Image

ആദിത്യയെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു കുറ്റംസമ്മതിപ്പിച്ചു; കമ്പ്യുട്ടറില്‍ പോലീസ് കൃത്രിമമായി തെളിവുണ്ടാക്കി: അതിരൂപത

Published on 20 May, 2019
ആദിത്യയെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു കുറ്റംസമ്മതിപ്പിച്ചു; കമ്പ്യുട്ടറില്‍ പോലീസ് കൃത്രിമമായി തെളിവുണ്ടാക്കി: അതിരൂപത


കൊച്ചി: കര്‍ദ്ദിനാളിനെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത കോന്തുരുത്തി സ്വദേശി ആദിത്യയെ  ക്രൂരമായി മര്‍ദ്ദിച്ചാണ് കുറ്റസമ്മതിപ്പിച്ചതെന്ന് എറണാകുളം-അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ജേക്കബ് മനത്തോടത്തും സഹമെത്രാന്മാരായ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തും മാര്‍ ജോസ് പുത്തന്‍വീട്ടിലും വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടനും സഹവൈദികരും പറഞ്ഞു

ആലുവ എ.എസ്.പിയുടെയും ഡി.വൈ.എസ്.പിയുടെയും നേതൃത്വത്തിലാണ് ക്രൂരമായ മര്‍ദ്ദനം അരങ്ങേറിയത്. രേഖ വ്യാജമായി ഉണ്ടാക്കാന്‍ ഫാ.ടോണി കല്ലൂക്കാരന്‍ ആവശ്യപ്പെട്ടുവെന്ന് പറയാന്‍ നിര്‍ബന്ധിച്ചായിരുന്നു ആദ്യ മര്‍ദ്ദനം. കൊല്ലപ്പെടുമെന്ന തോന്നലുണ്ടായ ഘട്ടത്തില്‍ താന്‍ അങ്ങനെ പോലീസിനോട് പറഞ്ഞുവെന്ന് ആദിത്യ പറഞ്ഞതായും വൈദികര്‍ ചൂണ്ടിക്കാട്ടി.

ടോണി കല്ലൂക്കാരന്റെ സാന്നിധ്യത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ ആദിത്യ തന്റെ നിലപാട് തിരുത്തി. എന്നാല്‍ കള്ളം പറയുന്നുവെന്ന് പറഞ്ഞ് പോലീസ് വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. രേഖ ചോര്‍ത്താന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ആദിത്യയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ വോയിസ് റെക്കോര്‍ഡ് ഉള്‍പ്പെടെ ഫാ.ടോണി പോലീസിനെ കേള്‍പ്പിച്ച് ബോധ്യപ്പെടുത്തിയതാണ്. അതിനു ശേഷമാണ് ഫാ.ടോണിയെ വിട്ടയച്ചത്.

എന്നാല്‍ ഒരു രാത്രി കൂടി നീണ്ട മര്‍ദ്ദനത്തിനു ശേഷം ഫാ.ടോണിക്കെതിരെ വീണ്ടും മൊഴി നല്‍കാന്‍ ആദിത്യനെ നിര്‍ബന്ധിച്ചു. ഇതിനു ശേഷമാണ് ഫാ.ടോണിയെ അറസ്റ്റു ചെയ്യാന്‍ പോലീസ് പള്ളിയില്‍ എത്തിയത്. ഫാ.ടോണിയെ സമാനമായ രീതിയില്‍ മര്‍ദ്ദിച്ച് മറ്റ് വൈദികരെ കൂടി അറസ്റ്റുചെയ്യിക്കുകയായിരുന്നു ലക്ഷ്യം. ഭൂമി ഇടപാടില്‍ പ്രതിസ്ഥാനത്തുനില്‍ക്കുന്നവര്‍ തന്നെയാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍. ഭൂമി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് ശക്തമായ നിലപാടുമായി മുന്നോട്ടുവന്ന വൈദികരെയാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്നും വൈദികര്‍ ആരോപിച്ചു.

ആദിത്യയുമായി മൂന്നു തവണ അവരുടെ കമ്പ്യൂട്ടര്‍ ഷോപ്പില്‍ പോലീസ് എത്തി. ആദ്യം കടയില്‍ നിന്നും ആദിത്യയുടെ ലാപ്‌ടോപ് പോലീസ് എടുത്തുകൊണ്ടുപോയി. പിന്നീട് അവര്‍ എഴുതി നല്‍കിയ കാര്യങ്ങള്‍ ലാപ്‌ടോപ്പില്‍ ഇന്‍സ്റ്റാള്‍ ചെയ്യിയ്യു. മൂന്നാം തവണയും കടയില്‍ കൊണ്ടുവന്ന് തൊണ്ടിമുതല്‍ ആയി ഈ ലാപ്‌ടോപ് എടുപ്പിക്കുകയായിരുന്നുവെന്നും വൈദികര്‍ പറഞ്ഞു

ആദിത്യനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് തൃക്കാക്കര സബ് ജയിലില്‍ സന്ദര്‍ശിച്ച ശേഷം ഇടവക വികാരി ഫാ. മാത്യൂ ഇടശേരി പ്രതികരിച്ചു. ആദിത്യന്‍ പറഞ്ഞതനുസരിച്ച് മൂന്നാലു ദിവസമായി ഉറങ്ങാന്‍ അനുവദിച്ചിട്ടില്ല. കാലില്‍ അടിച്ചു, നഖം വരെ പൊളിച്ചു. ചില പേരുകള്‍ പറഞ്ഞിട്ട് അവ പറയണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം ആദ്യം തങ്ങളോട് തുറന്നു പറയാന്‍ ആദിത്യന്‍ തയ്യാറായില്ല. എന്നാല്‍ അവന്റെ പിതാവ് സക്കറിയാസും അഭിഭാഷകനും ആവശ്യപ്പെട്ടപ്പോള്‍ അവന്‍ കണ്ണീരോടുകൂടി എല്ലാം തുറന്നുപറയുകയായിരുന്നുവെന്ന് ഫാ.ഇടശേരി അറിയിച്ചു.

ഒരിക്കലും താന്‍ മനപൂര്‍വ്വം പറഞ്ഞതല്ല വൈദികരുടെ പേരുകള്‍. മര്‍ദ്ദിച്ച് പറയിപ്പിച്ച ശേഷം അതു പോലീസ് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്. മരണഭീതിയിലാണ് ടോണി അച്ചന്റെ പേര് പറഞ്ഞുപോയതെന്നും അതിന് ആ വൈദികനോട് മാപ്പുപറയുന്നതായും ആദിത്യന്‍ തന്റെ പിതാവിനോട് പറഞ്ഞതായും ഫാ.മാത്യൂ ഇടശേരി പറഞ്ഞു.  അഭിഭാഷകനെ പോലും കാണാന്‍ അനുവദിക്കാതെ മജിസ്‌ട്രേറ്റിനു മുന്നിലെത്തിച്ച് റിമാന്‍ഡ് ചെയ്യുകയായിരുന്നുവെന്നും വൈദികന്‍ കൂട്ടിച്ചേര്‍ത്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക