Image

ഇക്കണക്കിന് പോയാല്‍ പാര്‍ട്ടി കാണും; ഒപ്പം ജനങ്ങള്‍ കാണില്ല (വിജയനാഥന്‍ ചേലാട്ട് )

വിജയനാഥന്‍ ചേലാട്ട് Published on 20 May, 2019
ഇക്കണക്കിന് പോയാല്‍ പാര്‍ട്ടി കാണും; ഒപ്പം ജനങ്ങള്‍ കാണില്ല (വിജയനാഥന്‍  ചേലാട്ട് )
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയായി വന്നാല്‍ ദേശീയ തലത്തിലും കേരളത്തിലും ഇടത് പക്ഷം നേരിടാന്‍ പോകുന്നത് സമ്പൂര്‍ണ്ണ തകര്‍ച്ചയാണ്. പണ്ട് എം.എന്‍ വിജയന്‍ പ്രവചിച്ചത് യാഥാര്‍ഥ്യമാകാന്‍ പോകുന്നു. അന്നദ്ദേഹം പറഞ്ഞു,' ഇക്കണക്കിന് പോയാല്‍ പാര്‍ട്ടി കാണും ഒപ്പം ജനങ്ങള്‍ കാണില്ല' എന്ന്.

പിണറായിസം പാര്‍ട്ടിയില്‍ പിടിമുറുക്കിയതോടെയാണ് പാര്‍ട്ടിക്ക് അതിന്റെ ആത്മാവ് നഷ്ടമായത്. റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഷറഫ് റാഷിദോവ് എന്ന സഖാവിന്റെ റോളാണ് പിണറായിക്ക് ഇപ്പോള്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ളത്.റഷ്യന്‍ കമ്യൂണിസ്‌റ്‌സ്‌റ് ഭരണത്തിന് അന്ത്യം കുറിച്ചയാള്‍ എന്നതാണ് റാഷിദോവിന് ചരിത്രം ചാര്‍ത്തിക്കൊടുത്ത ബഹുമതി.നമ്മുടെ ലാവലിന്‍ കേസിനോട് സാമ്യമുള്ള 'രീേേീി രെമിറമഹ' ആണ് റാഷിദോവിന്റെയും, പിന്നീട് പാര്‍ട്ടിയുടെ തന്നെയും പതനത്തിന് ആരംഭം കുറിച്ചത്.

ബ്രഷ്‌നേവിന്റെ കാലത്ത് അതി ശക്തനായിരുന്ന റാഷിദോവ്, ഉസ്ബക്ക് സര്‍ക്കാരിന്റെ കണക്കുകളില്‍ വലിയ കൃതൃമം കാണിച്ച് കോട്ടണ്‍ ഉല്‍പ്പാദനം വളരെ വലിയ തോതിലുണ്ടെന്ന് പ്രചരിപ്പിച്ചു. ഈ കള്ളത്തരം മോസ്‌കോ കണ്ടുപിടിച്ചില്ലാ എന്ന് മാത്രമല്ല 'ഹീറോ ഓഫ് സോവിയറ്റ് യൂണിയന്‍ 'പോലുള്ള ഒട്ടേറെ ബഹുമതികള്‍ നല്‍കി ഇയാളെ ആദരിക്കുകയും ചെയ്തു. അതോടെ കള്ളത്തരം കാണിക്കുന്നവര്‍ക്കൊക്കെ ഒരു മാതൃകയായി റാഷിദോവ് മാറി. അവര്‍ ഇയാളെ പാടി പുകഴ്ത്തി. കാലമേറെ ചെല്ലുന്നതിന് മുന്‍പ് ഉസ്ബക്കിസ്ഥാനിലെ ഒരു ഖലീഫയെപ്പോലെ ആയി ഇയാള്‍.താന്‍ മരിച്ചുകഴിയുമ്പോള്‍ ഖബറടക്കാനായി താഷ്‌ക്കന്റില്‍ ഹൃദയഭാഗത്ത് നമ്മുടെ താജ്മഹലിന് സമാനമായ ഒരു കൂറ്റന്‍ മുസോളിയം ഇയാള്‍ പണികഴിപ്പിച്ചു. ഇത് സംബന്ധിച്ച വാര്‍ത്ത ന്യുയോര്‍ക്ക് ടൈംസ് പുറത്ത് വിട്ടു.അതോടെ സോവിയറ്റ് കമ്യൂണിസ്റ്റ് നേതാക്കളുടെ അഴിമതി ലോകമ്പാടുമുള്ള പത്രങ്ങളില്‍ വാര്‍ത്തയായി. അതുകൊണ്ടൊന്നും റാഷിദോവ് കുലുങ്ങിയില്ല. മുതലാളിത്ത പത്ര സിന്റിക്കേറ്റുകള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നയാള്‍ പ്രചരിപ്പിച്ചു. അതിനിടെ ബ്രഷ്‌നേവിന്റെ പിന്‍ഗാമിയായി യൂറി ആന്ദ്രേപ്പോവ് മോസ്‌കോയില്‍ അധികാരമേറ്റു. 1983 ഒക്ടോബറിലെ ഒരു പ്രഭാതത്തില്‍ ആന്ദ്രേപ്പോവ് റാഷിദോവിനെ ഫോണില്‍ വിളിച്ച് പഴയ കോട്ടണ്‍ കാര്യം ആരാഞ്ഞു. റഷ്യന്‍ കെജിബി യുടെ തലവനായിരുന്ന ആന്ദ്രേപോവിന്റെ കയ്യില്‍ തനിക്കെതിരെയുള്ള മുഴുവന്‍ തെളിവുകളും ഉണ്ടെന്ന് അറിയാമായിരുന്ന റാഷിദോവിന്റെ കയ്യില്‍ നിന്ന് ഫോണ്‍ തെന്നി താഴെവീണു. അലമാരയില്‍ സൂക്ഷിച്ചിരുന്ന വിഷം മദ്യത്തില്‍ ചേര്‍ത്ത് അയാള്‍ വായിലേക്ക് കമഴ്ത്തി. ഒക്ടോബര്‍ 31 ന് അയാള്‍ മരിച്ചു. ശവം പാര്‍ട്ടി അജ്ഞാതമായ ഏതോ സ്ഥലത്ത് സംസ്‌കരിച്ചു.ആന്ദ്രേപോവിന്റെ പാര്‍ട്ടി ശുദ്ധീകരണമൊന്നും ഏറെനാള്‍ നീണ്ടുനിന്നില്ല.ആരോഗ്യം നശിച്ച് ഏതാനും മാസം കഴിഞ്ഞ് അദ്ദേഹം മരണമടഞ്ഞു..December25, 1991 രാവിലെ അരിവാള്‍ ചുറ്റിക അണിഞ്ഞ പാര്‍ട്ടിപതാക അവസാനമായി ക്രംലിനില്‍ ഉയര്‍ന്നു താഴ്ന്നു. തുടര്‍ന്ന് പുതിയതായി രൂപകൊണ്ട റഷ്യ യുടെ ത്രിവര്‍ണ പതാക അവിടെ ഉയര്‍ന്നു. ബാക്കി ചരിത്രം.

ഇന്ന് താഷ്‌ക്കണ്ട് സന്ദര്‍ശിക്കുന്ന സഞ്ചാരികളെ ഷറഫ് റാഷിദോവ്‌ന്റെ പ്രതിമ ചൂണ്ടിക്കാട്ടി ഗൈഡ് വിവരിക്കും ,' കമ്യൂണിസ്‌റ് റഷ്യയുടെ പതനത്തിന് തുടക്കം കുറിച്ചയാള്‍ ...'

പിണറായി വിജയന്റെ വിധിയും മറ്റൊന്നാകാന്‍ വഴിയില്ല.കാരണം ചരിത്രമാണ് ഏറ്റവും നീതിമാനായ വിധികര്‍ത്താവ്.

ഇക്കണക്കിന് പോയാല്‍ പാര്‍ട്ടി കാണും; ഒപ്പം ജനങ്ങള്‍ കാണില്ല (വിജയനാഥന്‍  ചേലാട്ട് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക