Image

കോടതിയലക്ഷ്യക്കേസില്‍ ഗീലാനി കുറ്റക്കാരനെന്ന് കോടതി

Published on 25 April, 2012
കോടതിയലക്ഷ്യക്കേസില്‍ ഗീലാനി കുറ്റക്കാരനെന്ന് കോടതി

ഇസ്‌ലാമാബാദ്: കോടതിയലക്ഷ്യക്കേസില്‍ പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി കുറ്റക്കാരനാണെന്ന് പാക് സുപ്രീംകോടതി കണ്‌ടെത്തി. എന്നാല്‍ ആറ് മാസം വരെ തടവു ലഭിച്ചേക്കാവുന്ന കുറ്റത്തില്‍ ഗീലാനിക്ക് പ്രതീകാത്മക ശിക്ഷ മാത്രം നല്‍കി കോടതി വിടുകയായിരുന്നു. 30 സെക്കന്‍ഡുകള്‍ മാത്രമായിരുന്നു പ്രതീകാത്മക തടവ്.

ശിക്ഷാനടപടിക്ക് ശേഷം പുഞ്ചിരിച്ചുകൊണ്ടാണ് ഗീലാനി കോടതിക്ക് പുറത്തേക്ക് എത്തിയത്. ജസ്റ്റീസ് നാസിര്‍-ഉല്‍-മുള്‍ക്ക് അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് പ്രധാനമന്ത്രിക്കെതിരായ കോടതിയലക്ഷ്യക്കേസ് പരിഗണിച്ചത്. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസ് വീണ്ടും അന്വേഷിക്കാന്‍ സ്വിസ് അധികൃതര്‍ക്ക് കത്തെഴുതാന്‍ കോടതി ഗീലാനിയോട് നിര്‍ദേശിച്ചിരുന്നു. ഇതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരേ കോടതിയലക്ഷ്യനടപടി ആരംഭിച്ചത്. നേരത്തെ രണ്ടു തവണ കോടതി ഗീലാനിയെ വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ പ്രസിഡന്റിന് നയതന്ത്രപരിഗണനയും ഭരണഘടനാപരമായ ആനുകൂല്യവുമുണ്‌ടെന്നും അതിനാലാണ് താന്‍ കത്തെഴുതാഞ്ഞതെന്നുമായിരുന്നു ഗീലാനിയുടെ മറുപടി.

വിധി പറയുമ്പോള്‍ കോടതിയിലുണ്ടാകണമെന്ന് ഗീലാനിയോട് കോടതി പ്രത്യേകം നിര്‍ദേശിക്കുകയായിരുന്നു. ഗീലാനിക്ക് പിന്തുണയുമായി നിരവധി അനുയായികളും രാവിലെ കോടതിയില്‍ തടിച്ചുകൂടിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക