Image

മമതയ്ക്ക് വെല്ലുവിളിയായി ബിജെപി; സംസ്ഥാന ഭരണവും നഷ്ടപ്പെട്ടേക്കും, പകുതിയും താമര

Published on 24 May, 2019
മമതയ്ക്ക് വെല്ലുവിളിയായി ബിജെപി; സംസ്ഥാന ഭരണവും നഷ്ടപ്പെട്ടേക്കും, പകുതിയും താമര
കൊല്‍ക്കത്ത: മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ സര്‍ക്കാരിനെ എന്തുവില കൊടുത്തും താഴെ ഇറക്കുമെന്ന പ്രഖ്യാപനവുമായി നീങ്ങുകയാണ് ബിജെപി. 2021ലാണ് ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. പക്ഷേ, അതുവരെ തൃണമൂല്‍ കോണ്‍ഗ്രസ് അധികാത്തിലുണ്ടാകുമോ എന്നാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ജയപ്രകാശ് മജുംദാറിന്റെ ചോദ്യം. തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിക്കൊപ്പം ചേരുമെന്നും അദ്ദേഹം പറയുന്നു. നേരത്തെ തിരഞ്ഞെടുപ്പ് റാലിക്കിടെ നരേന്ദ്ര മോദിയും ഇക്കാര്യം പറഞ്ഞിരുന്നു.

തൃണമൂലിന്റെ 40 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്നാണ് മോദി പ്രഖ്യാപിച്ചത്. ഇന്നു കൂടി തന്നോട് ഇവര്‍ ബന്ധപ്പെട്ടുവെന്നും മോദി ഏപ്രിലില്‍ പ്രചാരണ യോഗത്തില്‍ പറഞ്ഞിരുന്നു. പ്രസംഗം വിവാദമായെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റമാണ് ബംഗാളില്‍ കണ്ടത്. അധികാര ബലത്തില്‍ ബിജെപി കുതിര കച്ചവടത്തിന് ശ്രമിക്കുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രത്യേക ആദര്‍ശത്തില്‍ അധിഷ്ടിതമായിട്ടല്ല പ്രവര്‍ത്തിക്കുന്നത്. സിപിഎമ്മില്‍ നിന്നു വിരുദ്ധമായ ഒരു കൂട്ടമാണത്. അധികാരമാണ് അവരുടെ ലക്ഷ്യമെന്നും മജുംദാര്‍ പറയുന്നു. തൃണമൂല്‍ സര്‍ക്കാരിന് കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ചോദിച്ചിരുന്നു. തിരഞ്ഞെടുപ്പ് വേളയില്‍ ഒട്ടേറെ തൃണമൂല്‍ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നുലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 22 സീറ്റിലാണ് തൃണമൂല്‍ ജയിച്ചത്. 18 സീറ്റില്‍ ബിജെപിയും രണ്ടു സീറ്റില്‍ കോണ്‍ഗ്രസും ജയിച്ചു. എന്നാല്‍ തൃണമൂലിന്റെ ഒരു നേതാവും സന്തോഷത്തോടെ പ്രതികരിച്ചില്ല എന്നത് ശ്രദ്ധേയമാണ്. വിജയിച്ചവര്‍ക്ക് അഭിനന്ദനം അറിയിച്ച മമതയുടെ ഒരു സന്ദേശം മാത്രമാണ് വന്നത്. സാധാരണ തിരഞ്ഞെടുപ്പ് ഫലം വന്നാലുള്ള വാര്‍ത്താസമ്മേളനവും മമത നടത്തിയില്ല. നിലവില്‍ തൃണമൂല്‍ സര്‍ക്കാരിന് മതിയായ ഭൂരിപക്ഷം നിയമസഭയിലുണ്ട്. എന്നാല്‍ 2011ലെ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമാണ്. ഒട്ടേറെ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി ഭരണം തൃണമൂലില്‍ നിന്ന് ബിജെപി പിടിച്ചെടുത്തിട്ടുണ്ട്. ഭിന്നതയാണ് അവര്‍ക്ക് തിരിച്ചടിയായത്. ഇത് മുതലെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ നീക്കം. അഭിപ്രായം വ്യത്യാസം തുടര്‍ന്നാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേട്ടം കൊയ്യുമെന്നാണ് കരുതുന്നത്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക