Image

നസീറിനെതിരായ ആക്രമണത്തിന് ടിപി വധവുമായി സാമ്യം: സിപിഎമ്മിനെതിരെ ടി സിദ്ദീഖ്

Published on 21 May, 2019
നസീറിനെതിരായ ആക്രമണത്തിന് ടിപി വധവുമായി സാമ്യം: സിപിഎമ്മിനെതിരെ ടി സിദ്ദീഖ്
കോഴിക്കോട്: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സിഒടി നസീറിന് നേരെയുണ്ടായ വധശ്രമം രണ്ടാം ടി പി ചന്ദ്രശേഖരനെ സൃഷ്ടിക്കാനുള്ള സിപിഎം നീക്കത്തിന്റെ ഭാഗമാണെന്ന് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ്. വടകരയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. നസീറിന് നേരെയുണ്ടായ അക്രമത്തിന് ടി പി വധവുമായി ഏറെ സാമ്യമുണ്ട്. 2009 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ വിവിധ ഭാഗങ്ങളില്‍ ടിപി ആക്രമിക്കപ്പെട്ടിട്ടുണ്ട്.ഇത്തവണ സമാന രീതിയില്‍ നസീറും അക്രമത്തിന് ഇരയായി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടക്ക് മൂന്ന് തവണയാണ് നസീര്‍ കൈയ്യേറ്റത്തിന് വിധേയനായത്. എന്നിട്ടും അദ്ദേഹത്തിനു സുരക്ഷ നല്‍കാന്‍ പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. സര്‍ക്കാറും പോലീസും ഗുരുതരമായ അനാസ്ഥയാണ് ഈ വിഷയത്തില്‍ കാണിച്ചതെന്നും സിദ്ദീഖ് ആരോപിച്ചു. നസീറിന്റെ തലയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. വയറിലേറ്റ കുത്തും ആഴത്തിലുള്ളതാണ്. കൈവിരലുകള്‍ തുന്നിച്ചേര്‍ക്കേണ്ടതുണ്ട്.
ടിപി വധവും നസീറിന് നേരെയുണ്ടായ വധശ്രമവും സിബിഐ അന്വേഷിക്കണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയായ നസീറിനെ തിരികെ ഒരു ചെറു കല്ലു പോലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എറിഞ്ഞിട്ടില്ല. എന്നാല്‍ ആശയപരമായി എതിരായതിന്റെ പേരില്‍ സിപിഎമ്മില്‍ നിന്ന് ക്രൂരമായ അക്രമത്തിന് വിധേയനായിരിക്കുകയാണ് നസീറെന്നും സീദ്ദീഖ് പറഞ്ഞു. വടകര മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ സംരക്ഷിക്കാന്‍ കൊലക്കത്തി രാഷ്ട്രീയത്തില്‍ നിന്നും മാറി നിന്ന സിപിഎം തെരഞ്ഞെടുപ്പ് കഴിഞ്ഞതാണ് ഫാസിസം വീണ്ടും പുറത്തെടുത്തിരിക്കുകയാണ്. കമ്യൂണിസ്റ്റ് ഭീകരത തളംകെട്ടി നില്‍ക്കുന്ന പ്രദേശമാണ് വടക്കെ മലബാര്‍ എന്ന് നസീര്‍ വധശ്രമത്തിലൂടെ വ്യക്തമായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ സ്ഥാനാര്‍ഥിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കമ്മീഷന്‍ പ്രതികരിക്കണം. ഇടത് ഭരണത്തില്‍ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടക്കില്ലെന്ന് ബോധ്യമുണ്ടെന്നും സിദ്ദിഖ് പറഞ്ഞു. 23 ന് വോട്ടെണ്ണലിന് ശേഷം വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ വ്യാപകമായ അക്രമത്തിന് സി.പി.എം കോപ്പു കൂട്ടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മുന്‍കൂട്ടിയുള്ള അക്രമം നടന്നിരിക്കുന്നത്. പത്രസമ്മേളനത്തില്‍ കാവില്‍ രാധാകൃഷ്ണന്‍, കോട്ടയില്‍ രാധാകൃഷ്ണന്‍, പുറന്തോടത്ത് സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക