Image

വെല്ലുവിളികളില്ലാതെ മോദി; ബി.ജെ.പി തരംഗം: കേരളത്തില് യു.ഡി.എഫ്. 19-1

കല Published on 23 May, 2019
വെല്ലുവിളികളില്ലാതെ മോദി; ബി.ജെ.പി തരംഗം: കേരളത്തില് യു.ഡി.എഫ്. 19-1
എക്‌സിറ്റ് പോളുകളെയും മറികടന്ന് ബിജെപി മുന്നണി ലോക്‌സഭയില്‍ മികച്ച വിജയം നേടുന്ന കാഴ്ചയാണ് വിധിയെഴുത്തില്‍. ഒപ്പം രാജ്യത്തെ അനിഷേധ്യ നേതാവായി മോദി മാറുന്ന കാഴ്ച കൂടിയാണ് കാണുന്നത്. 

നിലവില്‍ 352 സീറ്റുകളിലാണ് എന്‍ഡിഎ മുന്നണി മുന്നേറ്റം തുടരുന്നത്. യുപിഎ 90 സീറ്റുകളിലും 100 സീറ്റുകളില്‍ മറ്റു പാര്‍ട്ടികളും എന്നതാണ് സ്ഥിതി. രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്നാലും ബിജെപിയെ വെല്ലുവിളിക്കാന്‍ കഴിയില്ല എന്ന സ്ഥിതി. ബംഗാളില്‍ അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് ബിജെപി കാഴ്ച വെക്കുന്നത്. ബിജെപി കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് സംഘടനാ പ്രവര്‍ത്തനം കാഴ്ച മെച്ചപ്പെടുത്തിയ ബംഗാളില്‍ സംസ്ഥാന ഭരണം പിടിക്കാന്‍ കഴിയുന്ന തലത്തിലേക്ക് വോട്ട് ഷെയര്‍ ബിജെപി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. 

സിപിഎം പ്രാദേശിക പാര്‍ട്ടിയായി ചുരുങ്ങുന്ന സ്ഥിതി വിശേഷത്തിലും വിധിയെഴുത്ത് സാക്ഷ്യം വഹിക്കുന്നു.

ഹിന്ദി ഹൃദയഭൂമിയില്‍ മികച്ച നേട്ടമാണ് ബിജെപി സ്വന്തമാക്കുന്നത്. കേവലഭൂരിപക്ഷത്തിന് വേണ്ടത് 272 സീറ്റുകളാണെന്നിരിക്കെ ആദ്യമണിക്കൂറില്‍ത്തന്നെ എന്‍ഡിഎ ആധിപത്യം നിലനിര്‍ത്തുകയാണ്.

2014-ല്‍ 44 സീറ്റ് മാത്രം ലഭിച്ച കോണ്‍ഗ്രസ് ഇത്തവണ അമ്പത് സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്.

നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഇത്തവണയും പ്രതിപക്ഷ കക്ഷിയെന്ന പദവി ലഭിക്കാനിടയില്ല. ആകെയുള്ള 542 സീറ്റുകളില്‍ ഏറ്റവും കുറഞ്ഞത് 54 സീറ്റുകളിലെങ്കിലും ജയിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിന് പ്രതിപക്ഷ പദവി ലഭിക്കുകയുള്ളു. എന്നാല്‍ ഇതുവരെയുള്ള സൂചനകള്‍പ്രകാരം വെറും 50 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നേറ്റം.

ഇതിലാകട്ടെ പഞ്ചാബിലും കേരളത്തിലുമാണ് കോണ്‍ഗ്രസിന് നിലമെച്ചപ്പെടുത്താനായത്. കേരളത്തില്‍ 15 സീറ്റുകളിലും പഞ്ചാബില്‍ എട്ടുസീറ്റുകളിലുമാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. 

വയനാട് രണ്ടാം മണ്ഡലമാക്കിയെടുത്ത് രാഹുല്‍ മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ അത് തന്നെ ബിജെപി വലിയ പ്രചാരണായുധമാക്കിയിരുന്നു. ന്യൂനപക്ഷ മണ്ഡലത്തിലേക്ക് ഓടിയൊളിച്ചെന്നാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ തന്നെ പറഞ്ഞത്.

മഹാരാഷ്ട്രയിലും രാജസ്ഥാനിലും മികച്ച നേട്ടമാണ് എന്‍ഡിഎയ്ക്ക് നേടാനാകുന്നത്. രാജസ്ഥാനില്‍ ഡിസംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്ന് അധികാരം പിടിച്ചെടുത്ത കോണ്‍ഗ്രസിന് തിരിച്ചടിയാണ് ആദ്യഫല സൂചനകള്‍. എല്ലാ തടസ്സങ്ങളെയും തട്ടിമാറ്റി ശിവസേനയുമായി കൈ കോര്‍ത്ത മഹാരാഷ്ട്രയില്‍ എന്‍ഡിഎക്ക് തന്നെ മുന്നേറ്റമുണ്ടാക്കാനാകുമെന്ന് നേരത്തേ എക്‌സിറ്റ് പോളുകളെല്ലാം പ്രവചിച്ചിരുന്നതാണ്. അത് തന്നെയാണ് സംഭവിക്കുന്നതും.

നിര്‍ണായകമായ ഉത്തര്‍പ്രദേശില്‍ ആദ്യഫലസൂചനകളില്‍ മുന്നില്‍ ബിജെപിയാണ്. വന്‍ ലീഡാണ് യുപിയില്‍ ആദ്യഘട്ടത്തില്‍ ബിജെപിക്ക്. കഴിഞ്ഞ തവണ യുപി തൂത്തുവാരിയ ബിജെപിക്ക് മഹാസഖ്യം വലിയ തിരിച്ചടി നല്‍കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്. പശ്ചിമബംഗാളിലും എന്‍ഡിഎ മുന്നില്‍ നില്‍ക്കുന്നു. രാജ്യമെമ്പാടും രണ്ടാം നിരയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പിന്നില്‍പ്പോകുന്നു എന്ന സൂചനകളാണ് വരുന്നത്. സര്‍ക്കാര്‍ ആടിയുലഞ്ഞ് നില്‍ക്കുന്ന കര്‍ണാടകയില്‍ ഗുല്‍ബര്‍ഗയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പിന്നിലാണ്. ചിക്ബല്ലാപൂരില്‍ വീരപ്പ മൊയ്‌ലിയും പിന്നില്‍പ്പോയി.

അതേസമയം, ഛത്തീസ്ഗഢിലും തമിഴ്‌നാട്ടിലും കോണ്‍ഗ്രസിന് ആശ്വസിക്കാം. യുപിഎ സഖ്യമാണ് ഈ രണ്ടിടത്തും മുന്നില്‍ നില്‍ക്കുന്നത്. 

കേരളത്തിൽ  ഏറ്റവും ഒടുവിലായി വന്ന വിവരങ്ങള്‍ പ്രകാരം 20ല്‍ 19- സീറ്റുകളിലും യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. ആലപ്പുഴയിൽ ഇടതു മുന്നണിയുടെ ആരിഫ് മുന്നിൽ.  ഇഞ്ചോടിഞ്ച് മത്സരം നടന്ന മണ്ഡലങ്ങളിലെല്ലാം യുഡിഎഫ് ആണ് മുന്നില്‍ . കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രനും , എറണാകുളത്ത് ഹൈബി ഈഡനും കോഴിക്കോട്ട് എംകെ രാഘവനും മുന്നിലാണ് . ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് ലീഡ് ചെയ്യുകയാണ്.

ചാലക്കുടിയില്‍ ബെന്നി ബെഹ്നാനാണ് ലീഡ്. തൃശൂരില്‍ രാജാജി മാത്യു തോമസാണ് ആദ്യ ഘട്ടത്തില്‍ മുന്നിലുണ്ടായിരുന്നതെങ്കിലും ടിഎന്‍ പ്രതാപന്‍ ലീഡിലേക്ക് എത്തി. വടകരയില്‍ ആദ്യഘട്ടത്തില്‍ പി ജയരാജനാണ് ലീഡ് ചെയ്തിരുന്നതെങ്കില്‍ പിന്നിട് കെ മുരളീധരന്‍ മുന്നിലെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക