Image

അതു ഞമ്മളാ (ലേഖനം: സാം നിലമ്പള്ളില്‍)

Published on 31 May, 2019
അതു ഞമ്മളാ (ലേഖനം: സാം നിലമ്പള്ളില്‍)
കേരളത്തിലെ ഓരോ ഇലക്ഷന്‍ കഴിയുമ്പോഴും രാഷ്ട്രീയ പാര്‍ട്ടികളുടെ വിജയത്തിനോ പരാജയത്തിനോ പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെട്ടുകൊണ്ട് ചില ജാതിമത സംഘടനകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. അവരെപറ്റി പറയുമ്പോള്‍ ബഷീറിന്റെ കഥാപാത്രമായ എട്ടുകാലി മമ്മൂഞ്ഞിനെയാണ് ഓര്‍മവരുന്നത്. നാട്ടിലെ അവിഹിത ഗര്‍ഭങ്ങളെല്ലാം ഏറ്റെടുക്കുന്ന മമ്മൂഞ്ഞിന്റെ വാക്കുകളാണ് ഉദ്ധരിക്കുന്നത്. നാട്ടിലെ ഏതെങ്കിലും പെണ്ണിന് അവിഹിത ഗര്‍ഭമുണ്ടായെന്ന് കേള്‍ക്കുമ്പോള്‍ മമ്മൂഞ്ഞ് പറയും. ‘അത് ഞമ്മാളാ.’

തുത്തുകുണുക്കി പക്ഷിയെപറ്റി കേട്ടിരിക്കുമല്ലോ. അത് തുത്തുകുണുക്കുമ്പോള്‍ ലോകംമൊത്തം കുലുങ്ങന്നുണെന്നാണ് പാവംപക്ഷി വിചാരിക്കുന്നത്. അതുപോലെയാണ് കേരളത്തിലെ ജാതിമത സംഘടനകള്‍. പണ്ട് ക്രിസ്തീയ മേലധ്യക്ഷന്മാര്‍ ഇലക്ഷനുമുന്‍പ് വിശ്വാസികള്‍ ആര്‍ക്ക് വോട്ടുചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്ന ഇടയലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. കുഞ്ഞാടുകള്‍ കല്‍പനകള്‍ അനുസരിക്കുന്നില്ലെന്നും തങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ടുചെയ്യുമെന്നും മനസിലാക്കിയപ്പോള്‍ ഇടയലേഖനങ്ങള്‍ പുറപ്പെടുവിക്കുന്ന പരിപാടി മെത്രാന്മാര്‍ നിറുത്തി.. കുഞ്ഞാടുകള്‍ മാത്രമല്ല ഇടയന്മാരും കമ്മ്യൂണിസ്റ്റുകാരുടെ മീറ്റിങ്ങുകളില്‍ പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ ഇടയലേഖനങ്ങള്‍ക്ക കടലാസിന്റെ വിലപോലും വിശ്വാസികള്‍ കല്‍പിക്കുന്നില്ലെന്ന് മനസിലാക്കി അവര്‍ മാനംരക്ഷിച്ചു.

ഈയൊരു സത്യം ഇനിയും മനസിലാക്കാത്ത ചില സംഘടനാനേതാക്കളാണ് എന്‍ എസ്സെസ്സിന്റെ തലവനായ സുകുമാരന്‍ നായരും എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളിയും. നായന്മാരും ഈഴവരും സ്വന്തമായി അഭിപ്രായം ഇല്ലാത്തവരും വിവരദോഷികളും ആണെന്നാണ് ഈ രണ്ടുനേതാക്കന്മാരും സങ്കല്‍പിച്ച് വച്ചിരിക്കുന്നത്. സുകുമാരന്‍ നായര്‍ പറഞ്ഞത് നോക്കൂ. തിരുവനന്തപുത്തും പത്തനംതിട്ടയിലും ബിജെപക്കും ബാക്കിയല്ലാ സ്ഥലങ്ങളിലും സമദൂരവും. ഈ രണ്ടുസ്ഥങ്ങളില്‍ ബിജെപി പരാജയപ്പെട്ടപ്പോള്‍ തങ്ങളുടെ നിര്‍ദേശങ്ങള്‍ക്ക് അനുയായികള്‍ പുല്ലുവില കല്‍പിക്കുന്നില്ലെന്ന്  മനസിലാക്കി അടുത്ത ഇലക്ഷനിലെങ്കിലും വായടക്കുവാനുള്ള വിവേകം അദ്ദേഹം കാണിക്കുമെന്ന് വിശ്വസിക്കുന്നു.

ആലപ്പുഴയില്‍ ആരിഫ് വിജയിച്ചത് തന്റെ വിജയമാണെന്ന് അവകാശപ്പെട്ടുകൊണ്ട് വെള്ളാപ്പള്ളി നടേശനും രംഗപ്രവേശനം ചെയ്തിരിക്കയാണ്. എട്ടുകാലി മമ്മൂഞ്ഞിനെ വീണ്ടും ഓര്‍മിപ്പിക്കയാണ് വെള്ളാപ്പള്ളി. ഈഴവരുടെ വോട്ടുകള്‍ മൊത്തം തന്റെ കീശയിലാണെന്ന് വിചാരിക്കുന്ന അദ്ദേഹം എന്തുകൊണ്ട് ഈവര്‍ക്ക് ‘ൂരിപക്ഷമുള്ള ആറ്റിങ്ങലില്‍ സമ്പത്തിനെ വിജയിപ്പിച്ചില്ല. അദ്ദേഹം തലമൊട്ടയടിച്ച് കാശിക്ക് പോവുകയാണ് കേരളജനതക്ക്, പ്രത്യേകിച്ചും ഈഴവര്‍ക്ക് നല്ലത്.

എന്‍ എസ്സെസ്സും എസ് എന്‍ഡിപിയും  രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിച്ച് കേരളഭരണം ഇപ്പോള്‍ പിടിക്കാമെന്ന് സ്വപനംകണ്ട ഒരു കാലമുണ്ടായിരുന്നു. എന്‍ഡിപിയെന്നും എസ് ആര്‍ പിയെന്നുമായിരുന്നു ആ പാര്‍ട്ടികളുടെപേര്. രണ്ടുപാര്‍ട്ടികളെയും നായന്മാരും ഈഴവരും കാലത്തിന്റെ ശവകല്ലറകളില്‍ അടക്കംചെയ്തിട്ടും കേരളഭരണമെന്ന മോഹത്തിന് വളമിട്ടുകൊണ്ടിരിക്കയാണ് ഈ സമുദായ നേതാക്കന്മാര്‍. കാലം മാറിയതും ഇരുപത്തൊന്നാം നൂറ്റാണ്ടിലാണ് തങ്ങള്‍ ജീവിക്കുന്നതെന്നും ഇവര്‍ ഇനിയും മനസിലാക്കിയിട്ടില്ല.

മുസ്‌ളീം യുവതീയുവാക്കള്‍ വിദ്യാസമ്പന്നര്‍ ആയിക്കൊണ്ടിരിക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മുസ്‌ളീംലീഗിന്റെ ആധിപത്യം അധിക നാള്‍ ഉണ്ടായിരിക്കയില്ലെന്ന് അതിന്റെ നേതാക്കന്മാരും തിരിച്ചറിയന്നത് നന്നായിരിക്കും. ലീഗിന്റെ വളര്‍ച്ച മേലോട്ടല്ല കീഴ്‌പോട്ടാണെന്ന് കഴിഞ്ഞ ഇലക്ഷനില്‍ തെളിഞ്ഞതാണ്. സ്വന്തം സമുദായത്തിന്റെ നന്മക്കുവേണ്ടി പ്രവര്‍ത്തിക്കേണ്ടതിനു പകരം തങ്ങള്‍ക്ക് ഒരു ശതമാനം പോലും സ്വാധീനമില്ലാത്ത  മേഘലകളില്‍ ആളാകാന്‍ ശ്രമിക്കുന്നത് ജനങ്ങളുടെ ഇടയില്‍ പരിഹാസ്യപാത്രമായി തീരാനെ ഇടയാക്കു.

പാവം, ശുദ്ധന്‍ പി എസ് ശ്രീധരന്‍ പിള്ള സുവര്‍ണാവസരം എന്നൊരു നിഷ്കളങ്കമായ വാക്ക് ഉച്ചരിച്ചതിന്റെ പേരില്‍ കേരളത്തിലെ ബജെപിക്കാര്‍ അദ്ദേഹത്തിന്റ മേല്‍ കുതിരകയറുകയാണ്. അദ്ദേഹം പറഞ്ഞത് വാസതവമല്ലേ? ശബരിമല പോലുള്ള ഒരു സുവര്‍ണാവസരം ബിജെപിക്ക് ഇനിയൊരിക്കലും കിട്ടാന്‍ പോകുന്നില്ല. ന്യൂനപക്ഷങ്ങളുടെ പിന്‍തുണ സമ്പാദിക്കാതെ ഈ പാര്‍ട്ടി കേരളത്തിലെ ഒരു സീറ്റിലും വിജയിക്കില്ല. നേമത്തുനിന്ന് രാജഗോപാല്‍ വിജയിച്ചത് അദ്ദേഹത്തിന് സിംപതിവോട്ട് കിട്ടിയതുകൊണ്ടാണ്. അനേകപ്രാവശ്യം ഇലക്ഷനില്‍ മത്സരിച്ചു തോറ്റ വന്ദ്യവയോധികനായ അദ്ദേഹത്തെ ഒരു പ്രാവശ്യമെങ്കിലും വിജയിപ്പിച്ചില്ലെങ്കില്‍ കഷ്ടമല്ലേയെന്ന് അവിടുത്തെ നിഷ്പക്ഷ വോട്ടര്‍മാര്‍ ചിന്തിച്ചതു  കൊണ്ടാണ് ബിജെപിക്ക് ഒരു എം എം എല്ലെയെ കിട്ടിയത്. ഒരിക്കല്‍ ചക്കവീണപ്പോള്‍ മുയല് ചത്തതുകൊണ്ട് എല്ലാപ്രാവശ്യവും അങ്ങനെ സംഭവിക്കണമെന്നില്ല.

ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസ്സ് വട്ടപൂജ്യമായത് എങ്ങനെയന്ന് നോക്കാം. ജനപ്രിയനായകനായിരുന്ന രാജശേഘര റെഡ്ഡിയെന്ന കോണ്‍ഗ്രസ്സ് നേതാവായിരുന്നു തെലുങ്കുദേശം പാര്‍ട്ടിയില്‍നിന്ന് സംസ്ഥാനത്തെ തിരിച്ചുപിടിച്ചത്. അദ്ദേഹത്തിന്റെ അകാലമരണത്തിനുശേഷം മകന്‍ ജഗന്‍മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചു. മുഖ്യമന്ത്രിസ്ഥാനം കൊടുത്തില്ലെങ്കിലും ഒരു മന്ത്രിസ്ഥാനംകൊടുത്ത് അദ്ദേഹത്തെ തൃപ്തിപ്പെടുത്താമായിരുന്നു. അതിനുപകരം ജഗനെ പാര്‍ട്ടിയില്‍നിന്നും പുകച്ചു പുറത്തു ചാടിക്കാനായിരുന്നു കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് കേരളത്തില്‍നിന്നുള്ള ഒരുനേതാവായിരുന്നു എന്നാണ് പറയപ്പെടുന്നത്. സോണിയ ഗാന്ധിക്ക് ബുദ്ധി ഉപദേശിച്ചു കൊടുത്തിരുന്ന പ്രസ്തുതനേതാവ് ആരാണെന്ന് പേരുപറയാതെതന്നെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. കോണ്‍ഗ്രസ്സ് രക്ഷപെടണമെങ്കില്‍ ഇത്തരം ബുദ്ധികേന്ദ്രങ്ങളെ രാഹുല്‍ അവഗണിക്കണം. 

ഇന്നിപ്പോള്‍ ജഗന്‍മോഹന്‍ ആന്ധ്ര തൂത്തുവാരിയത് നമ്മള്‍കണ്ടു.


സാം നിലമ്പള്ളില്‍.
samnilampallil@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക