Image

വി.കെ.സിങ്ങിനെതിരെ അന്വേഷണം വേണം: തേജീന്ദര്‍ സിങ്ങ്

Published on 25 April, 2012
വി.കെ.സിങ്ങിനെതിരെ അന്വേഷണം വേണം: തേജീന്ദര്‍ സിങ്ങ്
ന്യൂഡല്‍ഹി: കരസേനാമേധാവി ജനറല്‍ വി.കെ.സിങ്ങിനെതിരെ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുന്‍ ലഫ്.ജനറലും ആയുധദല്ലാളുമായ തേജീന്ദര്‍ സിങ്ങ് സുപ്രീംകോടതിയെ സമീപിച്ചു. തന്റെയും പ്രതിരോധമന്ത്രാലയത്തിലെ പല ഉദ്യോഗസ്ഥരുടെയും ഫോണ്‍ വി.കെ സിങ്ങ് ചോര്‍ത്തിയെന്നും അതെന്തിനാണെന്ന് അന്വേഷിക്കണമെന്നുമാണ് തേജീന്ദര്‍ സിങ്ങ് ആവശ്യപ്പെടുന്നത്. 

നിലവാരം കുറഞ്ഞ 600 ടട്ര ട്രക്കുകള്‍ കരസേനയ്ക്കുവേണ്ടി വാങ്ങാന്‍ തേജീന്ദര്‍ സിങ്ങ് തനിക്ക് 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്ന വി.കെ.സിങ്ങിന്റെ വെളിപ്പെടുത്തലാണ് ആദ്യം വിവാദമായത്. അതിനെതിരെ തേജീന്ദര്‍ സിങ്ങ് ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതിയില്‍ മാനനഷ്ടഹര്‍ജി നല്‍കിയിരിക്കുകയാണ്. 

അതിനുമുമ്പ് തന്നെ വി.കെ സിങ്ങ് തേജീന്ദര്‍ സിങ്ങിനെതിരെ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സി.ബി.ഐ. അന്വേഷണം നടത്തുന്നുണ്ട്. ഡല്‍ഹിയിലും ബാംഗ്ലൂരിലുമായി സി.ബി.ഐ. ഒട്ടേറെ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്. 

തനിക്ക് 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തിരുന്നെന്ന് ജനറല്‍ സിങ് 'ഹിന്ദു'പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയ ഉടനെ രാജ്യരക്ഷാമന്ത്രി എ.കെ. ആന്റണിയാണ് സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടത്. അഭിമുഖത്തില്‍ തേജീന്ദര്‍ സിങ്ങിന്റെ പേരുപറഞ്ഞിരുന്നില്ല. എന്നാല്‍ അഭിമുഖത്തിന് ഏതാനും ആഴ്ചകള്‍ക്കുമുമ്പ് കരസേന പുറത്തിറക്കിയ ഒരു പത്രക്കുറിപ്പില്‍ തേജീന്ദര്‍ സിങ്ങിന്റെ പേര് എടുത്തുപറഞ്ഞിരുന്നു. 

സിങ്ങിനും മറ്റ് നാലുപേര്‍ക്കുമെതിരെയാണ് തേജീന്ദര്‍ സിങ് മാനനഷ്ടത്തിന് കേസ് കൊടുത്തത്. കരസേനാ ഉപമേധാവി എസ്.കെ.സിങ്, മിലിറ്ററി ഓപ്പറേഷന്‍സിന്റെ ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ ബി.എസ്. താക്കൂര്‍, മേജര്‍ ജനറല്‍ എസ്.എല്‍. നരസിംഹന്‍(എ.ഡി.ജി, പബ്ലിക് ഇന്‍ഫര്‍മേഷന്‍), ലഫ്.കേണല്‍ ഹിത്തന്‍ സാഹ്‌നി(മീഡിയാ വിഭാഗം) എന്നിവരാണ് മറ്റുള്ളവര്‍. ഇവര്‍ ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് തനിക്കെതിരെ ആരോപണം കെട്ടിച്ചമച്ചെന്നാണ് തേജീന്ദര്‍ സിങ്ങിന്റെ പരാതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക