മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് ഷൈന്‍ ടോം ചാക്കോ. കമലിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ച ഷൈന്‍ 2011ല്‍ ഗദ്ദാമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ഒരുപിടി നല്ല സിനിമകളില്‍ ഭാഗമാകാന്‍ ഷൈന്‍ സാധിച്ചു. ഷെയ്ന് നിഗം നായകനായി എത്തിയ ഇഷ്ക് എന്ന ചിത്രത്തില്‍ ഷൈന്‍ ഒരു ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
ഇഷ്കിന്റെ ഷൈന്റെ അഭിനയത്തെ അഭിനന്ദിച്ചു കൊണ്ട് വിഷ്ണു പി.എസ് എന്ന ആരാധകന് സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് എഴുതിയിരുന്നു. വിഷ്ണു എഴുതിയ കുറിപ്പിന് താഴെ ഷൈനെ പരിഹസിച്ചു കൊണ്ട് മറ്റൊരാള്‍ ഒരു കമന്റിട്ടിരുന്നു. ' നല്ല നടനാണെന്ന് വച്ച് പേഴ്സണല്‍ ആയ കാര്യങ്ങളില്‍ നല്ലത് വേണം എന്നില്ലല്ലോ നമുക്ക് അറിയാവുന്ന കാര്യമാണ്. പുള്ളിക്കെതിരായ കഞ്ചാവ് കേസ് ഉള്ളതാണ്'' എന്നായിരുന്നു പരിഹസിച്ചു കൊണ്ടുള്ള കമന്റ്.
ഈ കമന്റിന് താഴെ ഷൈന്‍ നല്കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കഞ്ചാവ് കേസല്ല തനിക്കെതിരെ കൊക്കെയ്ന്‍ കേസായിരുന്നു ഉള്ളതെന്നാണ് ഷൈന്‍ മറുപടി നല്‍കിയത്. 2015 ജനുവരിയിലാണ് നിരോധിത ലഹരിമരുന്നായ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപിച്ച് ഷൈനെയും മറ്റു 4 പേരെയും കൊച്ചിയിലെ ഒരു ഫ്ലാറ്റില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്.