Image

ഇന്ദിരാ ഗാന്ധിയെ പോലെ സുരക്ഷാ ഉദ്യോഗസ്ഥനാല്‍ താനും കൊല്ലപ്പെട്ടേക്കാം, ബിജെപി തന്റെ പിന്നാലെയുണ്ടെന്ന്‌ കെജ്രിവാള്‍

Published on 18 May, 2019
 ഇന്ദിരാ ഗാന്ധിയെ പോലെ സുരക്ഷാ ഉദ്യോഗസ്ഥനാല്‍ താനും കൊല്ലപ്പെട്ടേക്കാം, ബിജെപി തന്റെ പിന്നാലെയുണ്ടെന്ന്‌ കെജ്രിവാള്‍

ബിജെപി തന്റെ പിന്നാലെയുണ്ടെന്നും സ്വന്തം സുരക്ഷ ഉദ്യോഗസ്ഥന്റെ വെടിയേറ്റ്‌ രക്തസാക്ഷിത്വം വരിച്ച ഇന്ദിരാ ഗാന്ധിയെ പോലെ താനും കൊല്ലപ്പെട്ടേക്കാമെന്നും ഡെല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി നേതാവുമായ അരവിന്ദ്‌ കെജ്രിവാള്‍.

`എന്റെ തന്നെ സുരക്ഷാ ജിവനക്കാര്‍ ബിജെപിയ്‌ക്ക്‌ വേണ്ടി ഒരു ദിവസം എന്നെ വകവരുത്തും. എന്റെ തന്നെ സുരക്ഷ ഉദ്യോഗസ്ഥന്‍ ബിജെപിയ്‌ക്ക്‌ വേണ്ടി റിപ്പോര്‍ട്ട്‌ ചെയ്യുന്നുമുണ്ട്‌.

ബി ജെ പി എന്റെ പിന്നാലെയുണ്ട്‌. അവര്‍ എന്നെ ഒരു ദിവസം കൊല്ലും'- തന്റെ ജീവന്‌ ഭീഷണിയുണ്ടെന്ന ആശങ്കയോടെ കെജ്രിവാള്‍ പറഞ്ഞു.

ഡെല്‍ഹി പൂര്‍ണ സംസ്ഥാന പദവിയില്ലാത്തതിനാല്‍ സുരക്ഷാ ചുമതല കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‌ കീഴിലുള്ള ഡെല്‍ഹി പൊലീസിനാണ്‌.

പഞ്ചാബില്‍ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെയാണ്‌ കെജ്രിവാള്‍ ഇങ്ങനെ വ്യക്തമാക്കിയത്‌.

1984 ലാണ്‌ പേഴ്‌സണല്‍ സെക്യൂരിറ്റി സ്റ്റാഫില്‍ പെട്ട സത്വന്ത്‌ സിംഗ്‌,ബിയാന്ത്‌ സിംഗ്‌ എന്നിവര്‍ ഇന്ദിരാഗാന്ധിക്ക്‌ നേരെ നിറയൊഴിച്ചത്‌. പഞ്ചാബില്‍ എല്ലാ സീറ്റുകളിലും ആം ആദ്‌മി ഇക്കുറി മത്സരിക്കുന്നുണ്ട്‌. ഈ മാസമാദ്യം ഡെല്‍ഹിയിലെ മോട്ടി നഗറില്‍ റോഡ്‌ ഷോയ്‌ക്കിടെ ഒരാള്‍ കെജ്രിവാളിന്റെ മുഖത്ത്‌ അടിച്ചിരുന്നു.

പ്രതീക്ഷ നശിച്ച ആംആദ്‌മി പ്രവര്‍ത്തകന്‍ തന്നെയാണ്‌ അത്‌ ചെയ്‌തതെന്നാണ്‌ ഡെല്‍ഹി പോലീസ്‌ പറഞ്ഞത്‌.എന്നാല്‍ അക്രമി ബിജെപി പ്രവര്‍ത്തകനാണെന്ന്‌ ആം ആദ്‌മി തെളിവ്‌ സഹിതം പുറത്ത്‌ വിട്ടിരുന്നു. ഇതിനിടെ ഡസനോളം ആക്രമങ്ങള്‍ കെജ്രിവാളിന്‌ പൊതുനിരത്തില്‍ നിന്ന്‌ നേരിടേണ്ടി വന്നിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക