Image

ബോഫോഴ്‌സ്‍: രാജ്യസഭയും ലോക്‌സഭയും പ്രതിപക്ഷ ബഹളത്തില്‍ തടസപ്പെട്ടു

Published on 26 April, 2012
ബോഫോഴ്‌സ്‍: രാജ്യസഭയും ലോക്‌സഭയും പ്രതിപക്ഷ ബഹളത്തില്‍ തടസപ്പെട്ടു
ന്യൂഡല്‍ഹി: ബൊഫോഴ്‌സ് കേസില്‍ സ്വീഡിഷ് മുന്‍ പോലീസ് മേധാവിയുടെ വെളിപ്പെടുത്തലിനെച്ചൊല്ലിയുണ്ടായ പ്രതിപക്ഷ ബഹളത്തില്‍ രാജ്യസഭയും ലോക്‌സഭയും തടസപ്പെട്ടു. ഇരുസഭകളും രണ്ട് മണിവരെ നിര്‍ത്തിവെച്ചു.

കേസിലെ പ്രതിയും ആയുധ ഇടപാടുകാരനുമായ ഒറ്റാവിയോ ക്വത്‌റോച്ചിക്ക് സുരക്ഷിതമായി രക്ഷപെടാന്‍ അവസരമൊരുക്കിയെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബിജെപി അംഗങ്ങള്‍ ബഹളം വെച്ചത്. രാജ്യസഭ ആദ്യം പതിനഞ്ചു മിനുട്ടും പിന്നീട് 12 മണിവരെയും തുടര്‍ന്ന് രണ്ട് മണിവരെയും നിര്‍ത്തിവെക്കുകയായിരുന്നു. സഭ ചേര്‍ന്ന ഉടന്‍ തന്നെ ആരാണ് ക്വത്‌റോച്ചിയെ സംരക്ഷിച്ചതെന്ന മുദ്രാവാക്യം വിളികളുമായി ബിജെപി അംഗങ്ങള്‍ ബഹളമുണ്ടാക്കുകയായിരുന്നു. ബിജെപിയാണ് ക്വത്‌റോച്ചിയെ രക്ഷിച്ചതെന്ന മറുപടി മുദ്രാവാദ്യവുമായി കോണ്‍ഗ്രസ് അംഗങ്ങളും രംഗത്തെത്തിയതോടെ സഭ ബഹളത്തില്‍ മുങ്ങുകയായിരുന്നു.

ലോക്‌സഭയില്‍ കേസ് വീണ്ടും അന്വേഷിക്കണമെന്ന് ഇടത് അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേസ് റീ ഓപ്പണ്‍ ചെയ്യേണ്ട കാര്യമില്ലെന്ന് സര്‍ക്കാരിന് വേണ്ടി സംസാരിച്ച കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം പറഞ്ഞു. തുടര്‍ന്ന് ബഹളത്തിലേക്ക് നീങ്ങിയ സഭ ഉച്ചയ്ക്ക് രണ്ട് മണിവരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക