Image

നെയ്യാറ്റിന്‍കരയില്‍ പോരാട്ടം പൊടി പാറും

ജി.കെ. Published on 24 April, 2012
നെയ്യാറ്റിന്‍കരയില്‍ പോരാട്ടം പൊടി പാറും
പിറവം എന്ന ആശങ്കയ്‌ക്കുശേഷം നെയ്യാറ്റിന്‍കര എന്ന ആകാംക്ഷയ്‌ക്ക്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നു. ജൂണ്‍ രണ്‌ടിന്‌ നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ്‌ ബൂത്തിലേക്ക്‌ പോകും. പിന്നെ ജൂണ്‍ 15 വരെ കാലവര്‍ഷത്തിനെന്നപോലെ വോട്ടെണ്ണലിനായുള്ള കാത്തിരിപ്പ്‌. ഉപതിരഞ്ഞെടുപ്പ്‌ വിജ്ഞാപനമുയരുമുമ്പെ പോരാട്ട ചൂട്‌ ഉയര്‍ന്ന നെയ്യാറ്റിന്‍കരയില്‍ വേനല്‍ ചൂടിന്റെ പാരമ്യത്തില്‍ പോരാട്ടം പൊടി പാറുമെന്ന്‌ ഉറപ്പ്‌.

രണ്‌ടു മുന്നണികള്‍ തമ്മിലുള്ള ബലാബലത്തിന്‌ പുറമെ ഒ.രാജഗോപാല്‍ ഒരിക്കല്‍ കൂടി ബിജെപി സ്ഥാനാര്‍ഥിയാവുമ്പോള്‍ നെയ്യാറ്റിന്‍കരയ്‌ക്ക്‌ ത്രികോണ പോരാട്ടത്തിന്റെ പ്രതീതി ഉണര്‍ത്താനും കഴിഞ്ഞിട്ടുണ്‌ട്‌. സിപിഎമ്മില്‍ നിന്ന്‌ വന്ന ആര്‍.ശെല്‍വരാജ്‌ യുഡിഎഫിന്റെ സ്ഥാനാര്‍ഥിയാവുമ്പോള്‍ പണ്‌ട്‌ യുഡിഎഫുകാരനായിരുന്ന(കേരളാ കോണ്‍ഗ്രസ്‌-ജേക്കബ്‌) പാറശാല ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എഫ്‌.ലോറന്‍സാണ്‌ ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥിയെന്ന വിരോധാഭാസവും നെയ്യാറ്റിന്‍കരയിലുണ്‌ട്‌. മുന്നണിയ്‌ക്കകത്തെ തൊഴിത്തില്‍ക്കുത്തും പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ്‌ വടംവലിയും നെയ്യാറ്റിന്‍കര നീന്തിക്കടക്കാന്‍ യുഡിഎഫിന്‌ മുമ്പിലുള്ള വെല്ലുവിളികളാണെങ്കില്‍ സ്വന്തം സ്ഥാനാര്‍ഥിയ്‌ക്കെതിരെ പാര്‍ട്ടിയിലെ ഒരുവിഭാഗം തന്നെ രംഗത്തുവന്നത്‌ ഇടതുമുന്നണിയ്‌ക്കും പുതിയ തലവേദനയാണ്‌.

തലവേദനകളൊന്നുമില്ലാതെ വരുന്ന ബിജെപിയ്‌ക്ക്‌ നഷ്‌ടപ്പെടാനും ഒന്നുമില്ല. ലഭിക്കുന്നതെല്ലാം നേട്ടമാണ്‌. എന്നാല്‍ ഒ.രാജഗോപാലിന്റെ സ്ഥാനാര്‍തിത്വം നെയ്യാറ്റിന്‍കരയിലെ ബലാബലത്തില്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. നാടാര്‍ സമുദായത്തിനെന്നപോലെ നായര്‍ സമുദായത്തിനും ശക്തമായ സ്വാധീനമുണ്‌ട്‌ മണ്‌ഡലത്തില്‍. മണ്‌ഡലത്തിലെ ആകെ വോട്ടര്‍മാരില്‍ 30 ശതമാനവും നായര്‍ സമുദായത്തില്‍ നിന്നാണ്‌. യുഡിഎഫിനെതിരെ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രഖ്യാപിച്ചിട്ടുള്ള അപ്രഖ്യാപിത ഫത്‌വയുടെ പശ്ചാത്തലത്തില്‍ നായര്‍ വോട്ടുകള്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ജയപരജയങ്ങളെ സ്വാധീനിക്കുമെന്ന്‌ വ്യക്തം.

മണ്‌ഡലത്തില്‍ ശക്തമായ സ്വാധീനം ചെലുത്തുന്ന നാടാര്‍ സമുദായാംഗങ്ങളെ തന്നെ സ്ഥാനാര്‍ഥിയാക്കി സാമുദായി സന്തുലനം പാലിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്‌ടെന്നതും ശ്രദ്ധേയം. 2006ലെ കണക്കുകള്‍ അനുസരച്ച്‌ 1,56000 വോട്ടര്‍മാരാണ്‌ നെയ്യാറ്റിന്‍കര മണ്‌ഡലത്തിലുള്ളത്‌. വോട്ടര്‍ പട്ടികയിലെ പേര്‌ ചേര്‍ക്കല്‍ പൂര്‍ത്തിയാവുമ്പോള്‍ ഇത്‌ 1,590000 ആവുമെന്നാണ്‌ കരുതുന്നത്‌. വോട്ടര്‍മാരില്‍ 40 ശതമാനം നാടാര്‍ സമുദായക്കാരാണ്‌. 20 ശതമാനം ഈഴവ സമുദായക്കാരും മണ്‌ഡലത്തിലുണ്‌ട്‌. അഞ്ച്‌ പഞ്ചായത്തുകളുള്ള നെയ്യാറ്റിന്‍കരയില്‍ ഒരു പഞ്ചായത്തില്‍ മാത്രമാണ്‌ എല്‍ഡിഎഫ്‌ ഭരിക്കുന്നത്‌

ശെല്‍വരാജ്‌ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുമോ എന്നു മാത്രമെ ഇനി തീരുമാനമാവാനുള്ളൂ. കൈപ്പത്തിയില്‍ മത്സരിച്ചാലും സ്വതന്ത്രനായി മത്സരിച്ചാലും ശെല്‍വരാജ്‌ ഇനിയും പൂര്‍ണമായും കോണ്‍ഗ്രസിനോടും മുന്നണിയോടും ഇഴുകിച്ചേര്‍ന്നിട്ടില്ല. എന്നാല്‍ സിപിഎമ്മിലേക്ക്‌ ചേക്കേറാന്‍ വിമുഖതയുണ്‌ടായിരുന്ന എല്‍ഡിഎഫ്‌ സ്‌ഥാനാര്‍ഥി എഫ്‌. ലോറന്‍സ്‌ പാര്‍ട്ടി ചിന്‌ഹത്തില്‍ തന്നെ മത്സരിക്കാന്‍ തയാറായിട്ടുണ്‌ട്‌. കേരളാ കോണ്‍ഗ്രസ്‌(ജേക്കബ്‌) പാര്‍ട്ടിയിലായിരുന്ന ലോറന്‍സ്‌ ആ ബന്ധം നേരത്തേ തന്നെ വിട്ട്‌ ഇടതു സഹയാത്രികനായെങ്കിലും പാര്‍ട്ടിക്കാരനെന്ന പരിവേഷം അണിയാന്‍ ഇതുവരെ കൂട്ടാക്കിയിരുന്നില്ല. സിപിഎം നേതാക്കള്‍ നിര്‍ബന്ധിച്ചാണു പാര്‍ട്ടി അംഗത്വം നല്‍കിയത്‌. ഇതിനെല്ലാം പുറമെ സിപിഎം വിട്ട്‌ പാര്‍ട്ടിയെത്തന്നെ ഞെട്ടിച്ച ശെല്‍വരാജിനെ നേരിടാന്‍ പാര്‍ട്ടിക്കു പുറത്തുനിന്ന്‌ ഒരാളെ കണെ്‌ടത്തേണ്‌ടിവന്നു എന്നതിനുള്ള വിശദീകരണം കൂടി പ്രചാരണത്തില്‍ സിപിഎം നേതാക്കള്‍ക്ക്‌ അണികള്‍ക്കു മുമ്പില്‍ വെക്കേണ്‌ടി വരും.

പിറവം യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ജിവന്‍മരണ പോരാട്ടമായിരുന്നെങ്കില്‍ നെയ്യാറ്റിന്‍കര വിജയിച്ചാല്‍ യുഡിഎഫിന്‌ അത്‌ വെറുമൊരു ബോണസ്‌ മാത്രമാണ്‌. അതുകൊണ്‌ടു തന്നെ പിറവത്തെ കൂട്ടായ്‌മ നെയ്യാറ്റിന്‍കരയില്‍ യുഡിഎഫില്‍ കാണാനാവില്ല. ഈ കൂട്ടിപ്പിടിത്തമില്ലായ്‌മയ തന്നെയാണ്‌ നെയ്യാറ്റിന്‍കരയില്‍ യുഡിഎഫിന്‌ മുന്നിലുള്ള വലിയ വെല്ലുവിളി. ഇതിനെല്ലാം പുറമെയാണ്‌ പിറവം ജയത്തിനുശേഷം അഞ്ചാം മന്ത്രി വിവാദത്തെത്തുടര്‍ന്നുണ്‌ടായ സാമുദായിക ധ്രുവീകരണം. ലീഗ്‌-കോണ്‍ഗ്രസ്‌ നേതാക്കള്‍ തമ്മിലുള്ള ചക്കളത്തിപ്പോര്‌ യുഡിഎഫിനുണ്‌ടാക്കിയ പ്രതിച്ഛായാ നഷ്‌ടം എത്രമാത്രം വലുതാണെന്ന്‌ നെയ്യാറ്റിന്‍കര ഫലം തെളിയിക്കും. ശെല്‍വരാജിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കെ.മുരളീധരന്‍ അടക്കമുള്ള ഒരു വിഭാഗം രംഗത്തുവന്നതും കോണ്‍ഗ്രസിന്‌ തലവേദനയാണ്‌.

എല്‍ഡിഎപിലും കാര്യങ്ങള്‍ വ്യത്യസ്‌തമല്ല. ഇത്രമാത്രം രൂക്ഷമല്ലെന്ന്‌ മാത്രം. നെയ്യാറ്റിന്‍കര എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം ജീവന്‍മരണ പോരാട്ടമാണ്‌. പിറവം സിറ്റിംഗ്‌ സീറ്റല്ലാത്തതിനാല്‍ അവിടുത്തെ തോല്‍വിയ്‌ക്ക്‌ പല ന്യായീകരണങ്ങളും നിരത്താന്‍ പാര്‍ട്ടിക്കും മുന്നണിയ്‌ക്കും കഴിയും. എന്നാല്‍ നെയ്യാറ്റിന്‍കര അങ്ങനെയല്ല. പാര്‍ട്ടിയെ വഞ്ചിച്ച്‌ പാര്‍ട്ടിയിലെ ഔദ്യോഗിക നേതൃത്വത്തിലെ പുഴുക്കുത്തുകളെ പരസ്യമായി വിളിച്ചുപറഞ്ഞ ശെല്‍വരാജിനെ തോല്‍പിക്കുക എന്നത്‌ സിപിഎമ്മിലെ ഔദ്യോഗിക നേതൃത്വത്തിന്റെ അഭിമാന പ്രശ്‌നമാണ്‌. അതുകൊണ്‌ടു തന്നെ അഭിമാനപ്പോരാട്ടില്‍ നെയ്യാര്‍ ആര്‌ നീന്തിക്കടക്കുമെന്ന്‌ കാത്തിരുന്ന്‌ കാണാം.
നെയ്യാറ്റിന്‍കരയില്‍ പോരാട്ടം പൊടി പാറും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക