Image

കേരള കോൺഗ്രസ്‌ എമ്മിൽ കൂട്ടക്കലാപം ; തർക്കം തെരുവിലേക്ക് ; ജോസഫ്‌ അച്ചടക്കം ലംഘിച്ചുവെന്ന്‌ റോഷി അഗസ്‌റ്റിൻ

Published on 29 May, 2019
കേരള കോൺഗ്രസ്‌ എമ്മിൽ കൂട്ടക്കലാപം ; തർക്കം തെരുവിലേക്ക് ; ജോസഫ്‌ അച്ചടക്കം ലംഘിച്ചുവെന്ന്‌ റോഷി അഗസ്‌റ്റിൻ

കോട്ടയം> കേരള കോൺഗ്രസ്‌ എമ്മിലെ പദവിക്കൾയുള്ള തർക്കം തെരുവിലേക്ക്‌. പി ജെ ജോസഫ്‌ അച്ചടക്കം ലംഘിച്ചുവെന്ന്‌ ജോസ്‌ കെ മാണി ഗ്രൂപ്പിലുള്ള റോഷി അഗസ്‌റ്റിൻ എംഎൽഎ പറഞ്ഞു. പാലായിൽ യൂത്ത് ഫ്രണ്ടുകാർ പാർടി ജനറൽ സെക്രട്ടറി ജോയി എബ്രഹാമിന്റെ  കോലം കത്തിച്ചു. പാല മണ്‌ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ കോലം കത്തിച്ചത്‌. 

സ്‌ഥാനം പിടിച്ചടക്കാനുള്ള പി ജെ ജോസഫിന്റെ നടപടികൾ സംശയാസ്പദമാണെന്നും തെരഞ്ഞെടുപ്പ്‌  കമ്മീഷന് കത്തുനൽകിയ  നടപടി അച്ചടക്ക ലംഘനം --റോഷി അഗസ്റ്റിനും ഡോ. എൻ ജയരാജും വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

കേരളാ കോൺഗ്രസ് എമ്മിന്‍റെ ചെയർമാൻ പി ജെ ജോസഫ് ആണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് ജോയി എബ്രഹാം കത്ത്‌  നൽകിയതാണ്‌  മാണി വിഭാഗത്തെ പ്രകോപിപ്പിച്ചത്‌. സംസ്‌ഥാന കമ്മിറ്റി വിളിച്ചുചേർത്ത്‌ ചെയർമാനെ തിരഞ്ഞെടുക്കണമെന്നും  ചെയർമാന്റെ സാന്നിധ്യത്തിൽ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കണമെന്നുമാണ്‌  ജോസ്‌ കെ മാണി വിഭാഗത്തിന്റെ ആവശ്യം.

തിരഞ്ഞെടുപ്പ്‌ കമമീഷന്‌ ഏക്ഷപക്ഷീയമായി കത്ത്‌ നൽകിയത്‌ പാർടി ഭരണഘടനക്ക്‌ എതിരാണ്‌. പാർടി ചെയർമാനെ തെരഞ്ഞെടുക്കാൻ സംസ്‌ഥാന സമിതിക്കാണ്‌ അധികാരമെന്നും റോഷി അഗസ്‌റ്റിൻ പറയുന്നു. 

പി ജെ ജോസഫ്‌ സംസ്‌ഥാന കമ്മിറ്റി വിളിച്ചില്ലെങ്കിൽ ബദൽ കമ്മിറ്റി വിളിക്കാനാണ്‌ ജോസ്‌ കെ മാണി വിഭാഗത്തിന്റെ തീരുമാനം. പാർലമെൻറി പാർടി ലീഡറെ ജുൺ ഒന്പതിനകം കണ്ടെത്തണമെന്നാണ്‌ നിയമസഭാ സ്‌പ്‌ക്കർ നിർദ്ദേശിച്ചിട്ടുള്ളത്‌. ഈ സാഹചര്യത്തിൽ ബദൽ കമ്മിറ്റി വിളിച്ചു ചേർത്താൽ അതിൽ പങ്കെടുക്കുന്നവർ അച്ചടക്ക നടപടി നേരിടേണ്ടി വരും.

പി.ജെ ജോസഫിനെ പാർട്ടി ചെയർമാനും ജോയ് എബ്രഹാമിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തതായി കാണിച്ചാണ് ജോസഫ് വിഭാഗം തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകിയത്.

സിഎഫ് തോമസും മോൻസ് ജോസഫുമടക്കം മൂന്ന് എംഎൽഎമാരുടെ പിന്തുണയും ജോസഫ് വിഭാഗം അവകാശപ്പെടുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് സംസ്ഥാന കമ്മിറ്റി വിളിക്കില്ലെന്ന് ജോസഫ് ആവർത്തിക്കുന്നത്. കോൺഗ്രസിലും ലീഗിലുമൊന്നും സംസ്ഥാന കമ്മിറ്റി വോട്ടിനിട്ടല്ല ചെയർമാനെ തെരഞ്ഞെടുക്കുന്നതെന്നും ജോസഫ് പക്ഷം പറയുന്നു. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക