Image

പീഡന വീരന്‍ ഫെമിനിസ്റ്റും കള്ളി ജഡ്ജിയുമാകുന്ന കാലം; വിനായകന്‍ എന്ന കള്ളനാണയവും വെളിപ്പെടുമ്പോള്‍

കലാകൃഷ്ണന്‍ Published on 03 June, 2019
പീഡന വീരന്‍ ഫെമിനിസ്റ്റും കള്ളി ജഡ്ജിയുമാകുന്ന കാലം; വിനായകന്‍ എന്ന കള്ളനാണയവും വെളിപ്പെടുമ്പോള്‍
മലയാള സിനിമയിലെ ബൗദ്ധീക പ്രവര്‍ത്തകരും ഇടത് സാംസ്കരിക പ്രവര്‍ത്തകരും നന്നായി ആഘോഷിച്ച ബിംബമാണ് വിനായകന്‍. കമ്മട്ടിപ്പാടം എന്ന സിനിമയാണ് വിനായകനെ ബിംബമാക്കിയത്. സംസ്ഥാന അവാര്‍ഡ് വിനായകന് ലഭിച്ചപ്പോള്‍ ഇതാ പുതിയൊരു നായകന്‍ എത്തിയെന്ന് ആവേശത്തോടെ പ്രേക്ഷകര്‍ പറഞ്ഞു. പിന്നീട് വിനായകനെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ സിനിമാ സംഘങ്ങളുമുണ്ടായി. ഇതെല്ലാം മലയാള ചലച്ചിത്ര ലോകത്തെ പോസിറ്റീവായ കാര്യങ്ങളായിരുന്നു. 
പബ്ലിക്ക് സ്പെയിസുകളില്‍ വിനായകന്‍ സ്വയം പുരോഗമന വാദിയായി. അക്രമിക്കപ്പെട്ട നടിക്കൊപ്പം നിലകൊണ്ടു. വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെ സപ്പോര്‍ട്ട് ചെയ്തു. ഇടത് സഹയാത്രികനായി. അയ്യങ്കാളിയുടെ അനുയായി. ഇതും പോസിറ്റീവായ കാര്യങ്ങളായിരുന്നു. 
കഴിഞ്ഞ ദിവസം വിനായകന്‍ നല്‍കിയ ചാനല്‍ അഭിമുഖത്തില്‍ വിനായകന്‍ രാജ്യത്ത് വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനെക്കുറിച്ച് ആശങ്കപ്പെട്ടു. കേരളത്തില്‍ ആര്‍.എസ്.എസ് വളരില്ലെന്ന് വിളിച്ചു പറഞ്ഞു. താന്‍ കമ്മ്യൂണിസ്റ്റ് സഹയാത്രികനാണെന്ന് വീണ്ടും പറഞ്ഞു. അതോടെ വിനായകന്‍ ഫേസ്ബുക്കില്‍ ആര്‍.എസ്.എസ് കാര്‍ പതിവ് ശൈലിയില്‍ ചീത്ത വിളിക്കാന്‍ എത്തി. അതോടെ വിനായകന്‍ തന്‍റെ ഫേസ്ബുക്കില്‍ അയ്യപ്പന്‍റെയും കാളിയുടെയും പടം പ്രൊഫൈല്‍ പിക്ചറാക്കി. അയ്യപ്പനെയും കാളിയെയും കണ്ട് എങ്ങനെ ആര്‍.എസ്.എസ്കാര്‍ക്ക് അവിടെ തന്നെ ചീത്ത എഴുതി വെക്കാന്‍ കഴിയും. സംഘികള്‍ ചമ്മിപ്പോയി. ഇതോടെ ബുദ്ധിജീവികളും ആരാധകരും വീണ്ടും വിനായകനെ പുകഴ്ത്താന്‍ തുടങ്ങി. അയ്യനും കാളിയും ചേര്‍ന്ന് അയ്യന്‍ങ്കാളിയെയാണ് വിനായകന്‍ ഉദ്ദേശിച്ചതെന്നും വിനായകന്‍ വേറെ ലെവല്‍ ആണെന്നും, കിടിലം ആണെന്നും ഭയങ്കരമാന ബുദ്ധിജീവിയാണെന്നുമൊക്കെ പുകുഴ്ത്തല്‍ തുടങ്ങി. സാക്ഷാല്‍ ദീപാ നിശാന്ത് വിനായകനെ പോലെ ലോകത്ത് വെറൊരു കക്ഷിയില്ലെന്ന് തട്ടിവിട്ടു. 
പക്ഷെ എന്താ കഥ. മണിക്കൂറുകള്‍ കഴിയുന്നതിന് മുമ്പു തന്നെ മൃദുലദേവി ശശിധരന്‍, ദിനു വെയില്‍ എന്നീ ദളിത് നേതാക്കള്‍ തങ്ങള്‍ക്ക് വിനായകനില്‍ നിന്ന് നേരിട്ട മോശം അനുഭവം തെളിവ് സഹിതം നിരത്തിക്കൊണ്ട് രംഗത്ത് വന്നു. അതോടെ കേമന്‍റെ മുഖംമൂടി അഴിഞ്ഞു വീണു. പട്ടാപ്പകല്‍ അക്രമിക്കപ്പെട്ട നടിയെ അനുകൂലിച്ച് എത്തിയവന്‍ ഇരുട്ട് വീണാല്‍ വെറും സ്ത്രീവിരുദ്ധനും ക്രിമിനലുമാണെന്ന് തെളിഞ്ഞു. 
ഒരു പോഗ്രാമിന് ക്ഷണിക്കാന്‍ വിളിച്ച മൃദുലദേവി എന്ന ദളിത് നേതാവിനോട്, എനിക്കൊപ്പം ലൈംഗീക വേഴ്ചയ്ക്ക് വന്നാല്‍ പോഗ്രാമിന് വരാമെന്നാണ് വിനായകന്‍ പറഞ്ഞത്. മാത്രമല്ല മൃദുലയോട് അവരുടെ അമ്മയെക്കൂടി തനിക്ക് വേഴ്ചക്ക് വേണമെന്ന് വിനായകന്‍ പറയുകയും ചെയ്തു. ഇതൊക്കെ അവര്‍ തെളിവ് സഹിതം ഫേസ്ബുക്കില്‍ എഴുതിയിട്ടുണ്ട്. ഓര്‍ക്കണം മൃദുല ഒരു ദളിത് നേതാവാണ്. സ്ഥിരമായി ദളിത് പ്രശ്നങ്ങളില്‍ ഇടപെടുകയും പൊതുമണ്ഡലത്തില്‍ ദളിതര്‍ക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്ന ഒരു ദളിത വനിതയുടെ എല്ലാ സമ്മര്‍ദ്ദങ്ങളിലൂടെയും കടന്നുവന്നിട്ടുള്ള ഒരാണ് മൃദുല. അങ്ങനെയൊരാളോടാണ് അയ്യങ്കാളിയുടെ അനുയായി എന്ന് സ്വയം വിളിക്കുന്ന വിനായകന്‍ ഈജ്ജാതി ലൈംഗീക അധിക്ഷേപം നടത്തിയത്. 
അയ്യങ്കാളിയെ മനസിലാക്കാന്‍ വിനായകന്‍ ഒരു ചരിത്രത്തിന്‍റെ കാലം പിന്നോട്ട് നടന്ന് മുന്നോട്ടു വരേണ്ടതുണ്ട് എന്ന് മാത്രമേ പറയാനുള്ളു. വിനായകനും മേജര്‍ രവിക്കും ഒരേ ബുദ്ധിയെ ഉള്ളു. ചൂഷകന്‍റെ ബുദ്ധി. അധികാരിയുടെ ചെരുപ്പ് നക്കാനുള്ള ബുദ്ധി. 
എന്നാല്‍ മറ്റൊരവസരത്തില്‍ കുട്ടികളുടെ പോഗ്രാമിലേക്ക് വിനായകന്‍ അതിഥിയായി എത്താമോ എന്ന് ചോദിച്ചെത്തിയ ദിനു വെയിലിനോട് പ്രകൃതി വിരുദ്ധ ലൈംഗീക വേഴ്ചയാണ് വിനായകന്‍ ആവശ്യപ്പെട്ടത്. 
എന്തായാലും മൃദുലയും ദിനു വെയിലും അനുഭവങ്ങള്‍ തുറന്നു പറഞ്ഞതോടെ നിരവധിപ്പേരാണ് വിനായകനെതിരെ രംഗത്ത് വന്നത്. 
ഇതൊക്കെയാണ് സത്യത്തിലെ വിനായകന്‍. ബാക്കിയൊക്കെ അയാളുടെ കള്ളത്തരമായിരുന്നു, മുഖംമൂടിയായിരുന്നു. പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിക്കപ്പെടും എന്നത് പോലെ അയാളും പിടിക്കപ്പെട്ടു. 
അപ്പോഴും സ്ത്രീ സമത്വത്തിന് വേണ്ടി വാദിക്കുന്ന വിമന്‍ ഇന്‍ സിനിമാ കളക്ടീവ് വിനായകനെതിരെ ഒന്നും പറഞ്ഞില്ല. ഫെമിനിസത്തിന്‍റെ മൊത്തക്കച്ചവടം ഏറ്റെടുത്തിരിക്കുന്ന ആഷിക് അബു, റീമാ കല്ലുങ്കല്‍, പാര്‍വതി തിരുവോത്ത്, ശ്യാം പുഷ്കരന്‍ തുടങ്ങിയ നവ സിനിമക്കാര്‍ ആരും തന്നെ വിനായകനെതിരെ മിണ്ടിയില്ല. കാരണം വിനായകന്‍ അവരുടെ സുഹൃത്താണ്. തന്‍റെ സുഹൃത്ത് പെണ്ണിനെ ബലാല്‍സംഗം ചെയ്താല്‍ അത് കമ്മ്യൂണിസവും മറ്റാരെങ്കിലും ചെയ്താല്‍ പുരുഷാധിപത്യവുമാകുന്ന രീതിയാണ് ആഷിക് അബുവിന്‍റെ സിനിമാ സെറ്റിലുള്ളത് എന്ന് തോന്നുന്നു. ഇതൊരുതരം മനോരോഗമാണ് സഖാക്കളെ. 
ഇനിയിപ്പോള്‍ വിനായകന്‍റെ സപ്പോര്‍ട്ടേഴ്സ് ആരൊക്കെയാണെന്ന് നോക്കാം. തീര്‍ച്ചയായും ദിപാ നിശാന്ത് അവര്‍കള്‍ വിനായകനെ അകമഴിഞ്ഞ് പുകഴ്ത്തിയിരിക്കുന്നു. വിനായകന്‍റെ ബുദ്ധികണ്ട് കോരിത്തരിച്ചിട്ട് വയ്യ എന്നൊക്കെയാണ് മറ്റൊരു ബുദ്ധിജീവിയായ ദിപാ നിശാന്ത് തട്ടിവിട്ടത്. ഇവരൊക്കെ അല്ലെങ്കിലും ഒരു നുകത്തില്‍ കെട്ടാവുന്ന കാളകളാണ്.  അതുപോലെ തന്നെയാണ് വിനായകനും. മൂപ്പര്‍ക്ക് പെണ്ണുങ്ങളെന്ന് വെച്ചാല്‍ വെറും ഭോഗത്തിനുള്ള ശരീരം മാത്രമാണ്. എന്നാല്‍ പട്ടാപ്പകല്‍ വെറുതെ കുത്തിയിരുന്ന് ഫെമിനിസം പറയും.  ആവോ.. ആര്‍ക്കറിയാം. എന്തായാലും നവകാലത്തെ ഇടത് സഹയാത്രികര്‍ ഒന്നിനൊന്ന് മെച്ചമാണ് കേരളത്തില്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക