Image

തട്ടിക്കൊണ്ടുപോയ കളക്‌ടറുടെ ആരോഗ്യനില തൃപ്‌തികരം: ദൂതന്‍

Published on 26 April, 2012
തട്ടിക്കൊണ്ടുപോയ കളക്‌ടറുടെ ആരോഗ്യനില തൃപ്‌തികരം: ദൂതന്‍
റായ്‌പൂര്‍: മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ ഛത്തീസ്‌ഗഡ്‌ കളക്ടര്‍ അലക്‌സ്‌ പോള്‍ മേനോന്റെ ആരോഗ്യനില തൃപ്‌തികരമെന്ന്‌ കളക്‌ടര്‍ക്ക്‌ മരുന്നുമായി പോയ ദൂതന്‍ അറിയിച്ചു. കളക്‌ടര്‍ക്ക്‌ മരുന്നുമായി പോയ ആദിവാസി മഹാസഭ അധ്യക്ഷന്‍ മനീഷ്‌ കുഞ്‌ജും ആണ്‌ ഇക്കാര്യം അറിയിച്ചത്‌. മരുന്ന്‌ എത്തിക്കല്‍ മാത്രമായിരുന്ന തന്റെ ചുമതലയെന്നും താന്‍ അവിടെ സന്ദേശവാഹകനായിട്ടല്ല പോയതെന്നും മനീഷ്‌ പ്രതികരിച്ചു.കടുത്ത ആസ്‌ത്മ രോഗിയായ അലക്‌സിന്റെ ആരോഗ്യനില ഗുരുതരമാണെന്ന്‌ മാവോയിസ്റ്റുകള്‍ അറിയിച്ചതിനെ തുടര്‍ന്നാണ്‌ മരുന്നെത്തിക്കാന്‍ മനീഷിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്‌.

ഇതിനിടെ മാവോയിസ്റ്റുകള്‍ കലക്ടറെ മോചിപ്പിക്കാന്‍ നിശ്ചയിച്ച സമയപരിധി ബുധനാഴ്‌ച അവസാനിച്ചു. കലക്ടറുടെ മോചനത്തിനുള്ള ചര്‍ച്ചകള്‍ക്കായി മുന്‍ ചീഫ്‌ സെക്രട്ടറിമാരായ നിര്‍മല ബുച്‌, എസ്‌.കെ. മിശ്ര എന്നിവരെ മധ്യസ്ഥരായി ഛത്തിസ്‌ഗഢ്‌ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ടെങ്കിലും ചര്‍ച്ച തുടങ്ങാന്‍ ഇതുവരെ സാധിച്ചിട്ടില്ല. സര്‍ക്കാര്‍ മധ്യസ്ഥരെ മാവോയിസ്റ്റുകള്‍ അംഗീകരിക്കുമോയെന്നും വ്യക്തമല്ല.

മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ ഒഡിഷയിലെ ബിജു ജനതാദള്‍ എം.എല്‍.എ ജിന ഹികാകയെ മാവോയിസ്റ്റുകള്‍ വിട്ടയച്ചു. ഒരു മാസത്തിലേറെയായി ബന്ദിയായി കഴിയുന്ന ഹികാകയെ രാവിലെ പത്തരയോടെയാണ്‌ മോചിപ്പിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക