Image

മുട്ടത്ത് വര്‍ക്കി സാഹിത്യ പുരസ്ക്കാരം ബെന്യാമിന് സമ്മാനിച്ചു

അനില്‍ പെണ്ണുക്കര Published on 28 May, 2019
മുട്ടത്ത് വര്‍ക്കി സാഹിത്യ പുരസ്ക്കാരം ബെന്യാമിന് സമ്മാനിച്ചു
പന്തളം:മുട്ടത്തു വര്‍ക്കി ഫൗണ്ടേഷന്റെ 2019ലെ സാഹിത്യ പുരസ്കാരം പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന് പ്രശസ്ത കവിയും, ചലച്ചിത്ര സംവിധായകനുമായ ശ്രീ.ശ്രീകുമാരന്‍ തമ്പി സമ്മാനിച്ചു. പന്തളം ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ ഫൗണ്ടേഷന്റെ 28 മത്തെ അവാര്‍ഡാണ് ബെന്യാമിന് സമ്മാനിച്ചത്.

മുട്ടത്തു വര്‍ക്കിയുമായുള്ള ആത്മബന്ധം വിശദീകരിച്ചാണ് ശ്രീകുമാരന്‍ തമ്പി ഉദ്ഘാടന പ്രസംഗം തുടങ്ങിയത്."കുട്ടികളുടെ ദീപികയില്‍ കവിത എഴുതുന്ന സമയത്താണ് മുട്ടത്തു വര്‍ക്കി സാറിനെ പരിചയപ്പെട്ടത്.ജീവിതത്തിലെ അസുലഭമായ സന്ദര്‍ഭമായിരുന്നു അത്. ആദ്യമായി പരിചയെപ്പെട്ട സമയത്ത് തന്നെ മിടുക്കനായി എഴുതണം എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് ശ്രീകുമാരന്‍ തമ്പി അഭിപ്രായപ്പെട്ടു.ബെന്യാമിന്‍ മലയാള സാഹിത്യ ലോകത്തേക്ക് വന്നു, കണ്ടു, കീഴടക്കുകയായിരുന്നു. ബെന്യാമിന് എന്തുകൊണ്ട് അതിന്  സാധിച്ചു എന്ന് പറഞ്ഞാല്‍ പ്രവാസി അനുഭവിക്കുന്ന യഥാര്‍ത്ഥ ജീവിതം എന്താണെന്ന് മനസിലാക്കുവാന്‍ സാധിച്ചതു കൊണ്ടാണത്. പ്രവാസിയുടെ യഥാതഥമായ ചിത്രം പകര്‍ത്താന്‍ ബെന്യാമിന്റെ ആടുജീവിതത്തിന് സാധിച്ചു. വിഷയം  തീക്ഷ്ണം പക്ഷെ എഴുത്ത് ലളിതമാക്കിയ ശൈലി അദ്ദേഹം എഴുത്തില്‍ ഉപയോഗിച്ചു.വായനയില്‍ അഭിരമിക്കുന്ന മലയാളി നെഞ്ചോട് ചേര്‍ത്ത് വച്ച പുസ്തകമാണ് ബെന്യാമിന്റെ ആടുജീവിതം.കഴിഞ്ഞ 25 വര്‍ഷത്തെ മികച്ച പുസ്തകത്തില്‍ ഒന്നാണ് ആടുജീവിതം. സ്വയം പ്രതിഭ കൊണ്ട് നേടിയെടത്ത പുരസ്കാരം കൂടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിന്റെ സഹോദരനെവിടെ എന്ന ചോദ്യത്തിന് ഉത്തരം തേടലാണ് എഴുത്തുകാരന്റെ ദൗത്യമെന്ന് മറുപടി പ്രസംഗത്തില്‍ ബന്യാമിന്‍ പറഞ്ഞു. എഴുത്തുകാരനും, സാഹിത്യത്തിനും മലയാളത്തോളം ആദരവ് നല്‍കുന്ന ലോകത്ത് മറ്റൊരു സ്ഥലത്തും ഉണ്ടാവില്ല. എത്രയെത്ര തിരസ്കാരങ്ങള്‍ ഉണ്ടാകുമ്പോഴും ഈ മലയാളം നല്‍കുന്ന സ്‌നേഹം വീണ്ടും എഴുതുവാന്‍ പ്രേരിപ്പിക്കുന്നു. വായിക്കുവാന്‍ മലയാളിയെ പ്രേരിപ്പിച്ച ഒരു വലിയ മനുഷ്യന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1993 ജനുവരി മുതല്‍ 2018 ഡിസംബര്‍ വരെയുള്ള കാല്‍ നൂറ്റാണ്ടിനുള്ളില്‍ രചിക്കപ്പെട്ട ഏറ്റവും മികച്ച മലയാള നോവലുകളിലൊന്നാണന്ന വിലയിരുത്തലാണ് ഫൗണ്ടേഷന്‍ കമ്മറ്റി നടത്തിയത്.കെ.ആര്‍.മീര, എ.ശശിധരള്‍, ഡോ.എം.വി.നാരായണന്‍ തുടങ്ങിയ സമിതിയാണ് ആടുജീവിതം തെരഞ്ഞെടുത്തത്.അന്‍പതിനായിരം രൂപയും പ്രൊഫ.പി.ആര്‍.സി.നായര്‍ രൂപകല്‍പ്പന ചെയ്ത ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

ഡോ.ജയിംസ് മണിമല അദ്ധ്യക്ഷത വഹിച്ചു. മധ്യ കേരളത്തിലെ െ്രെകസ്തവ ജീവിതത്തെ മാത്രമല്ല, സാധാരണക്കാരുടെ ജീവിതത്തെ എടുത്തു പറഞ്ഞ എഴുത്തുകാരനാണ് മുട്ടത്തു വര്‍ക്കിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 പ്രൊഫ.സി.ആര്‍ ഓമനക്കുട്ടന്‍ മുട്ടത്തു വര്‍ക്കി ഫൗണ്ടേഷന്‍ മെമ്പര്‍ ആയിരുന്ന എം.കെ.മാധവന്‍ നായര്‍ അനുസ്മരണം നടത്തി.മാധ്യമ പ്രവര്‍ത്തകന്‍ രവിവര്‍മ്മ തമ്പുരാന്‍, ശ്രീമതി.അന്ന മുട്ടത്ത് ,മുന്‍ എം.എല്‍. എ മാരായ ശിവദാസന്‍ നായര്‍, പി.കെ.കുമാരന്‍, വിക്ടര്‍ ടി.തോമസ്, ഡോ.എസ്.എസ്. ശ്രീകുമാര്‍ , സുരേഷ് പനങ്ങാട് ,ഡോ.ആന്‍സി,മുട്ടത്തു വര്‍ക്കി ഫൗണ്ടേഷന്‍ പ്രൊഫ.ടി.എം.സെബാസ്റ്റ്യന്‍, സെക്രട്ടറി മാത്യു.ജെ. മുട്ടത്ത് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ജി. രഘുനാഥ് സ്വാഗതവും രാധാകൃഷ്ണന്‍ വടകര നന്ദിയും അറിയിച്ചു.

മുട്ടത്ത് വര്‍ക്കി സാഹിത്യ പുരസ്ക്കാരം ബെന്യാമിന് സമ്മാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക