ്ഞുകൊണ്ടെഴുന്നേറ്റവം ചൊല്ലി
എന്തിനു ഞങ്ങളെയീവിധം ശിക്ഷിക്കണം
എന്നാണിനി മോക്ഷം ഈ പെട്ടിക്കുള്ളില്‍നിന്നും

നിങ്ങളിലുറങ്ങുന്നു ഭാസുരമാം നാട്ടിന്‍ ഭാവി
നിങ്ങളില്‍ നിക്േപിച്ചിട്ടിരിക്കയാണിന്നെല്ലാരും
സംഗ്രഹിച്ചീടുന്നോരേ ഞങ്ങള്‍ക്കുത്തരം വേണം
സംവാദിപ്പാന്‍ നിങ്ങള്‍ക്കാകുമോ നേരെ ചൊവ്വേ

ആരാണീ നേതാക്കന്മാര്‍ നിങ്ങള്‍ക്കറിയേണ്ടേ
ആരാധീച്ചീടും ജനം വിഗ്രഹാര്‍പ്പണം പോലെ
നേരില്ല നെറിയില്ലൊട്ടും സത്യസന്ധതയില്ല
നേരിടും പ്രശ്‌നങ്ങള്‍ തന്‍ സൃ്ഷ്ടി കര്‍ത്താക്കളവര്‍

പത്രിക പ്രകടനം മാത്രം വാഗ്ദാനം ജലരേഖ
പത്രത്തില്‍ പ്രസ്താവന പ്രശസ്തിക്കായി മാത്രം
തെരഞ്ഞെടുത്താല്‍ പിന്നെ തിരിഞ്ഞുനോക്കാത്തവര്‍
തെരയും ജനങ്ങളെ തള്ളിയിട്ടോടുന്നവര്‍

തമ്മില്‍ കുത്തിത്തല്ലി തലകീറും നേതാക്കന്മാര്‍
തമ്മില്‍ പുണര്‍ന്നീടും അഴിമതിക്കുള്ളില്‍ നിന്നാല്‍
കോഴയായ് വന്നീടുന്ന കോടികള്‍ മുക്കുന്നവര്‍
കോടിയില്ലാതെ ജനം നഗ്നരായി നിന്നീടുമ്പോള്‍

ജാതിയും മതങ്ങളും വര്‍ഗ വിദ്വേഷങ്ങളും
ജാതി ചിന്തകള്‍ ആളിക്കത്തിക്കും മനസ്സുകള്‍
വോട്ടുകള്‍ മാത്രം ലക്ഷ്യം നാടുവെന്തെരിഞ്ഞാലും
ഓന്തിന്റെ നിറം പേറും രാഷ്ട്രീയ കാപാലികര്‍.

ആരാണീ നേതാക്കന്മാര്‍- (കവിത: ബാബു പാറയ്ക്കല്‍)
Join WhatsApp News
വൃത്തം 2019-05-18 17:57:38
മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകൾ;
പതിന്നാലിന്നാറുഗണം പാദം രണ്ടിലുമൊന്നുപോൽ.
ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും;
നടുക്കു യതി; പാദാദിപ്പൊരുത്തമിതു കേകയാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക