Image

'സര്‍ഗ്ഗവേദി' യില്‍ കവിയരങ്ങ്

Published on 24 May, 2019
'സര്‍ഗ്ഗവേദി' യില്‍ കവിയരങ്ങ്
മെയ് 19, 2019 ന് 'സര്‍ഗ്ഗവേദി' യുടെ പ്രതിമാസ സമ്മേളനം കേരള സെന്ററില്‍ വെച്ച് നല്ലൊരു സദസ്സിന്റെ സാന്നിദ്ധ്യത്തില്‍ കൂടി. സാഹിത്യത്തിന്റെ വ്യത്യസ്തമേഖലകളിലൂടെ പ്രയാണം ചെയ്യാറുള്ള സര്‍ഗ്ഗവേദി ഇത്തവണ ഒരു കവിയരങ്ങിലൂടെയാണ് അരങ്ങേറിയത്. ന്യൂയോര്‍ക്കിലെ ചില പ്രശസ്ത കവികളുടെയും പ്രഗല്‍ഭരായ വിധികര്‍ത്താക്കളുടെയും സാന്നിദ്ധ്യം കൊണ്ട് മറ്റൊരു സര്‍ഗ്ഗസായാഹ്നം 'സര്‍ഗ്ഗവേദി'ക്കു നല്‍കാന്‍ കഴിഞ്ഞു. 'സര്‍ഗ്ഗവേദി'യുടെ പൂര്‍വ്വസൂരികളെയ സ്മരിച്ച് കൊണ്ടു, നന്ദകുമാര്‍ ഏവര്‍ക്കും സ്വാഗതമരുളുകയും അന്നത്തെ യോഗത്തിന്റെ ക്രമീകരണങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ദീര്‍ഘകാലം സര്‍ഗ്ഗവേദിയുടെ പ്രസിഡന്റായിരുന്ന ശ്രീ. മനോഹര്‍ തോമസ് നാട്ടില്‍നിന്ന് ഒരു ഹ്രസ്വകാല സന്ദര്‍ശനത്തിന് വന്നിരുന്നതിനാല്‍ അദ്ദേഹത്തെ, നന്ദകുമാര്‍ തന്റെ ഇരിപ്പിടം കാലിയാക്കി, വേദിയിലേക്ക് ക്ഷണിച്ചു. 

ശ്രീമാന്മാര്‍ രാജു തോമസ്, ജോസ് ചെരിപുറം, സന്തോഷ് പാല നന്ദകുമാര്‍ ചാണയില്‍, മോന്‍സി കൊടുമണ്‍, മാമ്മന്‍ മാത്യു ശ്രീമതി എല്‍സി യോഹന്നാന്‍, കുമാരി പ്രതീക്ഷ എന്നിവര്‍ യഥാക്രമം 'വാള്‍ഡന്‍ പോണ്ട്', 'ചേക്കേറാനൊരു ചില്ല തേടി', 'കാറ്റു വീശുന്നിടം', ദാഹം, 'ആമരം' , ഉപവനം', 'ഗീതാഞ്ജലി', ഹിഡന്‍ ഹീറോസ് , എന്നീ കവതികള്‍ ആലപിച്ചു. തുടര്‍ന്ന് ഡോ.എന്‍.പി.ഷീല, ശ്രീ.ജെ.മാത്യൂസ്, ശ്രീ.കെ.കെ. ജോണ്‍സണ്‍ എന്നീ വിധികര്‍ത്താക്കള്‍ കവിതകളെ വിലയിരുത്തി സംസാരിച്ചു.
ശ്രീ.ചെരിപുറത്തിന്റെ ചേക്കേറാനൊരു ചില്ലതേടി' യില്‍ നഷ്ടപ്പെട്ട പ്രേമത്തിന്റെ തേങ്ങലും മോഹഭംഗവും ഒക്കെയായി, മനസ്സില്‍ തട്ടുന്ന ഈ മനോഹര കവിതയില്‍ ഒരു 'കൊച്ചുചങ്ങമ്പുഴയെ ശ്രീ.കെ.കെ.ജോണ്‍സണ്‍ ദര്‍ശിച്ചു. യഥാര്‍ത്ഥ പ്രേമത്തില്‍ കൊടുക്കലല്ലാതെ വാങ്ങലില്ലെന്ന അഭിപ്രായമായിരുന്നു ഷീല ടീച്ചര്‍ക്ക്.

പ്രശ്‌സത കവിയും തത്വചിന്തകനുമായി ഹെന്റി തോറോയുടെ ലൈഫ് ഇന്‍ ദ വുഡ്‌സിന്റെ പ്രചോദനത്തിലെഴുതിയ കവിതയാണ് രാജു തോമസിന്റെ 'വാള്‍ഡന്‍ പോണ്ട്' എന്ന് ശ്രീ.ജോണ്‍സണും സുന്ദരപദങ്ങളാല്‍ അലങ്കൃതമായ പ്രകൃതിവര്‍ണ്ണനയുള്ള കാവ്യമാണിതെന്ന് ശ്രീ.മാത്യൂസും അഭിപ്രായപ്പെട്ടു. നന്ദകുമാറിന്റെ 'ദാഹ' ത്തില്‍ ഒരു ദാര്‍ശനിക വീക്ഷണവും ജ്ഞാനം നേടാനുള്ള അപാര വാഞ്ചനയും ശ്രീ.ജോണ്‍സണ്‍ ദര്‍ശിച്ചു. ഒരു വയലില്‍ നെന്മണികള്‍ തലകുനിച്ചും പതിരുകള്‍ തലപൊക്കിയും നില്‍ക്കുന്നപോലെ ഒരു വിജ്ഞാനദാഹിയെയും ഒരു പാമരനെയും ഈ കവിതയില്‍ ദര്‍ശിച്ചതായി ഷീല ടീച്ചര്‍ പറഞ്ഞുവെച്ചു. 

സന്തോഷ് പാലായുടെ കാറ്റു 'വീശുന്നിട'ത്തിലെ ആധുനിക രചനാരീതിയെപ്പറ്റി എല്ലാവരും പരാമര്‍ശിച്ചു. നഗരത്തില്‍ കാണാന്‍ ധാരാളം സ്ഥലങ്ങളുണ്ടെങ്കിലും, മനുഷ്യരുടെ പരക്കം പാച്ചിലിനിടയില്‍ സ്വസ്ഥമായിരുന്നു ചിന്തിക്കാന്‍ ഒരിടമില്ലാതെപോയ ദുരവസ്ഥയിലുള്ള ഖിന്നനായൊരു കവിയേയും ഇതില്‍ ശ്രീ.ജോണ്‍സണ്‍ ദര്‍ശിച്ചു. മാന്‍ഹാറ്റന്റെ നല്ലൊരു കാരിക്കേച്ചര്‍ വരക്കാനും ഈ കവിതയിലൂടെ സാധിച്ചെന്ന് ശ്രീ.മാത്യൂസ് സമര്‍ത്ഥിച്ചു. ശ്രീമതി എല്‍സി യോഹന്നാന്റെ ഗീതാഞ്ജലി തര്‍ജ്ജമ മലയാള സാഹിത്യത്തിനൊരു മുതല്‍ക്കൂട്ടാണെന്ന് ശ്രീ.ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു. വൃത്താലങ്കാരത്തിലും താളലയത്തിലുമുള്ള ഈ കവിതയിലെ മേന്മയെ ഷീലടീച്ചര്‍ പ്രശംസിച്ചു. മോന്‍സി കൊടുമണ്ണിന്റെ 'ആമരം', ഇന്നത്തെ ആധുനികലോകം അധഃപതിച്ചു വരുന്ന സന്ദേശമുള്‍ക്കൊള്ളുന്നതായി ഷീലടീച്ചര്‍ പറഞ്ഞു. 

ഈ കവിതയില്‍ ഒരു മുത്ത് കിടപ്പുള്ളതായും അത് വേണ്ടും വിധം പൊലിപ്പിക്കാന്‍ പറ്റാതെ പോയതായും ശ്രീ.മാത്യൂസിന് അഭിപ്രായമുണ്ട്. ശ്രീ.മാമ്മന്‍ മാത്യുവിന്റെ 'ഉപവനം' എന്ന കവിത ഒരു മാവോയിസ്റ്റിന്റെ ദാരുണ കൊലപാതകത്തിന്റെ പ്രതകരണമായിരുന്നു. എന്നാല്‍ പ്രതികരിച്ചതുകൊണ്ടൊന്നും ഫലമില്ലെന്നും, പ്രതികരിക്കേണ്ടത് ഒരു സാഹിത്യകാരന്റെ ധര്‍മ്മമാണെന്നുമുള്ള ഭിന്നാഭിപ്രായങ്ങള്‍ വിലയിരുത്തലില്‍ മുഴങ്ങിക്കേട്ടു. നന്ദകുമാറിന്റെ നന്ദിപ്രകാശനത്തില്‍ അങ്ങിനെ ആ സായംസന്ധ്യയില്‍, സര്‍ഗ്ഗവേദിയെ ധന്യമാക്കിയ ഓരോരുത്തരോടുമുള്ള കടപ്പാട് രേഖപ്പെടുത്തിയ ശേഷം, സദസ്സ് പിരിഞ്ഞു.
(സര്‍ഗ്ഗവേദി' ക്കു വേണ്ടി ഡോ.നന്ദകുമാര്‍ ചാണയില്‍)

'സര്‍ഗ്ഗവേദി' യില്‍ കവിയരങ്ങ് 'സര്‍ഗ്ഗവേദി' യില്‍ കവിയരങ്ങ് 'സര്‍ഗ്ഗവേദി' യില്‍ കവിയരങ്ങ് 'സര്‍ഗ്ഗവേദി' യില്‍ കവിയരങ്ങ് 'സര്‍ഗ്ഗവേദി' യില്‍ കവിയരങ്ങ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക