Image

എന്‍എസ്എസ് വോട്ടുകള്‍ കിട്ടാതിരുന്നത് കുമ്മനം രാജശേഖരന്റെ പരാജയകാരണമെന്ന് ബിജെപി

Published on 28 May, 2019
എന്‍എസ്എസ് വോട്ടുകള്‍ കിട്ടാതിരുന്നത് കുമ്മനം രാജശേഖരന്റെ പരാജയകാരണമെന്ന് ബിജെപി

തിരുവനന്തപുരം: തിരുവനന്തപുരത്ത് എന്‍എസ്എസ് വോട്ടുകള്‍ കിട്ടാതിരുന്നത് കുമ്മനം രാജശേഖരന്റെ പരാജയത്തിന് കാരണമായെന്ന് ബിജെപി . സിപിഎമ്മിനെ തോല്‍പിക്കാനുള്ള വാശി എന്‍എസ്എസ് വോട്ടുകളെ തിരുവനന്തപുരത്ത് സ്വാധീനിച്ചെന്ന് ബിജെപി നേതാവ് ഒ. രാജഗോപാല്‍ പറഞ്ഞു.

കുമ്മനത്തെ തോല്‍പിക്കാന്‍ എതിര്‍ത്ത് വോട്ട് ചെയ്യരുതെന്നും മനസ്സാക്ഷി വോട്ട് ചെയ്യണമെന്നും അഭ്യര്‍ഥിച്ചിരുന്നതാണ്. നിഷ്പക്ഷമായി വോട്ട് ചെയ്യണമെന്ന് എന്‍എസ്എസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും നായര്‍ വോട്ടുകള്‍ കിട്ടിയില്ല. സമദൂര നിലപാടാണെന്നാണ് എന്‍എസ്എസ് പറഞ്ഞിരുന്നത്. ബൂത്തടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ എന്‍എസ്എസിന്റെ വോട്ട് ഘടന മനസ്സിലാകും. എന്‍എസ്എസിന്റെ എത്ര വോട്ടുകള്‍ ബിജെപിക്ക് കിട്ടിയെന്ന് ബിജെപി പരിശോധിക്കുമെന്നും ഒ. രാജഗോപാല്‍ പറഞ്ഞു. പത്തനംതിട്ടയില്‍ പിന്തുണ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും തിരുവനന്തപുരത്ത് മനഃസാക്ഷി വോട്ടുകള്‍ ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്‌. പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ മൂന്നാമതായത് പ്രതീക്ഷിച്ച എന്‍എസ്എസ് സഹായം കിട്ടാതിരുന്നതിനാലാണെന്നും ബിജെപി കരുതുന്നു.

കേരളത്തിൽ യുഡിഎഫും എൽഡിഎഫും മികച്ച വിജയം നേടുമെന്ന് അവകാശപ്പെട്ടപ്പോള്‍  വൻ മുന്നേറ്റം നടത്താനാകുമെന്ന ആത്മവിശ്വാസത്തിലായിരുന്നു  ബിജെപി. എക്സിറ്റ് പോൾ പ്രവചനങ്ങളും കേരളത്തിൽ താമര വിരിയുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ബിജെപിയുടെ നേട്ടം ഒരു സീറ്റിൽ മാത്രം ഒതുങ്ങില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള അവകാശപ്പെട്ടത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ മണ്ഡലങ്ങളിൽ എൻഎസ്എസ് വോട്ട് നേടാൻ ബിജെപിക്കായെന്നാണ് ശ്രീധരൻ പിള്ള അവകാശപ്പെട്ടിരുന്നത്. സമദൂരമെന്ന നയം തിരഞ്ഞെുപ്പിന് മുമ്പ് പ്രഖ്യാപിച്ചെങ്കിൽ എൻഎസ്എസിന്റെ പിന്തുണ ബിജെപിക്ക് ലഭിച്ചിട്ടുണ്ടെന്നും ബിജെപി വിലയിരുത്തിയിരുന്നു. പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഇത് ഗുണം ചെയ്തേക്കുമെന്നായിരുന്നു പ്രതീക്ഷ. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക