Image

രാജ്യമെമ്പാടും സാന്നിധ്യം ഉറപ്പിച്ച് നോട്ടയും; ആകെ ലഭിച്ചത് 64 ലക്ഷം വോട്ട്

Published on 24 May, 2019
രാജ്യമെമ്പാടും സാന്നിധ്യം ഉറപ്പിച്ച് നോട്ടയും; ആകെ ലഭിച്ചത് 64 ലക്ഷം വോട്ട്

ന്യുഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രമുഖ പാര്‍ട്ടികള്‍ക്കൊപ്പം നിലവാരം ഉറപ്പിക്കാന്‍ കഴിഞ്ഞത് 'നോട്ട'യ്ക്ക് മാത്രം. കേരളത്തില്‍ ഒട്ടുമിക്ക മണ്ഡലങ്ങളിലും നാലാം സ്ഥാനത്തായിരുന്നു നോട്ട. ചില മണ്ഡലങ്ങളില്‍ അഞ്ചാമതും മറ്റു ചിലയിടത്ത് ആറാമതുമെത്തി. അതിനു താഴെക്ക് പോയത് അപൂര്‍വ്വം.

കേരളത്തില്‍ മാത്രമല്ല, രാജ്യമെമ്പാടും തരംഗം സൃഷ്ടിക്കാന്‍ നോട്ടയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 64 ലക്ഷം വോട്ടുകളാണ് നോട്ട വാരിക്കൂട്ടിയത്. ബിഹാറിലാണ് 'നോട്ട'യ്ക്ക് കൂടുതല്‍ അനുയായികളുള്ളത്. എട്ടു ലക്ഷം പേര്‍ നോട്ട ബട്ടണില്‍ വോട്ട് രേഖപ്പെടുത്തി. ബി.ജെ.പിയും ജെ.ഡി.യുവും ഭൂരിഭാഗം സീറ്റുകളും ഇവിടെ വാരിക്കൂട്ടിയിരുന്നു. നോട്ട നേടിയതാകട്ടെ രണ്ട് ശതമാനം വോട്ടുകളാണ്. എഐഎംഐഎം (0.72%), ബി.എസ്പി (1.67%), സി.പി.എം (0.07%) എന്നിങ്ങനെയാണ് ബിഹാറില്‍ നോട്ടയ്ക്ക് പിന്നിലെത്തിയവര്‍. 

രാജസ്ഥാനില്‍ 3.27 ലക്ഷം പേര്‍ നോട്ട തെരഞ്ഞെടുത്ത്. ബി.ജെ.പിക്ക് ഇവിടെ 25 സീറ്റുകളാണ് ലഭിച്ചത്. 2014ലെ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ 3,27,902 പേര്‍ നോട്ടയ്ക്ക് വോട്ട് ചെയ്തിരുന്നു. ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. സി.പി.ഐ, സി.പി.എം, ബി.എസ്.പി എന്നിവ നോട്ടയുടെ പിന്നിലാണ്. 

പഞ്ചാബില്‍ 1.5 ലക്ഷത്തിലേറെ പേര്‍ നോട്ടയെ ആശ്രയിച്ചു. സി.പിഐയ്ക്കും സി.പി.എമ്മിനും ലഭിച്ചതിനേക്കാള്‍ വോട്ട് വിഹിതം നോട്ടയ്ക്കുണ്ട്. 1.12% വോട്ട് ആണ് നോട്ടയ്ക്ക് ലഭിച്ചിരിക്കുന്നത്. സി.പി.ഐയ്ക്ക് 0.31ശതമാവും സി.പി.എമ്മിന് 0.08 ശതമാനവുമാണ് ഇവിടെ കിട്ടിയത്. ഫരീദ്‌കോട്ട് മണ്ഡലത്തില്‍ 19,246 വോട്ടാണ് നോട്ട നേടിയത്. 

ഹരിയാനയില്‍ 41,000 പേരും (0.68%) ഡല്‍ഹിയില്‍ 45,000 പേരും (0.53%)നോട്ടയെ പിന്തുണച്ചു. ഡല്‍ഹിയില്‍ 2014ലെ അപേക്ഷിച്ച് 6,200 വോട്ട് നോട്ടയ്ക്ക് കൂടി. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ മാത്രം 10,210 പേരാണ് നോട്ടയെ പിന്തുണച്ചത്. 
ലക്ഷദ്വീപിലാണ് നോട്ട ഏറ്റവും കുറവ് വോട്ട് നേടിയത്. 100. ഇവിടെ നോട്ടയ്ക്ക് തൊട്ടുമുന്നിലായിരുന്നു ബി.ജെ.പിയുടെ സ്ഥാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക