Image

കേരളത്തില്‍ യുഡിഎഫ് തരംഗം, ഇടത് കേന്ദ്രങ്ങളിലടക്കം ഇരുപത് സീറ്റിലും മുന്നേറ്റം

Published on 23 May, 2019
കേരളത്തില്‍ യുഡിഎഫ് തരംഗം, ഇടത് കേന്ദ്രങ്ങളിലടക്കം ഇരുപത് സീറ്റിലും മുന്നേറ്റം

തിരുവനന്തപുരം:വോട്ടെടുപ്പ് ഒന്നരമണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് വ്യക്തമായ യുഡിഎഫ് തരംഗം. ഇടതുപക്ഷത്തിന്‍റെ ഉറച്ച കേന്ദ്രങ്ങളില്‍ പോലും അപ്രതീക്ഷതമായ മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നത്. ശക്തികേന്ദ്രമായ കാസര്‍കോട് ഒരുഘട്ടത്തില്‍ ബിജെപിക്കും പിന്നില്‍  മൂന്നാം സ്ഥാനത്ത് വന്നതും പാലക്കാട് വികെ ശ്രീകണ്ഠന്‍ നേടിയ ലീഡും സിപിഎം കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്. 

എട്ട് മണിക്ക് തുടങ്ങിയ വോട്ടെണ്ണലിന്‍റെ ആദ്യഘട്ടത്തില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ മാത്രമാണ് കേരളത്തില്‍ ഇടതുസ്ഥാനാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും തരത്തില്‍ മത്സരം സൃഷ്ടിക്കാന്‍ സാധിച്ചത്. ഈ ഘട്ടത്തില്‍ എട്ട് സീറ്റുകളില്‍ വരെ എല്‍ഡിഎഫ് ലീഡ് ചെയ്തിരുന്നുവെങ്കിലും പിന്നീടങ്ങോട്ട് യുഡിഎഫിന്‍റെ മുന്നേറ്റമാണ് കാണാന്‍ സാധിച്ചത്. 

ഇടതിന്‍റെ ഉറച്ച കോട്ടകളായി വിശേഷിപ്പിക്കപ്പെടുന്ന കാസര്‍കോട്, വടകര, പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ എല്ലാം യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വ്യക്തമായ ലീഡാണ് നേടിയത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലീഡ് പിടിച്ചത് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠനാണ്. കാസര്‍ഗോഡ് ആദ്യം പിന്നില്‍ നിന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ പിന്നീട് കുതിച്ചു കയറുന്ന കാഴ്ചയാണ് കണ്ടത്. ആറ്റിങ്ങലിലും വടകരയിലും ട്രന്‍ഡ് മറ്റൊന്നായിരുന്നില്ല. 

തിരുവനന്തപുരത്ത് പോസ്റ്റല്‍ വോട്ടുകളില്‍ ലീഡ് പിടിച്ച കുമ്മനം രാജശേഖരന്‍ പിന്നീട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും തിരുവനന്തപുരം പിടിക്കാന്‍ തരൂരും കുമ്മനവും തമ്മില്‍ അതിശക്തമായ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. പത്തനംതിട്ടയില്‍ ഒരുഘട്ടത്തില്‍ കെ.സുരേന്ദ്രന്‍ ലീഡ് ചെയ്തെങ്കിലും പിന്നീട് രണ്ടാം സ്ഥാനത്തേക്ക് പോയി.  ആലപ്പുഴയില്‍ ആദ്യം മുന്നില്‍ നിന്ന എഎം ആരിഫിനെ പിന്തള്ളി ഷാനി മോള്‍ ഉസ്മാന്‍ ലീഡ് പിടിച്ച്. ഇപ്പോള്‍ ചെറിയ ലീഡ് ഷാനിമോള്‍ നിലനിര്‍ത്തുന്നുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക