Image

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് 431,770 ന്റെ ലീഡ്

Published on 23 May, 2019
വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് 431,770  ന്റെ ലീഡ്
ലോക്‌സഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ അവസാന നിമിഷത്തിലേക്ക് അടുക്കുമ്പോള്‍ ലീഡ് നില ലക്ഷം പിന്നിട്ടത് 9 പേര്‍ക്ക്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് 431,7704  ന്റെയും മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് 260,050 വോട്ടിന്റെയും ലീഡാണുള്ളത്. ആറു മണ്ഡലങ്ങളിലെ ലീഡ് അര ലക്ഷവും കടന്നിട്ടുണ്ട്.

സിപിഎം ലീഡ് നിലനിര്‍ത്തുന്ന ആലപ്പുഴയില്‍ എ.എം.ആരിഫ് 9,213 വോട്ടിനാണ് മുന്നിട്ടുനില്‍ക്കുന്നത്. 

കോട്ടയം മണ്ഡലത്തില്‍ വോട്ടണ്ണലിന്റെ ഒരു ഘട്ടത്തിലും തോമസ് ചാഴികാടന് വെല്ലുവിളിയുണ്ടായില്ല. ലീഡ് ക്രമാനുഗതമായി വര്‍ദ്ധിപ്പിച്ച ചാഴികാടന്‍ 106,259 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ അനായാസം വിജയത്തിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ അനുകൂല ഘടകങ്ങളുണ്ടായിട്ടും 2014ല്‍ ജോസ് കെ. മാണി നേടിയ 1,20,599 വോട്ടിന്റെ ഭൂരിപക്ഷം മറികടക്കാന്‍ ചാഴികാടന് സാധിച്ചില്ല.

ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ആറിലും വ്യക്തമായ മുന്‍തൂക്കത്തോടെയാണ് ചാഴികാടന്റെ മുന്നേറ്റം. പരമ്പരാഗ ഇടത് മണ്ഡലമായ വൈക്കത്ത് മാത്രമാണ് ചാഴികാടന്‍ പിന്നോക്കം പോയത്. വൈക്കത്ത് 9220 വോട്ടുകള്‍ക്ക് വി.എന്‍ വാസവനെക്കാള്‍ പിന്നിലായി ചാഴികാടന്‍. കെ.എം. മാണിയുടെ തട്ടകമായിരുന്ന പാലാ മുപ്പതിനായിരത്തിലേറെ ലീഡാണ് ചാഴികാടന് സമ്മാനിച്ചത്. കടുത്തുരുത്തിയിലും പുതുപ്പള്ളിയിലും ഇരുപതിനായിരത്തിന് മുകളിലും ലീഡ് നേടാനും ചാഴികാടന് സാധിച്ചു. പിറവത്തും ഏറ്റുമാനൂരിലും മാത്രമാണ് ലീഡ് പതിനായിരക്കില്‍ താഴേക്ക് പോയത്.

തിരുവനന്തപുരത്ത് ആദ്യ മണിക്കൂറില്‍ കുമ്മനം രാജശേഖരന്‍ ലീഡ് ചെയ്തിരുന്നെങ്കിലും പിന്നീട് പിന്നാക്കം പോകുകയായിരുന്നു.

തൃശൂരില്‍ 93,633 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍.പ്രതാപന്‍ വിജയിച്ചു. എല്‍ഡിഎഫിന്റെ രാജാജി മാത്യു രണ്ടാം സ്ഥാനത്തും എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി മൂന്നാം സ്ഥാനത്തുമാണ്.

ഇടുക്കിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ലോക്സഭയിലേക്ക് ജയിച്ചുകയറുന്നത്. 1,71,053 വോട്ടുകളാണ് അദ്ദേഹത്തിന്റെ ഭൂരിപക്ഷം.

യുഡിഎഫ് തരംഗം ഇടുക്കിയിലും ശക്തമായിരുന്നുവെന്ന് ഭൂരിപക്ഷത്തില്‍ നിന്ന് വ്യക്തം. പി.ടി തോമസ് ജയിച്ചുകയറിയ ഇടുക്കി ഇടവേളയ്ക്ക് ശേഷം ശിഷ്യന്‍ ഡീനിലൂടെ വീണ്ടും കോണ്‍ഗ്രസിനൊപ്പം കൈപിടിച്ചു. ഹൈറേഞ്ചിലും ലോറേഞ്ചിലും ഒരുപോലെ ഡീന്‍ മുന്നേറി. കഴിഞ്ഞ തവണ ഡീന് പ്രതികൂലമായ നാല് ഹൈറേഞ്ച് മണ്ഡലങ്ങളില്‍ ശക്തമായി കോണ്‍ഗ്രസും യുഡിഎഫും തിരിച്ചുവന്നു. 

പാലക്കാട് 11,637 വോട്ടിന് സിറ്റിങ് എംപിയായ എം.ബി.രാജേഷിനെ യുഡിഎഫ് സ്ഥാനാര്‍ഥി വി.കെ.ശ്രീകണ്ഠന്‍ പരാജയപ്പെടുത്തി.

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ അട്ടിമറി ജയം സ്വന്തമാക്കി രമ്യ ഹരിദാസ്. ഒന്നരലക്ഷത്തിലേറെ വോട്ടിന്റെ (1,58,968) വന്‍ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിന്റെ യുവ വനിതാ സാരഥിയായ രമ്യയുടെ മിന്നുന്ന വിജയം. കഴിഞ്ഞ തവണ പികെ ബിജു നേടിയ 37,312 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ രമ്യ അഞ്ചിരട്ടിയോളമാക്കി തിരുത്തിക്കുറിച്ചത്. 2008-ല്‍ ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം രൂപീകൃതമായ ശേഷം കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും സിപിഐഎം സ്ഥാനാര്‍ഥി പികെ ബിജു വിജയിച്ച മണ്ഡലത്തിലാണ് സിറ്റിങ് എംപി ബിജുവിനെ തന്നെ അട്ടിമറിച്ച് മുപ്പത്തിമൂന്നുകാരിയായ രമ്യ ഹരിദാസ് ലോക്‌സഭയിലേക്കെത്തുന്നത്. 

വിജയത്തില്‍ സന്തോഷമെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പ് എനിക്ക് 20-20 ആയിരുന്നു. സെഞ്ച്വറി അടിച്ചിട്ടും ടീം തോറ്റുപോയ സാഹചര്യമാണ് ഇപ്പോള്‍. ദേശീയ തലത്തിലെ പരാജയം ആലോചിക്കുമ്പോള്‍ ദുഖമുണ്ട്. കേരളം മികച്ച സന്ദേശമാണ് രാജ്യത്തിനു നല്‍കിയിരിക്കുന്നതെന്നും തരൂര്‍ പറഞ്ഞു
ഇത്തവണ കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം മണ്ഡലങ്ങളില്‍ ലീഡ് ചെയ്യാന്‍ കുമ്മനത്തിനു കഴിഞ്ഞു. പാറശാല, കോവളം, നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലങ്ങള്‍ കഴിഞ്ഞ തവണത്തെപ്പോലെ തരൂരിന്റെ രക്ഷയ്‌ക്കെത്തി. കഴിഞ്ഞ തവണ ബിജെപി ലീഡ് ചെയ്ത തിരുവനന്തപുരം മണ്ഡലത്തിലും ഇത്തവണ തരൂര്‍ ലീഡ് ചെയ്തു. 2014ലെ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം നിയമസഭ മണ്ഡലങ്ങളിലാണു ബിജെപി നേതാവ് ഒ.രാജഗോപാല്‍ ലീഡ് ചെയ്തത്.

പത്തനംതിട്ടയില്‍ കനത്ത തിരിച്ചടിയാണു ബിജെപിക്കു ലഭിച്ചത്. അടൂര്‍ നിയമസഭാ മണ്ഡലത്തില്‍ മാത്രമാണു കെ.സുരേന്ദ്രനു രണ്ടാം സ്ഥാനത്തെത്താന്‍ കഴിഞ്ഞത്. ശേഷിക്കുന്ന 6 മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തായി. പി.സി. ജോര്‍ജ് പിന്തുണ പ്രഖ്യാപിച്ച, അദ്ദേഹത്തിനു സ്വാധീനമുള്ള കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മേഖലകളില്‍ കാര്യമായ േനട്ടമുണ്ടാക്കാന്‍ ബിജെപിക്കു കഴിഞ്ഞില്ല. കെ. സുരേന്ദ്രന്റെ വിജയം ഒഴിവാക്കാന്‍ ന്യൂനപക്ഷങ്ങള്‍ ഒരുമിച്ചു. നേട്ടമുണ്ടാക്കിയതു യുഡിഎഫും.

പ്രചാരണത്തില്‍ മുന്നിലെത്തിയെന്ന തോന്നലുണ്ടാക്കിയെങ്കിലും തൃശൂരില്‍ മികച്ച പോരാട്ടം കാഴ്ച വയ്ക്കാന്‍പോലും ബിജെപി സ്ഥാനാര്‍ഥി സുരേഷ്‌ഗോപിക്ക് കഴിഞ്ഞില്ല.

വി.എസ്.അച്യുതാനന്ദന്‍

ലോകസഭാ തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദന്‍. കള്ളനെ കാവലേല്‍പ്പിക്കുക എന്നൊക്കെ പറയുന്നതുപോലൊരു സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളത്. മുഖ്യശത്രുവിനെ തുരത്തുന്ന കാര്യത്തില്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ നിലനിന്ന യോജിപ്പില്ലായ്മയും ഉള്‍പ്പോരുമെല്ലാം ഈ സ്ഥിതിവിശേഷത്തിലേക്ക് നയിച്ചു എന്ന് സാമാന്യമായി അനുമാനിക്കാമെന്നും വിഎസ് പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്‍

എല്‍ഡിഎഫിനുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഷ്ട്രീയപരമായി വിലയിരുത്തുമ്പോള്‍, കേന്ദ്രത്തില്‍ ബിജെപി ഭരണം അവസാനിപ്പിക്കണമെന്ന് ആഗ്രഹിച്ച ജനവിഭാഗം കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്യുകയാണുണ്ടായത്. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിന് അനുകൂലമായി ഉണ്ടായതു പോലുള്ള തരംഗമാണ് ഇപ്പോള്‍ യുഡിഎഫിനുണ്ടായത്. പരാജയം ആഴമേറിയതാണ്.

ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരാജയത്തിന്റെ കാരണങ്ങളാണോയെന്നു പാര്‍ട്ടി ബൂത്ത് തലം മുതല്‍ വിശദമായി പരിശോധിക്കും. ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി നടത്തിയ പ്രതികരണങ്ങള്‍ പരാജയത്തിനു കാരണമായിയെന്നതു വ്യാഖ്യാനങ്ങള്‍ മാത്രമാണ്. ഇപ്പോഴത്തെ പരാജയം താല്‍ക്കാലികമാണെന്നും ഇത്തരം പരാജയങ്ങളെ അതിജീവിച്ച ചരിത്രമാണ് എല്‍ഡിഎഫിനുള്ളതെന്നും 1977ലെയും 1984ലെയും ലോക്‌സഭ തിരഞ്ഞെടുപ്പുകളിലെ തോല്‍വികളെ ഉദാഹരണമാക്കി അദ്ദേഹം പറഞ്ഞു.

ദേശീയതലത്തില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തില്‍ എല്‍ഡിഎഫ് സന്തോഷിക്കുന്നില്ല. ബിജെപി വീണ്ടും തിരിച്ചുവരുന്നതു ജനങ്ങള്‍ക്കു മഹാദുരിതത്തിലേക്കാണ്. ഇതിനെ പ്രതിരോധിക്കാന്‍ എല്ലാ പ്രതിപക്ഷ കക്ഷികളും കൂട്ടായി നില്‍ക്കേണ്ടത്തില്‍ സന്ദര്‍ഭമാണിത്. ദേശീയതലത്തില്‍ വിജയിച്ചിട്ടും കേരളത്തിലെ ജനങ്ങള്‍ ബിജെപിയെ അംഗീകരിച്ചില്ലെന്നതു മതനിരപേക്ഷ കേരളത്തിന് അഭിമാനിക്കാവുന്ന കാര്യമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

പി.എസ്. ശ്രീധരന്‍പിള്ള

സംസ്ഥാനത്ത് ബി.ജെ.പിയുടെ വോട്ട് വിഹിതം വര്‍ധിച്ചെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. 2014-നെക്കാള്‍ വോട്ട് വിഹിതം ഇത്തവണ വര്‍ധിച്ചെന്നും കൂടുതല്‍പേര്‍ നരേന്ദ്രമോദിയിലും ബി.ജെ.പി.യിലും വിശ്വാസമര്‍പ്പിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്ത് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും അതിദയനീയമായി പരാജയപ്പെട്ടു. കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണുണ്ടായത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തിരോധാനം ചെയ്തു. വളക്കൂറുള്ള കേരളത്തില്‍പോലും അവര്‍ക്ക് വിജയിക്കാനായില്ല. രാജ്യത്ത് ആകെ അഞ്ച് സീറ്റുകള്‍ പോലും നേടാനാകാത്ത സ്ഥിതി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക