Image

ആലപ്പുഴയിലെ പരാജയം കോണ്‍ഗ്രസ്‌ നേതൃത്വം പരിശോധിക്കണമെന്ന്‌ ഷാനിമോള്‍

Published on 24 May, 2019
ആലപ്പുഴയിലെ പരാജയം കോണ്‍ഗ്രസ്‌ നേതൃത്വം പരിശോധിക്കണമെന്ന്‌ ഷാനിമോള്‍

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 19 സീറ്റില്‍ യുഡിഎഫ്‌ വിജയിക്കുകയും ആലപ്പുഴ മണ്ഡലത്തില്‍ മാത്രം പരാജയപ്പെടുകയും ചെയ്‌ത സാഹചര്യം സംബന്ധിച്ച്‌ കോണ്‍ഗ്രസ്‌ നേതൃത്വം പരിശോധിക്കണമെന്ന്‌ യുഡിഎഫ്‌ സ്ഥാനാര്‍ഥിയായിരുന്ന ഷാനിമോള്‍ ഉസ്‌മാന്‍.

ചേര്‍ത്തലയില്‍ ആരിഫിന്‌ വന്‍ ഭുരിപക്ഷമുണ്ടാകുകയും യുഡിഎഫിന്‌ വോട്ടുകുറയുകയും ചെയ്‌തത്‌ സംബന്ധിച്ച്‌ പാര്‍ടി വിലയിരുത്തുമോ എന്ന ചോദ്യത്തിനോട്‌ പ്രതികരിക്കുകയായിരുന്നു ഷാനിമോള്‍. പ്രവര്‍ത്തകര്‍ പരമാവധി പ്രവര്‍ത്തിച്ചു. പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും പോരായ്‌മയുണ്ടെന്ന്‌ താന്‍ കരുതുന്നില്ല.

തിരഞ്ഞെടുപ്പില്‍ പൂച്ചെണ്ടു മാത്രം പ്രതീക്ഷിച്ചിട്ടു കാര്യമില്ല. കല്ലേറും പ്രതീക്ഷിക്കണം. ആലപ്പുഴയിലെ പരാജയം പാര്‍ടി നേതൃത്വം കൃത്യമായി വിലയിരുത്തുമെന്നാണ്‌ താന്‍ കരുതുന്നതെന്നും ഷാനി മോള്‍ ഉസ്‌മാന്‍ പറഞ്ഞു. ആര്‍ക്കെങ്കിലും പിഴവു വന്നതായി ഇപ്പോള്‍ തനിക്ക്‌ മനസിലാക്കാന്‍ കഴിയുന്നില്ലെന്നും ഷാനിമോള്‍ ഉസ്‌മാന്‍ പറഞ്ഞു.

ചേര്‍ത്തലയിലെ പല ബുത്തിലും മുന്‍ തിരഞ്ഞെടുപ്പില്‍ കെ സി വേണുഗോപാല്‍ പിടിച്ചതിനെക്കാള്‍ കുറഞ്ഞ വോട്ടാണ്‌ ഷാനിമോള്‍ക്ക്‌ ലഭിച്ചത്‌.

രണ്ടു ബുത്തില്‍ മാത്രം ഇത്തരത്തില്‍ 700 ലധികം വോട്ടുകളുടെ കുറവ്‌ വന്നിട്ടുണ്ട്‌. ചേര്‍ത്തലയില്‍ ഇത്തരത്തില്‍ എന്തെങ്കിലും അട്ടിമറി നടന്നതായി കരുതുന്നുണ്ടോയെന്ന ചോദ്യത്തിന്‌ അത്തരത്തില്‍ ഒന്നും ഇപ്പോള്‍ തനിക്ക്‌ പറയാന്‍ കഴിയില്ല.

അതെല്ലാം പാര്‍ടി നേതൃത്വം പരിശോധിക്കട്ടെയെന്നും കെ സി വേണുഗോപാല്‍ അദ്ദേഹത്തിന്‌ സമയം കിട്ടയപ്പോഴൊക്കെ തനിക്കായി ആലപ്പുഴയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും ഷാനിമോള്‍ ഉസ്‌മാന്‍ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക