Image

കെഎസ്‌എഫ്‌ഇ പ്രവാസി ചിട്ടി ഇടപാടുകള്‍ ഇനി യൂറോപ്യന്‍ രാജ്യങ്ങളിലും

Published on 19 May, 2019
കെഎസ്‌എഫ്‌ഇ പ്രവാസി ചിട്ടി ഇടപാടുകള്‍ ഇനി  യൂറോപ്യന്‍ രാജ്യങ്ങളിലും


കെഎസ്‌എഫ്‌ഇ പ്രവാസി ചിട്ടിയുടെ ഇടപാടുകള്‍ ഇനി എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലും. ആവേശകരമായ സ്വീകരണമാണ്‌ ഇതിനകം ചിട്ടിക്ക്‌ യൂറോപ്പിലെ മലയാളികളില്‍നിന്ന്‌ ലഭിക്കുന്നത്‌.

രജിസ്‌ട്രേഷന്‍ ആരംഭിച്ചയുടന്‍ യു കെ, ഫ്രാന്‍സ്‌, സ്‌പെയിന്‍, നോര്‍വേ, നെതര്‍ലന്‍ഡ്‌, ജര്‍മനി, അയര്‍ലന്‍ഡ്‌, പോളണ്ട്‌ എന്നീ രാജ്യങ്ങളില്‍നിന്നുള്ള നിരവധിപേര്‍ ചിട്ടിയില്‍ ചേര്‍ന്നു. കെ വൈ സി ഉള്‍പ്പെടെയുള്ള നടപടികളും പൂര്‍ത്തിയാക്കി.

ചിട്ടിയുടെ പ്രചരണാര്‍ഥം വോസ്‌റ്റഷെയര്‍, ബോണിമൗത്ത്‌, ഡബ്ലിന്‍ എന്നിവിടങ്ങളില്‍ മലയാളി കൂട്ടായ്‌മകള്‍ സംഘടിപ്പിക്കുന്നുണ്ട്‌. മൂന്നിടങ്ങളിലും ധനമന്ത്രി മലയാളികളുമായി സംവദിക്കും. യൂറോപ്പിലും പ്രവാസി ചിട്ടിയുടെ സേവനം പൂര്‍ണമായും ഓണ്‍ലൈനായാണ്‌ ലഭ്യമാവുക.

പ്രവാസികള്‍ക്ക്‌ 10ലക്ഷം വരെയുള്ള ചിട്ടി ബാധ്യതയ്‌ക്ക്‌ സൗജന്യ ഇന്‍ഷുറന്‍സ്‌ പരിരക്ഷ, 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ കോള്‍ സെന്റര്‍ എന്നിവ ലഭിക്കും. ചിട്ടിയില്‍ ചേരുന്നതിനു ഇന്ത്യയിലെ ബാങ്ക്‌ അക്കൗണ്ടുകളുടെ നെറ്റ്‌ ബാങ്കിങ്‌, ഡെബിറ്റ്‌ കാര്‍ഡ്‌ എന്നിവയും ഇന്റര്‍നാഷണല്‍ ഡെബിറ്റ്‌ കാര്‍ഡും ഉപയോഗിക്കാം.

വെബ്‌സൈറ്റ്‌ വഴിയും ആന്‍ഡ്രോയ്‌ഡ്‌/ ഐഫോണ്‍ മൊബൈല്‍ ആപ്പ്‌ വഴിയും വരിക്കാര്‍ക്ക്‌ ചിട്ടികളുടെ ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാം. പണത്തിന്‌ അത്യാവശ്യമുള്ള വരിക്കാര്‍ക്ക്‌ ചിട്ടി തുക ഇനി അടയ്‌ക്കുവാനുള്ള തവണകള്‍ക്ക്‌ (മേല്‍ബാധ്യതയ്‌ക്ക്‌ ) ജാമ്യംനല്‍കി ഇന്ത്യയിലുള്ള ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ തുക കൈപ്പറ്റാം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക